Skip to main content

പകര്‍ച്ചാവ്യാധി പ്രതിരോധം: പള്ളികളില്‍ബോധവത്കരണ നോട്ടീസ്‌ബോര്‍ഡുകള്‍സ്ഥാപിക്കും

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയ്ക്കലിലെ പള്ളികളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പ്രത്യേകബോധവത്കരണ നോട്ടീസ്‌ബോര്‍ഡുകള്‍ സ്ഥാപിക്കും. അടുത്ത വെള്ളിയാഴ്ച പ്രാര്‍ത്ഥനയോട് അനുബന്ധിച്ച് മതപണ്ഡിതരുടെ നേതൃത്വത്തില്‍ ശുചിത്വ ബോധവത്കരണം നല്‍കാനും തീരുമാനമായി. പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും പണ്ഡിതരുടെയും യോഗത്തിലാണ് തീരുമാനം. പള്ളികളില്‍ നോമ്പുതുറ സമയത്ത് തിളപ്പിച്ചാറിയ വെള്ളമോ അതുപയോഗിച്ചുണ്ടാക്കിയ പാനീയങ്ങളോ മാത്രമേ കുടിക്കാനായി നല്‍കൂ. ഭക്ഷണം വിളമ്പാന്‍ സ്റ്റീല്‍ പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
വ്യക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ഏറെ പ്രധാന്യ മര്‍ഹിക്കുന്നതാണെന്നും മഹല്ല് നേതൃത്വം ബോധവത്കരണത്തിന് മുന്‍ കയ്യെടുത്താല്‍ വളരെ പെട്ടെന്ന് തന്നെ പകര്‍ച്ചാവ്യാധികളെ നിയന്ത്രിക്കാനാവുമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍ പറഞ്ഞു. യോഗത്തില്‍ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലവി തൈക്കാട്ട്, മുനിസിപ്പല്‍സെക്രട്ടറി എ. നൗഷാദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സെയ്ദ് ഫസല്‍, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍മാരായ ഷാജില്‍കുമാര്‍, ബാലകൃഷ്ണന്‍, വിവിധ മഹല്ല് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍തുടങ്ങിയവര്‍ സംബന്ധിച്ചു.

date