Skip to main content

കോവിഡ് മൂന്നാം തരംഗം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം

 

കോവിഡ് മൂന്നാം തരംഗം ഒഴിവാക്കുന്നതിന് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത അറിയിച്ചു.
കോവിഡിനെതിരെയുള്ള അടിസ്ഥാന പ്രതിരോധമാര്‍ഗങ്ങളായ ഇരട്ട മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പ്, സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായി പാലിക്കണം. വാക്‌സിനേഷന്‍ ലഭ്യമായ ആദ്യ അവസരത്തില്‍ തന്നെ സ്വീകരിക്കണം. വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷവും കര്‍ശനമായി എസ്.എം.എസ്. പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അനാവശ്യ യാത്രകള്‍ ഒഴിവാക്കി കഴിയുന്നതും വീടിനുള്ളില്‍  സുരക്ഷിതമായി ഇരിക്കണം. മുതിര്‍ന്ന പൗരന്മാരും, കുട്ടികളും, അനുബന്ധ രോഗങ്ങള്‍ ഉള്ളവരും പൊതു ജനസമ്പര്‍ക്കം ഒഴിവാക്കണം. ബന്ധുവീടുകളിലേക്കും സുഹൃത്തുക്കളുടെ വീടുകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുക. കുട്ടികള്‍ അടുത്ത വീടുകളിലെ മറ്റ് കുട്ടികളുമായി നേരിട്ട് സമ്പര്‍ക്കം വരുന്ന രീതിയിലുള്ള വിനോദങ്ങള്‍(ഗ്രൂപ്പ് ഗെയിംസ്) ഒഴിവാക്കണം. പൊതുജന സമ്പര്‍ക്കമുള്ള മുതിര്‍ന്ന അംഗങ്ങള്‍ കുട്ടികളെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും പൂര്‍ണ്ണമായും ഒഴിവാക്കുക. കുട്ടികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അനുബന്ധരോഗ സങ്കീര്‍ണ്ണതകളുള്ളവര്‍ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കുകയും ഇ-സഞ്ജീവനി ഉള്‍പ്പെടെയുള്ള  ടെലി മെഡിസിന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കേണ്ടതുമാണ്.

പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രതലങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കുന്നതും അനാവശ്യ സംസാരവും ഭക്ഷണ പാനീയങ്ങളുടെ ഉപയോഗവും ഒഴിവാണം. വാഹനത്തില്‍ കയറിയതിന് ശേഷവും ടിക്കറ്റ് വാങ്ങിയതിന് ശേഷവും കൈകള്‍ അണുവിമുക്തമാക്കണം. യാത്രാവേളയില്‍ പരമാവധി സാമൂഹിക അകലം പാലിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്രകള്‍  ഒഴിവാക്കണം.

ഷോപ്പിംഗ് നടത്തുന്നവര്‍ സ്ഥാപനങ്ങളില്‍ വെച്ചിട്ടുള്ള സന്ദര്‍ശക രജിസ്റ്ററില്‍ പേരും വിവരങ്ങളും  രേഖപ്പെടുത്തേണ്ടതും തിരക്ക് ഒഴിവാക്കി സാമൂഹ്യ അകലം പാലിക്കേണ്ടതും ഇടയ്ക്കിടെ കൈകള്‍ അണുവിമുക്തമാക്കേണ്ടതുമാണ്. ഒരേസമയം കടകളില്‍ പ്രവേശിക്കുന്ന സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തണം. ഇടയ്ക്കിടെയുള്ള ഷോപ്പിങുകള്‍ ഒഴിവാക്കി ആവശ്യമുള്ള സാധനങ്ങള്‍ ഒറ്റ അവസരത്തില്‍ തന്നെ വാങ്ങുന്നതാണ് ഉചിതം. പണമിടപാടുകള്‍ കൂടുതലും ഓണ്‍ലൈനായി നടത്താന്‍ ശ്രമിക്കേണ്ടതാണ്.

 ഓഫീസില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കണം. ഫയലുകള്‍ കൈമാറുന്നതിന് ശേഷവും പൊതു ശൗചാലയങ്ങള്‍ ഉപയോഗിച്ചതിനു ശേഷവും കൈകള്‍ അണുവിമുക്തമാക്കേണ്ടതാണ്. കല്യാണം, മരണം മുതലായ ചടങ്ങുകള്‍ നടത്തുന്നതിന് മുമ്പായി ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതും പങ്കെടുക്കുന്നവരുടെ എണ്ണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്.

പനി, ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും നഷ്ടപ്പെടുക തുടങ്ങിയ  കോവിഡ് അനുബന്ധ ലക്ഷണങ്ങളുള്ളവര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ച് എത്രയും പെട്ടെന്ന് കോവിഡ് പരിശോധനക്ക് വിധേയമാകേണ്ടതാണ്.

 

date