Skip to main content

സീറോവേസ്റ്റ് കോഴിക്കോട് : സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇനി തുണിസഞ്ചികള്‍

കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്ലാസ്റ്റിക് ക്യാരിബാഗ് നിയന്ത്രണത്തിന്റെ ഭാഗമായി ജനുവരി 26 മുതല്‍ ഒന്നാം ഘട്ടത്തില്‍ പ്ലാസ്റ്റിക് ക്യാരിബാഗ് നിര്‍ത്തലാക്കിയതിനാല്‍ ദിവസം ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യം കുറഞ്ഞു. രണ്ടാംഘട്ടം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ തുണിസഞ്ചിയിലേക്ക് മാറണമെന്ന ജില്ലാഭരണകൂടത്തിന്റേയും കോര്‍പ്പറേന്റെയും അഭ്യര്‍ത്ഥന മാനിച്ച് ഇവ നടപ്പില്‍ വരുത്തുന്നതിന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തയ്യാറാവുകയാണ്. 

നിറവ് വേങ്ങേരിയുമായി സഹകരിച്ചാണ് തുണിസഞ്ചി നല്‍കുന്നത്. തുണിസഞ്ചിയ്ക്ക് 15 രൂപ വീതം ഈടാക്കി ഗുണഭോക്താവിന് ലഭ്യമാക്കുന്നവിധത്തിലുളള പ്രവര്‍ത്തനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. തുണിസഞ്ചികള്‍ ഉപഭോക്താവിന് ആവശ്യം കഴിഞ്ഞ് തിരിച്ചേല്‍പ്പിക്കണമെങ്കില്‍ അഴുക്കാക്കാതെ അതത് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തന്നെ തിരിച്ചു നല്‍കി പണം കൈപ്പറ്റാം, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും നല്‍കിവരുന്ന സ്ഥാപനത്തിന്റെ പേര് പ്രിന്റ് ചെയ്ത പാക്കിംഗ് കവര്‍ വൃത്തിയായി തിരികെ അതത് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഗുണഭോക്താവിന് സൗജന്യമായി ഏല്‍പ്പിക്കാനുളള സൗകര്യവും ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ നിറവ് വേങ്ങേരിയുടെ പുനഃചക്രമണ യൂണിറ്റിന് കൈമാറും.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് ജൂണ്‍ അഞ്ച് മുതല്‍ തുണിസഞ്ചി ലഭ്യമാക്കുന്നത്. മൂന്നാം ഘട്ടമായി ജില്ലയിലെ മുഴുവന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്ലാസ്റ്റിക് ക്യാരിബാഗിന് പകരം തുണിസഞ്ചി എന്ന ആശയം പ്രാവര്‍ത്തികമാക്കും. ജില്ലാ കലക്ടര്‍ യു.വി ജോസ് കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ തുണിസഞ്ചി വിതരണം എസ്.ഡബ്ലു.എ.കെ ജില്ലാ പ്രസിഡണ്ട് വി. മുസ്തഫക്കയ്ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു എസ്.ഡബ്ലു.എ.കെ ജന, സെക്രട്ടറി കെ.എം.ഹനീഫ, കെ.സജിത്ത്, ടി.കെ മോഹനന്‍, ബാബു പറമ്പത്ത്, കെ.എംഹാസിഫ്, ഷരിഫ് പി.കെ, യഹിയ്യ ടി.കെ കെ.ജാബിന്‍ കൊടുവളളി പങ്കെടുത്തു. 

date