ഡെങ്കിപ്പനി തടയുന്നതിന് കൊതുകു നിയന്ത്രണം ഉറപ്പാക്കണം; രോഗം വീണ്ടും വരുന്നത് അപകടകരം: ഡിഎംഒ(ആരോഗ്യം)
ഡെങ്കിപ്പനി പകരുന്നത് തടയുന്നതിന് കൊതുകു നിയന്ത്രണം ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനി ആവര്‍ത്തിച്ചുണ്ടാകുന്നത് അപകടകരമാണ്. ഡെങ്കിപ്പനിയുടെ നാലുതരം വൈറസുകള്‍ നിലവിലുണ്ട്. കൊതുകുകളാണ് വൈറസുകളെ മനുഷ്യശരീരത്തില്‍ എത്തിക്കുന്നത്. ഏതെങ്കിലും ഒരു ഇനം വൈറസ് ബാധിച്ച് പനി ഉണ്ടായവരില്‍ വീണ്ടും കൊതുകു കടിയിലൂടെ മറ്റൊരു വൈറസ് എത്തുകയാണെങ്കില്‍ അവര്‍ക്ക് രക്തസ്രാവത്തോടു കൂടിയ ഡെങ്കിപ്പനി ഉണ്ടാകാം. മനുഷ്യ ശരീരത്തില്‍ കടന്ന ഡെങ്കി വൈറസിനെ നശിപ്പിക്കാന്‍ നിലവില്‍ മരുന്നില്ല. പ്രതിരോധിക്കാന്‍ വാക്സിനുമില്ല. കൊതുക് നിയന്ത്രണം മാത്രമാണ് രോഗ പകര്‍ച്ച തടയുന്നതിനുള്ള ഏക പോംവഴി.
പ്രതിരോധം വീട്ടില്‍ നിന്ന് തുടങ്ങണം
ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത് വീട്ടിനുള്ളിലും പരിസരത്തും അശ്രദ്ധമൂലം നാം തന്നെ ഒരുക്കി കൊടുക്കുന്ന കെട്ടികിടക്കുന്ന ജലത്തിലുമാണ്. ഈ സ്ഥലങ്ങള്‍ കണ്ടെത്തി കൂത്താടികളെ നശിപ്പിക്കുകയാണ് ഏറ്റവും എളുപ്പവും ഫലപ്രദവും.
വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍, ഫിഡ്ജിന്‍റെയും കൂളറിന്‍റെയും അടിഭാഗത്തുള്ള ട്രേ, ടെറസ്, സണ്‍ഷേയ്ഡ് എന്നിവിടങ്ങളിലെല്ലാം കൊതുക് മുട്ടയിട്ടു പെരുകുന്നതിന് സാധ്യതയുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ ഇവ വെള്ളം നീക്കി കളഞ്ഞ് ശുചീകരിക്കണം.
അടപ്പില്ലാത്ത വെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ കൊതുകുവല കൊണ്ടു മൂടണം.
മരപ്പൊത്തുകള്‍ മണ്ണിട്ട് അടയ്ക്കണം.
ചിരട്ട, ടിന്ന്, മുട്ടത്തോട്, തൊണ്ട്, പ്ലാസ്റ്റിക് കൂട്, കപ്പ്, ചെടിച്ചട്ടി, കേടായ കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കണം.
റബര്‍ പാല്‍ ശേഖരിക്കാന്‍ വച്ചിട്ടുള്ള ചിരട്ട, കപ്പ് എന്നിവ ആവശ്യത്തിനു ശേഷം കമിഴ്ത്തി വയ്ക്കണം.
സെപ്റ്റിക് ടാങ്കിന്‍റെ വെന്‍റ് പൈപ്പിന്‍റെ അഗ്രത്തില്‍ കൊതുകുവല ചുറ്റണം.
വീടുകളോടൊപ്പം പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും ശുചീകരണവും നടത്തണം.
രോഗം വന്നാല്‍
കടുത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കണ്ണിനു പുറകില്‍ വേദന, തൊലിപ്പുറത്ത് പാടുകള്‍ എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ഏതു പനി വന്നാലും ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ശാസ്ത്രീയമായ ചികിത്സയ്ക്ക് വിധേയമാകണം. രോഗി പരമാവധി സമയം കൊതുക് വലയ്ക്കുള്ളില്‍ തന്നെ കഴിയണം. ധാരാളം പാനീയങ്ങള്‍ കുടിക്കുകയും ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലം വരെ വിശ്രമിക്കുകയും വേണം.
ആറډുളയില്‍ ബോധവത്കരണ ക്ലാസ് നടത്തി
ആറډുള പഞ്ചായത്തില്‍ നടക്കുന്ന ഊര്‍ജിത ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 13-ാം വാര്‍ഡിലുള്ള ഗുരുമന്ദിരത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അയിഷാ പുരുഷോത്തമന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു.
അയല്‍സഭ വാര്‍ഡ് കണ്‍വീനര്‍ സലിം റാവുത്തര്‍, കുടുംബശ്രീ എഡിഎസ് സെക്രട്ടറി രമണി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ആഷ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് മറിയാമ്മ എന്നിവര്‍ ക്ലാസ് നയിച്ചു. രോഗലക്ഷണമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും സ്വയം ചികിത്സ അപകടകരമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. (പിഎന്‍പി 1484/18)
- Log in to post comments