Skip to main content

ഡി സിനിമാസ് ഭൂമി കൈയേറ്റമില്ല

ചാലക്കുടി ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മിച്ചതാണെന്നുകാട്ടി നടന്‍ ദിലീപിനെതിരേ അഡ്വ. കെ.സി. സന്തോഷ് സമര്‍പ്പിച്ച പരാതി ജില്ലാ ഭരണകൂടം തള്ളി. തൃശൂര്‍ കളക്ടറേറ്റ് എല്‍ആര്‍ വിഭാഗം ഡെപ്യൂട്ടി കളക്ടരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഉദ്യോഗസ്ഥ സംഘം നടത്തിയ സൂക്ഷ്മ പരിശോധനയ്‌ക്കൊടുവിലാണ് പരാതി ജില്ലാ കളക്ടര്‍ തള്ളിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് അനുസരിച്ച് തൃശൂര്‍ ജില്ലാ കളക്ടറായിരുന്ന ഡോ. എ. കൗശിഗന്‍ ഇതു സംബന്ധിച്ച് വിചാരണ നടത്തുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. ചാലക്കുടി താലൂക്ക്, കിഴക്കേ ചാലക്കുടി വില്ലേജ് സര്‍വേ 680/1, 681/1 എന്നിവയില്‍പ്പെട്ട ഭൂമി നടന്‍ ദിലീപ് കൈയേറിയെന്നായിരുന്നു പരാതി. ഈ സര്‍വേ നമ്പറുകളില്‍പ്പെട്ട ഭൂമി ജന്മാവകാശം സിദ്ധിച്ച ഭൂമിയായാണ് രേഖകളില്‍ കാണുന്നത്. ഇതില്‍ സര്‍വേ 680/1 വലിയതമ്പുരാന്‍ കോവിലകം എന്ന പേരില്‍ ജന്മാവകാശം ഉണ്ടായിരുന്നതാണ്. പ്രസ്തുത ഭൂമി ഇപ്പോഴും രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്ന നിഗമനത്തിലായിരുന്നു അഡ്വ. കെ.സി. സന്തോഷിന്റെ പരാതി. എന്നാല്‍ ഭൂമി ഇപ്പോഴും രാജകുടുംബത്തിന്റേതാണ് തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ ഒന്നും അന്വേഷണത്തില്‍ ലഭ്യമായില്ല. കൂടാതെ പരാതിക്കാരനോ മറ്റു കക്ഷികള്‍ക്കോ ഇതു സംബന്ധിച്ച രേഖകളൊന്നും ഹാജരാക്കാനും സാധിച്ചില്ല. രാജകുടുംബത്തിന്റെ വസ്തുവഹകള്‍ കൈകാര്യം ചെയ്യുന്നതിനായി അധികാരപ്പെടുത്തിയ തൃപ്പൂണിത്തുറയിലെ പാലസ് അഡ്മിനിസ്‌ട്രേഷന്‍ ബോര്‍ഡ് കിഴക്കേ ചാലക്കുടി വില്ലേജ് സര്‍വേ 680/1, 681/1 എന്നിവയില്‍ ഭൂ സ്വത്തുക്കള്‍ ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സര്‍വേ 680/1 ലെ മൊത്ത വിസ്തീര്‍ണം 82 സെന്റ് മാത്രമാണെന്ന പരാതിയില്‍ വിസ്തീര്‍ണം ഒരു ഏക്കര്‍ 82 സെന്റ് ആണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. സര്‍വേ നമ്പര്‍ 681/1 മുപ്പത്തിയഞ്ച് സെന്റ് ഭൂമി 1908 തയാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ പുറമ്പോക്കായി രേഖപ്പെടുത്തിയിട്ടുള്ളത് 1922ല്‍ പണ്ടാരവക വെറുമ്പാട്ടം (ജന്മം) ആയി പതിച്ചു നല്‍കിയതാണെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് നടന്‍ ദിലീപിനെതിരായ പരാതി തള്ളി ജില്ല കളക്ടര്‍ ഉത്തരവിട്ടത്. ജില്ലാ സര്‍വേ സൂപ്രണ്ട് ഓഫീസ്, ചാലക്കുടി താലൂക്ക് ഓഫീസ്, ചാലക്കുടി സബ് രജിസ്ട്രാര്‍ ഓഫീസ്, കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസ്, ലാന്റ് ട്രിബ്യൂണല്‍, തൃശൂര്‍ നാഷണല്‍ ഹൈവേ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസ്, പുരാരേഖാ വകുപ്പ്, തൃപ്പൂണിത്തുറ പാലസ് അഡ്മിനിസ്‌ട്രേഷന്‍ ബോര്‍ഡ് എന്നീ ഓഫീസുകളില്‍ നിന്നുള്ള രേഖകളാണ് പരിശോധിച്ചത്.

date