മഴക്കാലരോഗങ്ങള്‍ക്കെതിരെ സുരക്ഷാ സജ്ജീകരണങ്ങളൊരുക്കി ആരോഗ്യവകുപ്പ്
മഴക്കാലരോഗങ്ങള്‍ക്കെതിരെ സുരക്ഷാ സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പ് ജില്ലയില്‍ സുസജ്ജം. പകര്‍ച്ചപ്പനി, വയറിളക്കം എന്നിവയ്‌ക്കെതിരെ അതീവജാഗ്രത നിര്‍ദ്ദേശങ്ങളും ചികിത്സാ സജ്ജികരണങ്ങളുമായാണ് വകുപ്പ് മഴക്കാല രോഗപ്രതിരോധത്തിന് തയ്യാറായിരിക്കുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കൊതുകുകളുടെ ഉറവിട നശീകരണം, ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ പ്രാഥമിക, താലൂക്ക്, ജില്ലാആരോഗ്യകേന്ദ്രങ്ങളിലും പനിക്ലിനിക്കുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളംകെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും മറ്റ് സമാനസാഹചര്യങ്ങളിലും ജോലിചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് എലിപ്പനി പ്രതിരോധിക്കുന്നതിനായി പ്രത്യേക പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലിബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം അംഗന്‍വാടികള്‍, കുടുംബശ്രീയൂണിറ്റുകള്‍ എന്നിവയെയും ബോധവല്‍ക്കരണപരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.. വയറിളക്കരോഗ നിയന്ത്രണ വാരാചരണം കൃത്യമായി നടപ്പിലാക്കി വരുകയാണ്. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ ആരോഗ്യപരിപാലനം തൃപ്തികരമാണെന്നും മഴക്കാലരോഗങ്ങള്‍ നിയന്ത്രണവിധേയമാണെന്നും അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ നേരിടുന്നതിന് എല്ലാസജ്ജികരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് ഡോ. ബേബി ലക്ഷ്മി അറിയിച്ചു.
- Log in to post comments