Skip to main content

ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മാണോദ്ഘാടനം

കുന്നംകുളം നഗരസഭ ഹോമിയോ ഡിസ്‌പെന്‍സറിയുടെ കെട്ടിട നിര്‍മാണോദ്ഘാടനം വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രതിരോധ മരുന്നുകള്‍ക്കായി ഹോമിയോപ്പതി ചികിത്സ തേടുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കും പുതിയ ഡിസ്‌പെന്‍സറിയെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കൈയെടുത്ത നഗരസഭ ജീവനക്കാരെ എംഎല്‍എ പ്രത്യേകം അഭിനന്ദിച്ചു. 
    എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 30 ലക്ഷം രൂപയാണ് ഡിസ്‌പെന്‍സറിയുടെ നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണു പദ്ധതി നിര്‍വഹണം നടത്തുന്നത്. ഇ-ടെണ്ടര്‍ പ്രകാരം 26,65,799 രൂപയ്ക്കാണു കരാറുകാരന്‍ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. 1622 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ ഒറ്റനിലയിലാണു കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടത്തില്‍ കണ്‍സള്‍ട്ടിംഗ് റൂം, ഫാര്‍മസി റെസ്റ്റ് റൂം, സ്റ്റാഫ് റൂം, ഹാള്‍, സ്റ്റോര്‍ റൂം, രണ്ട് അറ്റാച്ച്ഡ് ടോയ്‌ലറ്റുകള്‍, ഒരു കോമണ്‍ ടോയ്‌ലറ്റ്, സ്‌റ്റെയര്‍ റൂം, വരാന്ത, റാമ്പ് എന്നിവ ഉള്‍പ്പെടുത്തിയാണു നിര്‍മാണം. കെട്ടിടത്തിന്റെ ചുറ്റുമതില്‍ ഗേറ്റ് എന്നിവ നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആറ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു. 
    നഗരസഭയ്ക്കു സമീപം 25 വര്‍ഷത്തിലധികം പഴക്കമുള്ള ഹോമിയോ ഡിസ്‌പെന്‍സറിയുടെ ശോചനീയാവസ്ഥയെ തുടര്‍ന്നാണ് പുതിയ ഡിസ്‌പെന്‍സറിയുടെ ആവശ്യകതയുണ്ടായത്. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ശശി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ ഗംഗാധരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ആലിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്കു ആശംസകള്‍ നേര്‍ന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ് പരിപാടിക്ക് സ്വാഗതവും കുന്നംകുളം അസി. എക്‌സി. എന്‍ജിനീയര്‍ നന്ദിയും പറഞ്ഞു. 

date