Skip to main content

സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ച് വർഷത്തിനുള്ളിൽ വീട് ഉറപ്പുവരുത്തും: മുഖ്യമന്ത്രി

കേരളത്തിലെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ച് വർഷത്തിനുള്ളിൽ വീട് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന അയ്യൻകാളി ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി നല്ല രീതിയിൽ മുന്നോട്ടു പോവുകയാണ്.
സർക്കാർ ജോലിയിൽ പട്ടികജാതി വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ സമയബന്ധിതമായ നടപടി സ്വീകരിക്കും. ഓൺലൈൻ വിദ്യാഭ്യാസവും എല്ലാവർക്കും ഉറപ്പാക്കും. ആദിവാസി ഊരുകളിൽ ഉൾപ്പെടെ ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ചിലയിടങ്ങളിൽ കണക്റ്റിവിറ്റി പ്രശ്‌നങ്ങളുണ്ട്. എല്ലായിടത്തും കണക്റ്റിവിറ്റി ലഭ്യമാക്കുമെന്ന് സർവീസ് പ്രൊവൈഡർമാർ സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ നീങ്ങുന്നു. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൊഴിൽ നൈപുണ്യ പരിശീലനം നൽകി തുടർ പ്‌ളേസ്‌മെന്റ് പദ്ധതി പ്രകാരം 20,000 പേർക്ക് തൊഴിൽ ഉറപ്പാക്കും. പട്ടികജാതി പട്ടികവർഗ സഹകരണ സംഘങ്ങൾ പുനരുജ്ജീവിപ്പിച്ച് കുടിശികകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിന് നടപടിയുണ്ടാകും.
ആദിവാസി വിഭാഗങ്ങളിലെ കൗമാരക്കാർ, ഗർഭിണികൾ, അറുപത് വയസ് കഴിഞ്ഞവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് പോഷകാഹാരം ലഭിക്കുന്നതിനുള്ള ഭക്ഷ്യപദ്ധതി നടപ്പാക്കും. തിരുവനന്തപുരം പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുകയും കൂടുതൽ സീറ്റുകൾ ഉറപ്പാക്കുകയും ചെയ്യും. പട്ടികജാതി സംരംഭകർക്കായി ഗ്രീൻ സ്റ്റാർട്ട് അപ്പ് പദ്ധതികൾ ആരംഭിക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ യുവ ഗവേഷകർക്ക് പ്രത്യേക ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യൻകാളിയെക്കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹം ജീവിച്ച കാലഘട്ടത്തെക്കുറിച്ചും ഓർക്കണം. കേരള ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് അയ്യൻകാളിയുടെ ജീവിതം. അറിവിന്റെ തുല്യമായ വിതരണവും പഠിക്കാനുള്ള തുല്യ അവകാശവും ചേരുമ്പോഴേ വിദ്യാഭ്യാസം എന്ന സങ്കൽപം സഫലമാകൂ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. പാഠമില്ലെങ്കിൽ പാടത്തേക്കില്ലെന്നാണ് ഒരു ഘട്ടത്തിൽ അദ്ദേഹം ഉയർത്തിയ മുദ്രാവാക്യം. 1908ൽ സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ പണിമുടക്ക് സംഘടിപ്പിച്ച ധീരസമരനായകനാണ് അയ്യൻകാളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നീക്കം വലിയ വിഭാഗം കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം ഒരുക്കി. സഞ്ചാരസ്വാതന്ത്ര്യത്തിന് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ വില്ലുവണ്ടി സമരമാണ്. പൊട്ടുകുത്തി, തലപ്പാവും കോട്ടും ധരിച്ചാണ് അദ്ദേഹം വില്ലുവണ്ടിയിൽ യാത്ര ചെയ്തത്. പാർശ്വവത്ക്കരിക്കപ്പെട്ടവർ ഉൾപ്പെടെ സമസ്ത വിഭാഗം ജനങ്ങളുടെയും സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 2971/2021

 

date