Skip to main content

ജനക്ഷേമ പദ്ധതികള്‍ അറിയാന്‍ പി ആര്‍ ഡി പവലിയന്‍

 മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് (ഐ ആന്‍ഡ് പി ആര്‍ ഡി) ഒരുക്കിയ പവലിയന്‍ സന്ദര്‍ശിക്കാന്‍ തിരക്കേറുന്നു. സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി അറിയാന്‍  വിപുലമായ സൗകര്യമാണ്  ഐ ആന്‍റ് പി ആര്‍ ഡി 'സമഗ്ര' യില്‍ ഒരുക്കിയിട്ടുള്ളത്. 
    ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍, ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ നാലുമിഷനുകളെ കുറിച്ചുള്ള നൂറോളം ചിത്രങ്ങളുടെ പ്രദര്‍ശനവും പവലിയനെ ശ്രദ്ധേയമാക്കുന്നു. പ്രധാനപ്പെട്ട ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ മിഴിവാര്‍ന്ന ചിത്രങ്ങള്‍ക്കു മികച്ച അടിക്കുറിപ്പു നല്‍കി സന്ദര്‍ശകര്‍ക്ക് എളുപ്പം മനസിലാകുന്ന തരത്തിലാണ് ചിത്രപ്രദര്‍ശനം സജ്ജീകരിക്കുന്നത്.  
    കുന്നംകുളം താലൂക്ക് ഉദ്ഘാടനം, എസ് പി സി ക്വിസ് മത്സരം, പുന്നയൂര്‍കുളത്തെ ചലിക്കുന്ന പാലം, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ കൂട് നിര്‍മ്മാണം, കലാമണ്ഡലത്തിലെ സംസ്ഥാന കലാപുരസ്കാര സമര്‍പ്പണം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ ഹരിതക്ഷേത്രം പദ്ധതി, യന്ത്രവത്കൃത അഴീക്കോട് തുറമുഖം, അതിരപ്പിള്ളിയിലെ ആദിവാസി നൃത്തം, ജില്ലാതല പട്ടയമേള, സംസ്ഥാന സ്കൂള്‍ കലോത്സവം, തൃശൂര്‍ പൂരം എന്നീ ചിത്രങ്ങള്‍ക്ക് ഒപ്പം വിഖ്യാത ചിത്രകാരന്‍ നിക്ക് ഊട്ട് തൃശൂര്‍ വന്നപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വരെ പ്രദര്‍ശനത്തിലുണ്ട്. 
    കൂടാതെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ അറിയാനും സൗകര്യമുണ്ട്. ഐ ആന്‍റ് പി ആര്‍ ഡി പ്രസിദ്ധീകരണമായ സമകാലിക ജനപഥം, കേരള കോളിങ്ങ്, മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക പ്രത്യേക പതിപ്പ്, വാര്‍ഷികാഘോഷ ലഘുലേഖ കുറിപ്പുകള്‍ എന്നിവയും സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്നു സൗജന്യമായി ലഭിക്കും. സമകാലിക ജനപഥം, കേരള കോളിങ്ങ് എന്നിവയ്ക്ക് വരിക്കാരാകാനും അവസരമുണ്ട്.
 

date