സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി; ഹൈക്കോടതി വിധിയുടെ പേരില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം
കണ്ണൂര്‍ നഗര റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന നാലുവരിപ്പാതയുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് പദ്ധതിയുടെ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അംഗീകരിച്ച പഠന റിപ്പോര്‍ട്ടുകള്‍ റദ്ദ് ചെയ്യണമെന്ന പുതിയതെരു ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം കോടതി ശരിവച്ചുവെന്നാണ് ഇതേക്കുറിച്ച് ചില പത്രങ്ങളില്‍ വാര്‍ത്ത വന്നത്. ഹരജിക്കാര്‍ നല്കിയ ബദര്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായും അതില്‍ പറയുന്നു.
എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും നിയമവിരുദ്ധവും അശാസ്ത്രീയവുമാണെന്നും അവ റദ്ദ് ചെയ്യണമെന്നുമുള്ള ഹരജിക്കാരുടെ ആവശ്യം കോടതി ശരിവയ്ക്കുകയോ ബദല്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയോ ചെയ്തിട്ടില്ല. നാലുവരിപ്പാതയുടെ വീതി നിര്‍ദ്ദിഷ്ട 22 മീറ്ററില്‍ നിന്ന് 17 മീറ്ററായി കുറയ്ക്കണമെന്ന ഹരജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചിട്ടില്ല.
മറിച്ച്, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ നടത്താനിരിക്കുന്ന ഹിയറിംഗിലേക്ക് ഹരജിക്കാര്‍ക്ക് പരാതി സമര്പ്പിക്കാവുന്നതാണെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്. ഏതെങ്കിലും പരാതികള്‍ ലഭിക്കുകയാണെങ്കില്‍ അവ കേട്ട ശേഷം ജില്ലാ കലക്ടര്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം 15 (3) വകുപ്പ് പ്രകാരം സര്‍ക്കാര്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്നും ആ തീരുമാനം അന്തിമമായിരിക്കുമെന്നുമാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു
- Log in to post comments