Skip to main content

മികച്ച സൗകര്യങ്ങളോടെ വിദ്യാര്‍ഥികളെ വരവേല്‍ക്കാനൊരുങ്ങി പെരിങ്ങോം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍

10% സീറ്റുകളില്‍ പൊതുവിഭാഗത്തിലുള്ളവര്‍ക്കും അവസരം

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യം ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പയ്യന്നൂര്‍ പെരിങ്ങോത്ത് പണികഴിപ്പിച്ച ആണ്‍കുട്ടികള്‍ക്കുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിനൊരുങ്ങി. പഠനത്തിനും താമസത്തിനും വിനോദത്തിനും മികച്ച സൗകര്യങ്ങള്‍ നല്‍കി കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാനുതകുന്ന രീതിയിലാണ് പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ സ്‌കൂള്‍ സജ്ജമാക്കിയിരിക്കുന്നത്.
രണ്ട് നിലകളിലായി പണികഴിപ്പിച്ച സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 11 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 210 പേര്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പഠന രീതികള്‍ക്ക് അനുയോജ്യമായ സംവിധാനങ്ങളോടു കൂടിയുള്ളതാണ് ക്ലാസ്സ് മുറികള്‍. ഇതിനു പുറമെ, കുട്ടികള്‍ക്ക് താമസിക്കുന്നതിനുള്ള രണ്ട് നില ഹോസ്റ്റല്‍ കെട്ടിടം, കാന്റീന്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയും സ്‌കൂളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യവും കായിക ശേഷിയും പരിപോഷിപ്പിക്കുന്നതിനായി വിശാലമായ കളിസ്ഥലവും കാംപസിനകത്ത് സൗകര്യപൂര്‍വം സഞ്ചരിക്കുന്നതിനുള്ള റോഡുകളും സ്‌കൂളിന്റെ സവിശേഷതകളാണ്.
സൗകര്യങ്ങളിലും രൂപഭംഗിയിലും ലോകോത്തര നിലവാരം പുലര്‍ത്തുന്ന സ്‌കൂള്‍ കെട്ടിടം കൊവിഡ് പ്രതിസന്ധിക്കിടയിലും ഒന്നേ മുക്കാല്‍ വര്‍ഷം കൊണ്ടാണ് പണികഴിപ്പിച്ചത്. പെരിങ്ങോം വയക്കര പഞ്ചായത്തില്‍ 2019 ജൂണില്‍ 14.7 കോടി രൂപ ചെലവില്‍ കിഫ്ബി സാമ്പത്തിക സഹായത്തോടെ നിര്‍മാണം ആരംഭിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവൃത്തികള്‍ 2011 ഫെബ്രുവരിയോടെ തന്നെ പൂര്‍ത്തിയാക്കാനായി. ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്‌കൂളിന്റെ ഉല്‍ഘാടനംനിര്‍വഹിച്ചത്.
ആദ്യ വര്‍ഷമെന്ന നിലയില്‍ ഇത്തവണ മലയാളം മീഡിയം അഞ്ചാം ക്ലാസ്സിലേക്കാണ് പ്രവേശനം നല്‍കുന്നതെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ വി രവിരാജ് പറഞ്ഞു. അഞ്ച് മുതല്‍ പ്ലസ്ടു വരെ താമസവും ഭക്ഷണവുമുള്‍പ്പെടെ തീര്‍ത്തും സൗജന്യമാണ് ഇവിടെ വിദ്യാഭ്യാസം. ആകെയുള്ള സീറ്റുകളില്‍ 90 ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. 10 ശതമാനം സീറ്റുകളില്‍ മറ്റ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പഠിക്കാന്‍ അവസരമുണ്ട്.
 

date