Skip to main content
kalabhavanmani, saji cheriyan

കലാഭവന്‍ മണി സ്മാരകത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നു

ചാലക്കുടിയില്‍ നിര്‍മിക്കുന്ന കലാഭവന്‍ മണി സ്മാരകത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നു. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. സ്മാരകം നിര്‍മിക്കാന്‍ പോകുന്ന സ്ഥലം മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.  
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള 20 സെന്റ് സ്ഥലം സ്മാരകം നിര്‍മിക്കാനായി സാംസ്‌ക്കാരിക വകുപ്പ് നേരത്തെ ഏറ്റെടുത്തിരുന്നു. ഇതിന് പുറമെയാണ് 15 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കുന്നത്. സ്മാരകത്തിനായുള്ള പുതിയ പ്രോജക്ട് ഡിസൈന്‍ സമര്‍പ്പിക്കാന്‍ അധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചു.

നിലവില്‍ സ്മാരകത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള 20 സെന്റ് സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന 15 സെന്റ് സ്ഥലമാണ് പുതിയതായി ഏറ്റെടുക്കുന്നത്.
മൂന്ന് കോടി രൂപ ചെലവിലാണ് ചാലക്കുടിയില്‍ കലാഭവന്‍ മണിക്കായി സ്മാരകം നിര്‍മിക്കുന്നത്.  ആദ്യഗഡുവായി ഒരു കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണ്. ആവശ്യമെങ്കില്‍ സ്മാരകത്തിനായി കൂടുതല്‍ തുക അനുവദിക്കുന്നത് സര്‍ക്കാരിന്റെ 
പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ഫോക്ക്‌ലോര്‍ അക്കാദമിയുടെ ഉപകേന്ദ്രവും കലാഭവന്‍ മണി സ്മാരകത്തില്‍ പ്രവര്‍ത്തിക്കും. 
കലാഭവന്‍ മണി സ്മൃതി കൂടാരത്തിലും മന്ത്രിയെത്തി പുഷ്പ്പാര്‍ച്ചന നടത്തി. 

മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനോടും കുടുംബത്തോടും സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, സനീഷ് കുമാര്‍ ജോസഫ് എം എല്‍ എ, നഗരസഭ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, വൈസ് ചെയര്‍മാന്‍ സിന്ധു ലോജു, നഗരസഭ കൗണ്‍സിലര്‍മാരായ ജിജു എസ് ചിറയത്, കെ വി പോള്‍, നിത പോള്‍, കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസര്‍ സി എ ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

date