Skip to main content

എറണാകുളം വിദ്യാഭ്യാസ വാര്‍ത്തകള്‍

മഹാരാജാസ് കോളേജ്; ബിരുദ പ്രവേശനത്തിനുളള 

ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കൊച്ചി:  മഹാരാജാസ് കോളേജിലെ 2018-19 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുളള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. സയന്‍സ് വകുപ്പുകളിലെ അഡ്മിഷന്‍ ജൂണ്‍ 12 നും കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മറ്റു വകുപ്പുകളിലേക്കുളള അഡ്മിഷന്‍ 13 നും കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 9.30 നും 11 നും ഇടയില്‍ കോളേജ് ഓഡിറ്റോറിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 11 നും ശേഷം വരുന്നവരെ അഡ്മിഷന് പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.maharajas.ac.in 

 

സിവില്‍ സര്‍വീസ് അക്കാദമിയില്‍ കോഴ്‌സുകള്‍ 

കൊച്ചി : കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്‌സെന്ററില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ത്രിവത്സര,  വാരാന്ത്യ സിവില്‍ സര്‍വീസ് ക്ലാസുകള്‍ ജൂലൈ 8-ന് ആരംഭിക്കുന്നു. www.ccek.org എന്ന വെബ്‌സൈറ്റില്‍ ജൂണ്‍ 25 വരെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ ജൂലൈ ഒന്നിന്  സബ്‌സെന്ററില്‍ നടക്കുന്ന എഴുത്ത് പരീക്ഷയില്‍ പങ്കെടുക്കണം. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസുകള്‍. മൂന്ന് വര്‍ഷം കൊണ്ട് തീരുന്ന കോഴ്‌സില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയിന്‍, പരീക്ഷകള്‍ക്കുള്ള യു.പി.എസ്.സി സിലബസ് ആയിരിക്കും പിന്തുടരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 04852835933, 82810 98873.

പരിസ്ഥിതി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ വെച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റര്‍ കോളീജിയേറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ഒന്നാം സ്ഥാനവും, കാലടി  ശ്രീശങ്കര കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പി.എസ്. പണിക്കര്‍ ക്വിസ് നയിച്ചു.

 

ഇന്ററാക്ഷന്‍ ക്ലാസ്സ്

കൊച്ചി: യു.ജി.സി നെറ്റ് പരീക്ഷ എഴുതുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം പകര്‍ന്ന് രണ്ടാം റാങ്കുകാരി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സി.എസ്.ഐ.ആര്‍ നെറ്റ് ഫിസിക്‌സ് പരീക്ഷയില്‍ ദേശീയതലത്തില്‍ രണ്ടാം റാങ്കുകാരിയായ ജയ.എം.സോണി പരീക്ഷാര്‍ത്ഥികളുമായി സംവദിച്ചത്. യൂണിവേഴ്‌സിറ്റി ബ്യൂറോ ചീഫ്, ഡോ.സാം തോമസ്   പരിപാടി ഉദ്ഘാടനം ചെയ്തു.  ഈക്വല്‍ ഓപ്പര്‍ച്ച്യൂനിറ്റി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ശശി ഗോപാലന്‍ സംസാരിച്ചു.

 

പ്രീ പ്രൊഫഷണല്‍ കോഴ്‌സ് എംപവര്‍മെന്റ് പരിശീലന പരിപാടി

വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിച്ചിട്ടുള്ള കുട്ടികള്‍ക്കായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ ജൂണ്‍ 20 മുതല്‍ മൂന്ന് ദിവസത്തെ യോഗയിലും മന:ശ്ശക്തി പരിശീലനത്തിലും അധിഷ്ഠിതമായ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  പ്ലസ് ടു കഴിഞ്ഞ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ചേരാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2576756

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് 

അപേക്ഷ ക്ഷണിച്ചു

കൊച്ചി:  പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ നിലവിലുളള ഒഴിവുകളിലേക്ക് പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, നിലവില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞ വാര്‍ഷിക പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെ വിശദ വിവരം എന്നിവ സഹിതം കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2623673.

 

സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി

കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി:  സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് ആറു മാസമാണ് കാലാവധി. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. തപാലില്‍ വേണ്ടവര്‍ എസ്.ആര്‍.സി ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കാം. കോഴ്‌സ്, സ്റ്റഡിസെന്റര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ www.src.kerala.gov.in/www.srccc.in വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശ്രയ് സെന്റര്‍ ഫോര്‍ സൈക്കോളജിക്കല്‍ കൗണ്‍സലിംഗ്, ഇടക്കൊച്ചി, എറണാകുളം ഫോണ്‍ 0484-2328070, 797303698.

date