ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും: 65558 കുട്ടികള്‍ സ്‌കൂളുകളിലേക്ക് പൊതുവിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ കൂടുന്നു
ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് (ജൂണ്‍ 12) തുറക്കും. നിപ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് മലപ്പുറത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12ലേക്ക് മാറ്റിയത്. 65558 കുട്ടികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം 67278 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികള്‍ ഇത്തവണ പൊതുവിദ്യാലയങ്ങളില്‍ എത്തിയിട്ടുണ്ട്.
22285 കുട്ടികളാണ് ഇത്തവണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 21228 ആയിരുന്നു. എയ്ഡഡ് സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം 33213 കുട്ടികള്‍ ഒന്നാംക്ലാസിലെത്തിയപ്പോള്‍ ഇത്തവണ അത് 34278 ആയി വര്‍ധിച്ചു. അതേ സമയം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ട്. 11772 കുട്ടികളായിരുന്നു കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്. ഈ വര്‍ഷം അത് 10060 ആണ്.
പുതുതായെത്തുന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കാനായി വിപുലമായ സംവിധാനങ്ങളാണ് പൊതുവിദ്യാലയങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. 'ഹലോ ഇംഗ്ലീഷ്' എന്ന പേരിലായിരുന്നു പരിശീലനം. എല്ലാ വിഭാഗം അധ്യാപകര്‍ക്കും ഐടി പരീശലനവും നല്‍കിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ ഹരിതാഭമാക്കുന്നതിനും ഈ വര്‍ഷം മുന്‍ഗണന നല്‍കുന്നുണ്ട്.
ജില്ലയിലെ 1357 സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തുന്നുണ്ട്. തവനൂര്‍ കെ.എം.ജി.യു.പി സ്‌കൂളില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഫൈസല്‍, എസ.്എസ്.എ പ്രൊജക്ട് ഓഫീസര്‍ എസ്.എസ്.എന്‍. നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments