ഹരിതം - സഹകരണം പദ്ധതി : പതിനായിരം പ്ലാവിന്‍ തൈകള്‍ നട്ടു
പരിസ്ഥിതി ദിനത്തില്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ മുഖാന്തിരം പതിനായിരം പ്ലാവിന്‍ തൈകള്‍ നട്ടു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന 'ഹരിത കേരളം' പദ്ധതിയുടെ ഭാഗമാണ് 'ഹരിതം സഹകരണം പദ്ധതി'. സംസ്ഥാനമൊട്ടാകെ 2018 ജൂണ്‍ 05 ന് ഒരു ലക്ഷം പ്ലാവിന്‍ തൈകള്‍ സഹകരണ സംഘങ്ങള്‍ വഴി നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സി.കെ. ഗിരീശന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് തലത്തിലും സഹകരണ സംഘം തലത്തിലും സംഘടിപ്പിച്ച പരിപാടികളില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളും സഹകാരികളും പൊതു ജനങ്ങളും പങ്കെടുത്തു. മലപ്പുറം കളക്‌ട്രേറ്റില്‍ ബി 2 ബ്ലോക്കിന്റെ പരിസരത്ത് ജില്ലാ കളക്ടര്‍ അമിത് മീണ പ്ലാവിന്‍ തൈ നട്ടു. ഈ പദ്ധതി വഴി തിരൂരങ്ങാടി താലൂക്കില്‍ 1500, തിരൂര്‍ താലൂക്കില്‍ 2000, പെരിന്തല്‍മണ്ണ താലൂക്കില്‍ 1500, നിലമ്പൂര്‍ താലൂക്കില്‍ 1500, പൊന്നാനി താലൂക്കില്‍ 1000, മഞ്ചേരി താലൂക്കില്‍ 2500 എണ്ണം പ്ലാവിന്‍ തൈകളാണ് നട്ടു പിടിപ്പിച്ചത്.
- Log in to post comments