ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ മക്കൾക്ക് മത്സ്യഫെഡിന്റെ സഹായഹസ്തം
അമ്പലപ്പുഴ : ദുരിതാശ്വാസ ക്യാമ്പിൽ കഴിയുവരുടെ മക്കൾക്ക് ഇതാദ്യമായി മത്സ്യഫെഡിന്റെ സഹായഹസ്തം. കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടമായി ദുരിതാശ്വാസ ക്യമ്പിൽ കഴിയുന്ന കുട്ടി ികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കിയാണ് മത്സ്യഫെഡ് സഹായമെത്തിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ലക്ചർ ഹാളിലെ ക്യാമ്പിൽ കഴിയുന്ന ഒന്നു മുതൽ പ്ലസ്ടു വരെ പഠിക്കുന്ന 26 കുട്ടികൾക്കാണ് സഹായം നൽകിയത്.
ഇവർക്ക് സ്‌കൂളിൽ പോകുന്നതിനുള്ള കുട, നോട്ടുബുക്കുകൾ, പേന, പെൻസിൽ, ബോക്‌സ്, ടിഫിൻ ബോക്‌സ്, സ്റ്റീൽ വാട്ടർ ബോട്ടിൽ എന്നിവയടക്കമുള്ള ബാഗ് മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ചൻ വിദ്യാർത്ഥികൾക്കു കൈമാറി. കടൽക്ഷോഭത്തിന്റെ ദുരിതംപേറി സംസ്ഥാനത്തെ മറ്റു ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കും മത്സ്യഫെഡ് ഇത്തരത്തിൽ സഹായമെത്തിക്കുമെന്ന് ചിത്തരഞ്ചൻ പറഞ്ഞു.
മത്സ്യഫെഡ് ജില്ല മാനേജർ മുഹമ്മദ് ഷെരീഫ്, അസിസ്റ്റന്റ് മാനേജർ സജീവൻ, മത്സ്യതൊഴിലാളി യൂണിയൻ സി ഐ റ്റി യു ജില്ലാ പ്രസിഡന്റ് പി ഐ ഹാരിസ്, സെക്രട്ടറി സി ഷാംജി, ഏരിയ സെക്രട്ടറി എ എസ് സുദർശനൻ, പഞ്ചായത്തംഗം എസ് ഹാരിസ്, അനീഷ് എന്നിവർ പങ്കെടുത്തു.
(പി.എൻ.എ.1255/2018)
- Log in to post comments