തീറ്റപ്പുല്ലിൽ തൊഴിലുറപ്പു തൊഴിലാളികളുടെ വിജയഗാഥ
ചെങ്ങന്നൂർ :ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പുലിയൂർ ഗ്രാമപഞ്ചായത്ത് തീറ്റപുൽ കൃഷി വൻവിജയത്തിലേക്ക്. കുടുംബശ്രീ -തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ തുടങ്ങിയ തീറ്റപ്പുൽ കൃഷി വിജയം കണ്ടതോടെ അത് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്. പുലിയൂരിലെ ക്ഷീരകർഷകർക്കാണ് പ്രധാനമായും പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നത്.
ഗ്രാമ പഞ്ചായത്തിലെ 12-ാം വാർഡിലെ 36 തൊഴിലുറപ്പു പദ്ധതിയംഗങ്ങളാണ് തീറ്റപ്പുൽകൃഷി ചെയ്യുന്നത്. വാർഡംഗവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കെ.പി.പ്രദീപിന്റെ നേതൃത്വത്തി്ൽ പ്രദേശവാസിയായ വി.കെ.തങ്കച്ചന്റെ ഒന്നരയേക്കർ സ്ഥലമാണ് തീറ്റുപുൽ കൃഷിക്കായി ഉപയോഗിച്ചത്. മൂന്നുവർഷത്തേക്ക് കരാർ എടുത്തതാണ് പ്രദേശം കൃഷിക്കായി ഉപയോഗിക്കുന്നത്. കുമ്മായം വിതറിയ ശേഷം ഭൂമി നന്നായി കിളച്ച് അതിൽക്ഷീര വികസന വകുപ്പിൽ നിന്നും, കർഷകരിൽ നിന്നും സമാഹരിച്ച 350 മൂട് തീറ്റപ്പുൽ നട്ടു. രാസവളങ്ങൾ ഒട്ടും ചേർക്കാതെ ചാണകവും ജൈവവളവും ഉപയോഗിച്ചാണ് തീറ്റപുൽ കൃഷി നടത്തിയത്.
പൂർണ്ണ വളർച്ചയെത്തിയ തീറ്റപ്പുല്ല് മൊത്തമായി പ്രദേശത്തെ ഒരു ഫാം ഉടമക്ക് വിറ്റു. മൊത്തം വെട്ടി മാറ്റുന്നതോടെ ഒരു മൂട്ടിൽ നിന്നും ശരാശരി അഞ്ചിലധികമെന്ന കണക്കിൽ വിത്തിളക്കി മാറ്റി പുതിയതായി നടുന്നതോടെ രണ്ടായിരത്തോളം തടങ്ങളായി മാറും എന്ന പ്രത്യേകതകൂടി ഉണ്ട്. ഒരു കുടുംബശ്രീ യൂണിറ്റിന് തീറ്റപ്പുൽ കൃഷിയിൽ നിന്ന് 2000 രൂപ വീതം ലാഭം കിട്ടി.
തീറ്റപുൽകൃഷി തുടങ്ങിയത് വിജയകരമാകുമെന്ന് കണ്ടതോടെ ഗ്രാമ പ്രദേശങ്ങളിൽ കണ്ടുവരുന്ന നഴ്‌സറി കപ്പ കൃഷിയിലും കൂടി ഒരു കൈനോക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.
പുലിയൂർ പ്രദേശത്തെ വീടുകളിൽ നിന്നും സമാഹരിച്ച ആറുമാസ കപ്പതണ്ടുകളാണ് ഇതിനായി തിരഞ്ഞെടുത്തത്. കപ്പ നട്ടതാകട്ടെ വരൾച്ചക്കാലത്തും. കൂടാതെ പാഷൻ ഫ്രൂട്ട്, പേര, റംമ്പുട്ടാൻ, മൾബറി, പ്ലാവ്, ചാമ്പ, മാതളം, തോട്ടു പുളി,ആത്ത, ജാതി, അമ്പഴം, മൊട്ടപ്പഴം, ചെറുനാരകം, എന്നിവയുടെ തൈകളും നഴ്‌സറിയിൽ വളർത്തുന്നുണ്ട്. അട്ടപ്പാടിയിൽ നിന്നുള്ള മേൽത്തരം പുളിയുടെ അരിയാണ് ഇതിനായി സമാഹരിച്ചത്. മറ്റുള്ളവ വീടുകളിൽ നിന്നും, കടകളിൽ നിന്നും പഴുത്ത് പാകമാകിയ, കായ്കൾ വാങ്ങി അവയുടെ അരികളെടുത്ത് വിത്തുകളാക്കി രൂപാന്തരപ്പെടുത്തിയെടുത്ത#ാണ് വിതരണം ചെയ്തത്.
2016- 17 ലെ പദ്ധതിയിൽ 237821 രൂപ വകയിരുത്തി കഴിഞ്ഞ വർഷം ഒക്ടോബർ 12 നാണ് കൃഷിക്കു തുടക്കം കുറിച്ചത്.2036 തൊഴിൽ ദിനങ്ങൾ ഇവയിലൂടെ സൃഷ്ടിക്കാൻ കഴിഞ്ഞൂ. വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യം കൂടി ഈ കൂട്ടായ്മയ്ക്കുണ്ട്. അടുത്ത ഓണത്തിന് വിഷ രഹിത പച്ചക്കറി എത്തിക്കുകയെന്നുള്ളതാണ് ലക്ഷ്യമെന്നു കെ പി പ്രദീപ് വ്യക്തമാക്കി.
(പി.എൻ.എ. 1257/2018)
- Log in to post comments