കടല്‍ക്ഷോഭം: നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി തുടങ്ങി കടല്‍ഭിത്തി നിര്‍മാണം സജീവ പരിഗണനയില്‍
കടല്‍ക്ഷോഭം രൂക്ഷമായ താനൂര്‍ എടക്കടപ്പുറം, പുതിയ കടപ്പുറം മേഖലകളില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയില്‍. ഈ മേഖലകളില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നതിന് തുക അനുവദിക്കുന്നത് സംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചു. സംസ്ഥാനത്ത് ആവശ്യമായ പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നൂറു കോടി രൂപ നീക്കിവയ്ക്കുന്നതില്‍ 10 കോടി രൂപ താനൂരിലേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. മഴയും കാറ്റും ശക്തമായതോടെ എടക്കടപ്പുറം, പുതിയ കടപ്പുറം മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായിരുന്നു. ഇത് മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കടല്‍ഭിത്തി നിര്‍മിച്ച് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ആരംഭിച്ചത്. താനൂര്‍ ഒട്ടുംപുറം അഴിമുഖത്ത് മണ്‍തിട്ട രൂപപ്പെട്ട് പൂരപ്പുഴയില്‍ നിന്ന് കടലിലേക്ക് ജലമൊഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ദുരന്തനിവാരണ വിഭാഗത്തിന്റെ സാന്നിധ്യത്തില്‍ മണ്‍തിട്ട ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. ഇതിന് പുറമെ കടല്‍ക്ഷോഭത്തില്‍ വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വി അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു.
- Log in to post comments