Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധം: തദ്ദേശസ്ഥാപനങ്ങള്‍ പ്രാധാന്യത്തോടെ ഇടപെടണം

ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ  അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ആരോഗ്യജാഗ്രത- പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാതലത്തില്‍ വിളിച്ചുചേര്‍ത്ത തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ സംവിധാനങ്ങള്‍  ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമം നടത്തുന്നത് അപലപനീയമാണെന്നും യോഗത്തില്‍ സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ യോഗം ചേര്‍ന്ന് അതാതിടങ്ങളിലെ സ്ഥിതി പരിശോധിച്ച് മേല്‍നടപടികള്‍ തീരുമാനിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പറഞ്ഞു. ആലപ്പുഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജലജന്യ രോഗങ്ങളെക്കുറിച്ച് നല്ല ബോധ്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാകളക്ടര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.  ഡ്രൈ ഡേ ആചരണത്തിന് പ്രാധാന്യം നല്‍കണം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വാര്‍ഡുതല ശുചിത്വ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 9ന് ഉള്ളില്‍ പൂര്‍ത്തീകരിക്കണം. വാര്‍ഡ് തല ഭവനസന്ദര്‍ശനം ജൂണ്‍ പത്തിന് നടത്തണം. വാര്‍ഡ് തലത്തില്‍ ആരോഗ്യ സേനയുടെ നേതൃത്വത്തില്‍ ആയിരിക്കണം ഇത്. ചുറ്റുപാടുകളിലെ ശുചിത്വം സംബന്ധിച്ച വിവരശേഖരണം ജൂണ്‍ 11ന് നടത്തണം. ജൂണ്‍ 13ന് ആളില്ലാത്ത സ്ഥലങ്ങളിലെ മാലിന്യങ്ങള്‍, കൊതുകുവളരുന്ന സാഹചര്യം എന്നിവ  ഒഴിവാക്കുന്നതിന് നടപടിയെടുക്കണം. ജൂണ്‍ 17ന് ഡ്രൈഡേ ആചരിക്കണം. ജൂണ്‍ 21ന് പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണം. ജൂണ്‍ 23ന് ഓടകള്‍ വൃത്തിയാക്കുക തുടങ്ങിയ ക്രമത്തില്‍ പകര്‍ച്ചവ്യാധി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. പഞ്ചായത്തുകള്‍  കളക്ഷന്‍ ഡ്രൈവുകള്‍ ഏറ്റെടുത്ത് നടത്തണം. സര്‍ക്കാര്‍ ഓഫീസുകള്‍ ഈ -വേസ്റ്റ് നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം. വാര്‍ഡുതല ജാഗ്രതോത്സവം എവിടെയെങ്കിലും നടത്താതെയുണ്ടെങ്കില്‍ അത് രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എത്രയും വേഗം ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തണം.  31ന്  നഗരം കേന്ദ്രീകരിച്ച് പകര്‍ച്ചപ്പനി പ്രതിരോധ സംഘടിപ്പിക്കണം. നഗരസഭാ സെക്രട്ടറിമാര്‍ ഇതിന് മുന്‍കൈയെടുക്കണം. നഗരസഭകള്‍ സുരക്ഷിത അറവുശാലകള്‍ എന്ന ലക്ഷ്യത്തിലേക്ക് വേണ്ട പ്രോജക്റ്റുകള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ജൂണ്‍ 12,13 തീയതികളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കുകയും  പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുകയും വേണം. ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സ് സി.മാത്യു, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. 

(പി.എന്‍.എ 1241/2018)

date