Skip to main content

പതിനൊന്ന് കോടിയുടെ കയര്‍ :   ഭൂവസ്ത്ര കരാര്‍ മികവുമായി കയര്‍ മേഖല

രണ്ടുവര്‍ഷത്തെ വികസന നേട്ടങ്ങളുടെ ഇഴപിരിയാത്ത കെട്ടുറപ്പുമായി കയര്‍ പ്രൊജക്ട് ഓഫീസ്. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി നടപ്പാക്കുന്ന 11 കോടിയുടെ കയര്‍ ഭൂവസ്ത്ര കരാറിന് ആലപ്പുഴയില്‍ നടന്ന കയര്‍ കാര്‍ണിവലില്‍ ധാരണാപത്രം ഒപ്പുവയ്ക്കാനായതാണ് നേട്ടമായത്. കയര്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് വരുമാനം ഉറപ്പിയ്ക്കല്‍ പദ്ധതി വഴി 45.02 ലക്ഷം രൂപ സഹായധനം നല്‍കാന്‍ കഴിഞ്ഞു.
    കയര്‍പിരി സംഘങ്ങള്‍ക്ക് അടിസ്ഥാന വികസന പദ്ധതി, മാനേജീരിയല്‍ സബ്സിഡി, തൊങ്ങ് സംഭരണം, കയര്‍ കോ ഓപ്പറേറ്റീവ് സപ്പോര്‍ട്ട് സ്കീം, വരുമാനം ഉറപ്പാക്കല്‍ പദ്ധതി, പ്രവര്‍ത്തന മൂലധനം എന്നീ ഇനങ്ങളിലാണ് കയര്‍ പ്രൊജക്ട് ഓഫീസ് സാമ്പത്തികസഹായം നല്‍കുന്നത്.
    തൊങ്ങ് സംഭരണ സബ്സിഡി ഇനത്തില്‍ 25.10 ലക്ഷം രൂപയും പ്രൊഡക്ഷ്ന്‍ ആന്‍ഡ് മാര്‍ക്കറ്റിംങ്ങ് ഇന്‍സന്‍റീവായി 1.18 കോടി രൂപയും വിവിധ കയര്‍പിരി സംഘങ്ങള്‍ക്ക് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യാനായി. രണ്ടാം കയര്‍ പുന: സംഘടനയുടെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി മികവുറ്റ പ്രവര്‍ത്തനങ്ങളിലേക്ക് ചുവടുവയ്ക്കുക കൂടിയാണ് കയര്‍ പ്രൊജക്ട് ഓഫീസ്. പത്ത് കയര്‍പിരി സംഘങ്ങളില്‍ 29 എച്ച്.പി.ഡി.എഫ് മില്ലുകള്‍ സ്ഥാപിക്കല്‍, 15 കയര്‍ സംഘങ്ങളില്‍ 500 ഇലക്ട്രോണിക്ക് റാട്ടുകള്‍ വിതരണം ചെയ്യല്‍, ചകിരി ശുദ്ധീകരണത്തിന് 14 വില്ലോയിങ്ങ് മെഷീനുകള്‍ സ്ഥാപിക്കല്‍, പത്ത് സംഘങ്ങള്‍ക്ക് ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ നല്‍കല്‍, പതിനഞ്ചുസംഘങ്ങളില്‍ പുതിയ തൊഴിലാളികള്‍ക്ക് വൈക്കം കയര്‍പിരിയില്‍ പരിശീലനം നല്‍കല്‍ എന്നിവയാണ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍.

date