വാതില്‍പ്പടി സേവന പദ്ധതി: ജില്ലയില്‍ ആദ്യഘട്ടത്തില്‍ പത്തനംതിട്ട നഗരസഭയിലും ആറന്മുള ഗ്രാമപഞ്ചായത്തിലും
സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം കൃത്യമായി ലഭിക്കാതിരിക്കുന്ന ജനവിഭാഗങ്ങളുടെ അടുത്തേക്ക് സേവനങ്ങള്‍ കൂടുതല്‍ സുഗമവും കാര്യക്ഷമവും സമയബന്ധിതവുമായി എത്തിക്കുന്നതിനുള്ള വാതില്‍പ്പടി സേവന പദ്ധതിയുടെ ആദ്യഘട്ടത്തിലേക്ക് ജില്ലയിലെ പത്തനംതിട്ട നഗരസഭയെയും ആറന്മുള ഗ്രാമപഞ്ചായത്തിനെയും തിരഞ്ഞെടുത്തു. ആദ്യഘട്ടത്തില്‍ കേരളത്തിലെ 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് പദ്ധതിയിലേക്കു തിരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കു പുറമേ ജീവന്‍രക്ഷാമരുന്നുകളും വീട്ടുപടിക്കല്‍ ലഭ്യമാക്കും.
വയോജനങ്ങള്‍, വിവിധ രോഗങ്ങളാല്‍ അവശരായവര്, കിടപ്പ് രോഗികള്‍, ഗുരുതര രോഗം കാരണം ചലനശേഷി പരിമിതപ്പെട്ടവര്‍, മാരകരോഗ ബാധിതര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിഭാഗത്തിലെ അതി ദരിദ്രര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും സേവനങ്ങള്‍ വീട്ടിലെത്തിക്കുന്നതാണ് വാതില്‍പ്പടി സേവന പദ്ധതി.
പരിശീലനത്തിന് തുടക്കമായി
വാതില്‍പ്പടി സേവന പദ്ധതി നടത്തിപ്പ് സംബന്ധിച്ച ഏകദിന പരിശീലനം ജില്ലയില്‍ ആരംഭിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്കി. സെപ്റ്റംബര്‍ 15ന് മുന്‍പായി ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കും. കിലയുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമ/മുന്‍സിപ്പാലിറ്റിയിലെ ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ സേനാംഗങ്ങള്‍, ഭരണ നേതൃത്വം, കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
എന്തെല്ലാം സേവനങ്ങള്‍
പല ഘട്ടങ്ങളായാണ് പദ്ധതി തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ അഞ്ചു സേവനങ്ങളാണ് ലക്ഷ്യമിടുന്നത്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുമായി ബന്ധപ്പെട്ട മൂന്നു സേവനങ്ങള്‍ - സാമൂഹ്യ സുരക്ഷാ പെന്ഷന്, മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കല്‍. ജീവന് രക്ഷാമരുന്നുകള്‍ വീടുകളില്‍ എത്തിക്കല്‍.
പദ്ധതി ചുമതല
തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, സാമൂഹ്യ സന്നദ്ധ സേനാ ഡയറക്ടറേറ്റ്. പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി കമ്മറ്റി, വാര്‍ഡ് കമ്മിറ്റി എന്നിവ നേതൃത്വം നല്‍കും.
അംഗങ്ങള്‍: ഗ്രാമ / മുന്‍സിപ്പല്‍ തലത്തില്‍
പ്രസിഡന്റ് / ചെയര്പേഴ്സന്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍, സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, എസ്സി/ എസ്ടി പ്രെമോട്ടര്‍, അക്ഷയ പ്രതിനിധി, കുടുംബശ്രീ സിഡിഎസ് പ്രതിനിധി, വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍, ജനമൈത്രി പോലീസ് ചുമതലക്കാര്‍, സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി / മാനേജ്മെന്റ് എന്നീ മേഖലകളിലെ പ്രൊഫഷണലുകളുടെ പ്രതിനിധി, ഗ്രന്ഥശാലാ കണ്‍വീനര്‍, പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധി, പെന്ഷന് സംഘടനാ പ്രതിനിധി എന്നിവര്‍ അടങ്ങുന്നു. വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പര്‍ അധ്യക്ഷനായുള്ള 11 അംഗ കമ്മിറ്റി പ്രവര്‍ത്തിക്കും. പരിശീലന ഫാക്കല്‍റ്റികളായി ജില്ലയില്‍ എം.കെ. വാസുവിന്റെ നേതൃത്വത്തില്‍ ഒന്‍പതു പേര് അടങ്ങുന്ന കോര്‍ ടീം പ്രവര്‍ത്തിക്കുന്നു.
- Log in to post comments