Skip to main content

ജലരക്ഷ ജീവരക്ഷ :  ആദ്യഘട്ടത്തില്‍ മണലിപ്പുഴ സമഗ്ര നീര്‍ത്തട പദ്ധതി   

സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിത കേരളം മിഷന്‍റെ ഭാഗമായുള്ള ജലരക്ഷ ജീവരക്ഷ ജില്ലാ പദ്ധതി സംയോജന പ്രോജക്ടിന്‍റെ ആദ്യഘട്ടത്തില്‍ മണലിപ്പുഴ സമഗ്ര നീര്‍ത്തട പദ്ധതി നടപ്പിലാക്കും. 86.70 കോടി രൂപ ചെലവിലാണ് മണലിപ്പുഴ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തോട്ടുരുത്തി തോട് കല്പട തോട്, നെല്ലാനി തോട്, കുറുക്കന്‍ ചാല്‍, തെക്കുംപാടം, പാണഞ്ചേരി, മണലാട്ടിപ്പാടം, കായല്‍ തോട് എന്നീ 8 മൈക്രോ നീര്‍ത്തട പദ്ധതികളായി തിരിച്ചാണ്  നടപ്പിലാക്കുക. പുഴയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് മണ്‍ കൂനകള്‍ മാറ്റി പുഴയ്ക്ക് ഒഴുകാന്‍ സാഹചര്യം ഒരുക്കുകയാണ് പദ്ധതി. പുഴയുടെ ഇരു വശങ്ങളും മുളകള്‍ കൊണ്ട് സംരക്ഷിക്കും. വരള്‍ച്ച, വെള്ളപ്പൊക്കം ഇല്ലാതാക്കുക , ഗുണമേന്മയുളള കുടിവെള്ളം ലഭ്യമാക്കുക , കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളേയും ബന്ധപ്പെട്ട വിവിധ വകുപ്പുകളേയും ഉള്‍പ്പെടുത്തിയാണ് ജലരക്ഷ ജീവരക്ഷ ജില്ലാ പദ്ധതി സംയോജന പ്രോജക്ട് നടപ്പിലാക്കുന്നത്. 708 കോടി രൂപ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,   വിവിധ വകുപ്പുകള്‍, നബാര്‍ഡ്,  എം.എല്‍.എ, എം.പി ഫണ്ട് എന്നിവരില്‍ നിന്നാണ്   ആവശ്യമായ ഫണ്ട് സമാഹരിക്കുക. പ്രോജക്ടിന്‍റെ ആലോചനാ യോഗം ജില്ലാ ആസുത്രണ ഭവന്‍ ഹാളില്‍ ചേര്‍ന്നു. ജില്ലാ ആസൂത്രണ കമ്മിറ്റി സര്‍ക്കാര്‍ പ്രതിനിധി എം.എന്‍.സുധാകരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൃശ്ശൂര്‍ മണ്ണ് പര്യവേഷണ കേന്ദ്രം അസിസ്റ്റന്‍റ് ഡയറക്ടര്‍ എന്‍ വി ശ്രീകല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ജലസേചന സംവിധാനങ്ങള്‍ കാര്യക്ഷമമായി 
കര്‍ഷര്‍ക്ക് തുണയായി ജലസേചന വകുപ്പ്
    ഡാമുകളുടെയും അനുബന്ധ കനാലുകളുടെയും റഗുലേറ്റുകളുടെയും മറ്റും പുനരുദ്ധാരണ നവീകരണ പ്രവൃത്തികള്‍ രൂപം നല്‍കിയും തൃശൂര്‍ ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് കരുത്താവുകയാണ് ജലസേചന വകുപ്പ്. ജലസേചന വിഭാഗത്തിന് കീഴിലുളള പീച്ചി, വാഴാനി, ചിമ്മിനി, ചീരക്കുഴി ഡാമുകളുടെ നവീകരണ പുനരുദ്ധാരണ പ്രവൃത്തികള്‍ ഭൂരിഭാഗവും ജലസേചന വിഭാഗം പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
ലോകബാങ്കിന്‍റെ സഹായത്തോടെ നടപ്പാക്കുന്ന ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്‍റ് പ്രോജ്ക്ട് അഥവാ ഡ്രിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിമ്മിനി ഡാമിനും നവീകരണത്തിന് 17.70 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചു. ഇതില്‍ മെക്കാനിക്കല്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. 60.74 ശതമാനം സിവില്‍ വര്‍ക്കുകളും തീര്‍ത്തു.
    2.31 കോടി രൂപയാണ് പീച്ചിഡാമിന്‍റെ നവീകരണത്തിന് അനുവദിച്ചത്. ഇതില്‍ 74 ശതമാനം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. വാഴാനി ഡാമിന്‍റെ നവീകരണത്തിന് 2.45 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചത്. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 4.8 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന കുത്തുമാക്കാല്‍-ചിറക്കല്‍ ചെറുപുഴതോട് പദ്ധതിയുടെ നവീകരണം പുരോഗമിച്ച് വരുന്നു.കോള്‍ മേഖലയില്‍ ഉപ്പ് വെളളം കയറുന്നത് തടയുന്നതിന് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മുനയം റെഗുലേറ്റര്‍ കംബ്രിഡ്ജ് 24 കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.
    കിഫ്ബി, ഗ്രീന്‍ബുക്ക് എന്നിവയില്‍ ഉള്‍പ്പെടുത്തി 6 പദ്ധതികളാണ് അനുമതിക്കായി ഇറിഗേഷന്‍ വകുപ്പു സമര്‍പ്പിച്ചിട്ടുളളത്. 25 കോടി രൂപ അടങ്കലില്‍ പുഴയ്ക്കല്‍ തോടില്‍ ചെക്ക് ഡാം, 24 കോടി രൂപയ്ക്ക് കരുവന്നൂര്‍ പുഴയ്ക്ക് കുറുകെ മുനയത്ത് റഗുലേറ്റര്‍, 17.63 കോടി രൂപയ്ക്ക് കാനത്തോടില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നിവയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ചത്. 17 കോടി രൂപയ്ക്ക് കുറുമാലി പുഴയില്‍ കന്നാറ്റുപാടത്ത് ചെക്ക്ഡാം കം ബ്രിഡ്ജ്, 25 കോടി രൂപയ്ക്ക് കാരുകുളത്ത് ചെക്ക് ഡാം കം ബ്രിഡ്ജ്, 20 കോടി രൂപയ്ക്ക് തോട്ടുമുഖത്ത് ചെക്ക് ഡാം കം ബ്രിഡ്ജ് തുടങ്ങിയവയാണ് ഗ്രീന്‍ബുക്കില്‍ ഉള്‍പ്പെടുത്തി അനുമതിക്കായി സമര്‍പ്പിച്ചവ.
    അഡീഷണല്‍ ഇറിഗേഷന്‍ വിഭാഗവും ജില്ലയില്‍ കാര്യക്ഷമമയാണ് പ്രവര്‍ത്തിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ചെറുതുരുത്തിയില്‍ ഭാരതപ്പുഴയില്‍ നിര്‍മ്മിക്കുന്ന തടയണ പൂര്‍ത്തിയായിക്കഴിഞ്ഞു. 7 കോടി രൂപ ചെലവില്‍ ഷണ്‍മുഖം കനാലിന്‍റെ 1400 മീറ്റര്‍ മുതല്‍ 4935 മീറ്റര്‍ വരെയുളള അഭിവൃദ്ധി പണികള്‍ പുരോഗമിക്കുന്നു. ചാലക്കുടി പുഴയില്‍ പാലപ്പുഴ കടവിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജിനുളള പര്യവേഷണം, ബ്ലാങ്ങാച്ചല്‍-അറപ്പത്തോടിന്‍റെ ഇടത് കരയുടെ സംരക്ഷണം, കൊച്ചന്‍ പാറക്കടവ് ചെക്ക് ഡാമിന്‍റെ അറ്റകുറ്റപ്പണികള്‍, പി ഡി കാനാലിലെ ഒരുമനയൂര്‍ ലോക്കിന്‍റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ചെറുകിട ജലസേചന പദ്ധതി പ്രവര്‍ത്തനങ്ങളുമായി മൈനര്‍ ഇറിഗേഷന്‍ വിഭാഗവും സജീവമാണ്. 

date