Skip to main content

അടൂര്‍ ശ്രീമൂലം ചന്ത വികസനത്തിലേക്ക്; 2.31 കോടി രൂപയുടെ കിഫ്ബി പദ്ധതി ടെന്‍ഡര്‍ പൂര്‍ത്തീകരിച്ചു- ഡെപ്യുട്ടി സ്പീക്കര്‍

അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റ് വികസനത്തിനായി കിഫ്ബി അനുവദിച്ച 2.31 കോടി രൂപയുടെ പദ്ധതി ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചതായി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കേരളാ സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ്.
നിലവിലുള്ള പഴയ കെട്ടിട ഭാഗങ്ങള്‍ പൊളിച്ചു മാറ്റി ആധുനിക സൗകര്യങ്ങളോടു കൂടിയ മീന്‍/ ഇറച്ചി സ്റ്റാളുകള്‍, പച്ചക്കറികള്‍ക്കും ഇതര വ്യാപാരങ്ങള്‍ക്കുമായി സൗകര്യപ്രദമായ സ്റ്റാളുകള്‍ അടക്കമുള്ള സമഗ്ര വികസന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. വരുമാന ലഭ്യതയുടെ അടിസ്ഥാനത്തില്‍ ലാഭത്തിന്റെ മൂന്നിലൊന്ന് കിഫ്ബിയില്‍ വായ്പാ തിരിച്ചടവു പോലെ നല്‍കേണ്ടതാണ്. ഈ പദ്ധതി പൂര്‍ത്തീകരണത്തോടെ മാര്‍ക്കറ്റിന് ലഭ്യമാകാന്‍ സാധ്യതയുള്ള ചിലവ് കഴിച്ചുള്ള വരുമാനം ഉചിത മാര്‍ഗേന തിട്ടപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ്, അടൂര്‍ നഗരസഭ, കിഫ്ബി എന്നിവര്‍ ചേര്‍ന്ന് അംഗീകരിക്കുന്ന ട്രൈപാര്‍ട്ടി എഗ്രിമെന്റ് വച്ച ശേഷം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭമാകും.
പദ്ധതിയുടെ പ്രാദേശിക തലത്തിലുള്ള മുന്‍സിപ്പാലിറ്റി നടപടികളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഡി. സജിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നുവെന്നും ഡെപ്യുട്ടി സ്പീക്കര്‍ സൂചിപ്പിച്ചു. സമയബന്ധിതമായി തുടര്‍നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

date