ഉറവിടത്തില്‍ മാലിന്യം സംസ്കരിക്കണം - പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
ഉറവിടത്തില്‍തന്നെ മാലിന്യം സംസ്കരിക്കാനും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ജില്ലാ പഞ്ചായത്തിന്‍റെ എല്ലാ പൊതുപരിപാടികളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംഘടിപ്പിക്കുകയെന്നും പ്രസിഡണ്ട് അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുളള നോഡല്‍ ഓഫീസര്‍മാരുടെ ദ്വിദിന പരിശീലന ക്യാമ്പ് കോസ്റ്റ് ഫോര്‍ഡ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.
വിദ്യാസമ്പന്നരായ ജീവനക്കാര്‍പോലും സാനിട്ടറി പാഡുകള്‍ ശുചിമുറിയില്‍ ഉപേക്ഷിച്ച് പൈപ്പ് അടയുന്നത് വേദനാജനകമാണ്. സ്വന്തം വീട്ടിലായിരുന്നുവെങ്കില്‍ ഇവര്‍ ഇങ്ങനെ പ്രവര്‍ത്തിക്കുമോ എന്നും പ്രസിഡണ്ട് ആശങ്ക പ്രകടിപ്പിച്ചു. ശുചിമുറി മുതല്‍ ഇരിപ്പിടവും ഓഫീസും പരിസരവും ശുചിത്വ പൂര്‍ണ്ണവും പരിസ്ഥിതി സൗഹൃദവുമാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനുളള മനോഭാവം എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നും പ്രസിഡണ്ട് ആശംസിച്ചു. മെയ് 10 നകം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജൈവ അജൈവ മാലിന്യം വേര്‍തിരിക്കണം. മെയ് 15 മുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗ് സിവില്‍ സ്റ്റേഷനില്‍ നിരോധിക്കും. മെയ് 30 ന് ശുചിമുറികളില്‍ വെളളവും വെളിച്ചവും വൃത്തിയും ഉറപ്പുവരുത്തണം. തെരഞ്ഞെടുക്കപ്പെട്ട ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍മാര്‍ 31 നു ശേഷം ഓഫീസുകള്‍ സന്ദര്‍ശിച്ച് ശുചിത്വ മിഷന് റിപ്പോര്‍ട്ട് നല്‍കും. മികച്ച പ്രവര്‍ത്തനത്തിന് സമ്മാനവും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്ക് പിഴ ഉണ്ടാകുമെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജയ് പി ബാല്‍ അറിയിച്ചു.
ഗ്രീന്‍ പ്രോട്ടോകോള്‍ എന്ത് എന്തിന് എന്ന വിഷയത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ജി പ്രാണ്‍സിങ്, പരിശീലന രീതിശാസ്ത്രം കുടുംബശ്രീ അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍, ഗ്രീന്‍ പ്രോട്ടോകോള്‍ ചെക്ക് ലിസ്റ്റ് പരിചയപ്പെടുത്തലും ഓഫീസ് സന്ദര്‍ശനത്തെക്കുറിച്ചും സീനിയര്‍ സൂപ്രണ്ട് ടി എ പ്രേമരാജനും ക്ലാസ്സെടുത്തു. ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എസ് ജയകുമാര്‍ സ്വാഗതവും റിസോഴ്സ് പേഴ്സണ്‍ പി എ ഷമീര്‍ നന്ദിയും പറഞ്ഞു. തെരഞ്ഞെടുത്ത 30 പേര്‍ക്കാണ് ആദ്യ ബാച്ചില്‍ രണ്ടു ദിവസത്തെ പരിശീലനം നല്‍കുന്നത്.
പരിശീലനത്തിന്‍റെ ഭാഗമായി നോഡല്‍ ഓഫീസര്‍മാര്‍ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, എ ഡി സി ജനറല്‍ ഓഫീസ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ ഓഫീസ് എന്നിവ സന്ദര്‍ശിച്ച് വിവരം ശേഖരിച്ചു. ശേഖരിച്ച വിവരം ക്രോഡീകരിച്ചുളള ചര്‍ച്ചയും തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള പരിശീലനവും ഇന്ന് (മെയ് 4) കോസ്റ്റഫോര്‍ഡില്‍ നടക്കും.
- Log in to post comments