Skip to main content

ചെറുകിട സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കി  വികസനം ലക്ഷ്യമിട്ട് ജില്ലാ വ്യവസായ കേന്ദ്രം

സംസ്ഥാനത്ത് സൂക്ഷ്മ ചെറുകിട വ്യവസായ രംഗത്ത് രണ്ടാം സ്ഥാനമാണ് തൃശൂര്‍ ജില്ലയ്ക്കുള്ളത്. കാര്‍ഷിക-പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കിയാത് ജില്ലയിലെ വ്യവസായ മേഖലയുടെ നിലനില്‍പ്പ്. മൊത്തം 1500 കോടി രൂപയുടെ നിക്ഷേപമാണ് 14500 ചെറുകിട സംരംഭങ്ങള്‍ വഴി ജില്ലയില്‍ നടന്നത്. ഇതുവഴി 85000 തൊഴില്‍ അവസരങ്ങളുണ്ടായി. ചെറുകിട വ്യവസായ മേഖലയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ജില്ലയുടെ വ്യവസായ മേഖലയുടെ വികസനം സാധ്യമാകുന്നത്. ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ എന്‍റര്‍ ത്രൈസിംഗ് തൃശൂര്‍ എന്ന ആശയംതന്നെ ഈയൊരു ലക്ഷ്യം വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജില്ലയില്‍ 223.6 കോടി രൂപയുടെ നിക്ഷേപമാണ് ചെറുകിട വ്യവസായ മേഖലയില്‍ നടന്നത്. 2292 സംരംഭങ്ങള്‍ തുടങ്ങി. 10500 തൊഴില്‍ അവസരങ്ങളുണ്ടായി. ഈ വര്‍ഷം മാത്രം 110 കോടിയുടെ നിക്ഷേപമാണ് നടന്നത്. 1700 സംരംഭങ്ങളും 550 തൊഴില്‍ അവസരങ്ങളുമുണ്ടായി 2016-17ല്‍ 1592 സംരംഭങ്ങളിലായി 113.6 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. 5000ല്‍ ഏറെ തൊഴിലവസരങ്ങളുണ്ടായി. ചെറുകിട വ്യവസായ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കിവരുന്നത്.
    തലപ്പിള്ളി താലൂക്കിലെ വരവൂര്‍ വില്ലേജില്‍ 8.55 ഏക്കറില്‍ വികസിപ്പിക്കുന്ന വരവൂര്‍ വ്യവസായ പാര്‍ക്കാണ് അതിലൊന്ന്. 1.93 കോടി രൂപ ചെലവില്‍ വ്യവസായ വകുപ്പ് ഏറ്റെടുത്ത സ്ഥലം 13.45 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. കിറ്റ്കോയ്ക്കാണ് നിര്‍മാണ ചുമതല. ഇതുവരെ രണ്ടുകോടി എഴുപത് ലക്ഷം രൂപ ചെലവഴിച്ചു നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരുന്നു. വ്യവസായ പാര്‍ക്കില്‍ സ്ഥലം ലഭിക്കുന്നതിന് 129 അപേക്ഷകള്‍ ലഭിച്ചു. മൂന്നാംഘട്ട വികസനത്തിനായി 10.45 കോടി രൂപയുടെ പദ്ധതിരൂപരേഖ സാങ്കേതികാനുമതിക്കായി സര്‍ക്കാരിനു സമര്‍പ്പിച്ചു.
    മറ്റൊരു പ്രധാന പദ്ധതിയാണ് പുഴയ്ക്കല്‍ വ്യവസായ പാര്‍ക്ക്. അഞ്ചുഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ച വ്യവസായ പാര്‍ക്കിന്‍റെ രണ്ടാംഘട്ട പ്രവൃത്തികള്‍ നടന്നുവരുന്നു. പുഴയ്ക്കലില്‍ കിന്‍ഫ്രയ്ക്ക് നല്‍കിയ 40 ഏക്കര്‍ കഴിഞ്ഞു ബാക്കിയുള്ള 11.41 ഏക്കറിലാണ് വ്യവസായ പാര്‍ക്കിന്‍റെ നിര്‍മാണം. ആദ്യഘട്ടത്തില്‍ 2.5 ഏക്കറില്‍ 1,11,816.2 ചതുരശ്ര അടിയില്‍ മൂന്നു നിലകളിലുള്ള കെട്ടിടത്തിന്‍റെ പ്രധാന സിവില്‍ വര്‍ക്കുകള്‍ സിഡ്കോ പൂര്‍ത്തിയാക്കി. 15 കോടി രൂപ ചെലവില്‍ കെട്ടിടം, പാര്‍ക്കിംഗ്, ഇന്‍റേണല്‍ റോഡുകള്‍, ഡ്രൈനേജ്, കള്‍വര്‍ട്ട് എന്നിവയാണു പൂര്‍ത്തീകരിച്ചത്. അഗ്നിസുരക്ഷാ സംവിധാനം, ഇലക്ട്രിക്കല്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, ലിഫ്റ്റ് എന്നീ പ്രവൃത്തികള്‍ തീര്‍ക്കുന്നതിന് 20.42 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിക്കാനുണ്ട്.
    കിറ്റ്കോയ്ക്കാണ് രണ്ടാംഘട്ട വികസനത്തിന്‍റെ ചുമതല. 22.5 കോടി രൂപയാണ് എസ്റ്റിമേറ്റ്. 3.75 ഏക്കറില്‍ 129000 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലാണ് കെട്ടിടം നിര്‍മിക്കുന്നത്. പ്രവൃത്തികള്‍ 20.5 കോടി രൂപയ്ക്ക് ടെണ്ടര്‍ നല്‍കി. 2017 ഏപ്രില്‍ മുതല്‍ പ്രവൃത്തികള്‍ തുടങ്ങി. ഏകദേശം 9.1 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.
    അയ്യന്‍കുന്ന് വ്യവസായ എസ്റ്റേറ്റ്, അത്താണി വ്യവസായ എസ്റ്റേറ്റ് എന്നിവിടങ്ങളിലെ ആഭ്യന്തര റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി എഴുപത്തിയഞ്ചര ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കൈമാറി. അയ്യന്‍കുന്നില്‍ 16 ലക്ഷം രൂപയുടേയും അത്താണിയില്‍ 59.5 ലക്ഷം രൂപയുടേയും പ്രവൃത്തികളാണു നടക്കുക.
    അയ്യന്‍കുന്ന്- വേളക്കോട് സെബിക്കേറ്റസ് പവര്‍ ഫീഡല്‍ 70:30 സ്കീമില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. 51 ലക്ഷം രൂപ പദ്ധതി വിഹിതം. 32.7 ലക്ഷം രൂപ സര്‍ക്കാര്‍ ഷെയര്‍. 15.30 ലക്ഷം രൂപ ഗുണഭോക്തൃവിഹിതം എന്നിവ ചേര്‍ത്ത് 98 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 
    ഊര്‍ജിത വ്യവസായ വത്കരണത്തിന്‍റെ ഭാഗമായി വ്യവസായ സംസ്കാരം സംരംഭകത്വ ബോധം എന്നിവ വളര്‍ത്തുന്നതിന് വിവിധ പരിപാടികള്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ചു. 15 ദിവസം നീണ്ട സംരംഭകത്വ വികസന പരിപാടിയില്‍ രണ്ട് തവണയായി 212 പേര്‍ പങ്കെടുത്തു. 206 പേര്‍ പുതിയ പ്രൊജക്ട് കണ്ടെത്തുകയും 202 പേര്‍ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്തു. 
തൃശൂര്‍, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, തലപ്പിള്ളി താലൂക്കുകളില്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് രണ്ടുതവണ സംഘടിപ്പിച്ചു. 887 സംരംഭകര്‍ പങ്കെടുത്തു. ഇതോടൊപ്പം രണ്ടുതവണ ജില്ലാതല ഇന്‍വെസ്റ്റേഴ്സ് മീറ്റും നടത്തി. സംരംഭകരായ 500 പേര്‍ പങ്കെടുത്തു. 300 പുതിയ പ്രൊജക്ടുകള്‍ 300 സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 
    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സംരംഭകത്വ സെമിനാറുകള്‍, ജില്ലയിലെ ഭക്ഷ്യസംരക്ഷണ യൂണിറ്റുകള്‍ക്കായി ദ്വിദിന സാങ്കേതിക ശില്‍പശാല, ജില്ലാതല വ്യവസായ പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ലാതല വ്യവസായ പ്രദര്‍ശനം ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്. 10.5 ലക്ഷം രൂപയുടെ വില്‍പനയും ഒമ്പതുലക്ഷം രൂപയ്ക്കുള്ള ഓര്‍ഡറുകളും ലഭിച്ചു.
    വിദ്യാര്‍ഥികളില്‍ സംരംഭകത്വ ബോധം സൃഷ്ടിക്കുന്നതിനായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 67 എന്‍റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്‍റ് ക്ലബുകള്‍ക്കാണ് വ്യവസായ വകുപ്പ് രൂപം നല്‍കിയത്. 2016-17ല്‍ 34 ക്ലബുകള്‍ക്ക് 270000 രൂപയും 2017-18ല്‍ 42 ക്ലബുകള്‍ക്കായി 420000രൂപയും ധനസഹായം നല്‍കിക്കഴിഞ്ഞു. സംരംഭകര്‍ക്കും മറ്റും മികച്ച സേവനത്തിനായി ഇന്‍ക്യൂബേഷന്‍ സെന്‍റര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലുണ്ട്. അത്യന്താധുനിക വിവര സാങ്കേതിക സംവിധാനങ്ങള്‍ ഇന്‍ക്യൂബേറ്ററില്‍ ഒരുക്കിയിട്ടുണ്ട്. 
    വ്യവസായ വികസനത്തിനായി വിവിധതരം ക്ലസ്റ്ററുകളും ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. പരമ്പരാഗത ഫര്‍ണീച്ചര്‍ ക്ലസ്റ്റര്‍, ഡയമണ്ട് ക്ലസ്റ്റര്‍ തളിക്കുളം അപ്പാരല്‍ ക്ലസ്റ്റര്‍, ബനാന ഫൈബര്‍ എക്ട്രാക്ഷന്‍ പ്രൊജക്ട് ക്ലസ്റ്റര്‍ എന്നിവയാണവ. തൃശൂര്‍ ട്രഡീഷണല്‍ ഫര്‍ണിച്ചര്‍ ക്ലസ്റ്ററിന്‍റേതിന് 1445.8 ലക്ഷം രൂപയാണ് പദ്ധതി തുക. മുണ്ടൂരിലാണ് ഡയമണ്ട് ക്ലസ്റ്റര്‍ സ്ഥാപിക്കുക. 300.22 ലക്ഷം രൂപയാണ് പദ്ധതി തുക. പ്രൊജക്ട് റിപ്പോര്‍ട്ട് അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. തളിക്കുളം ബ്ലോക്കില്‍ 250 യൂണിറ്റുകളെ ഉള്‍പ്പെടുത്തിയാണ് തളിക്കുളം അപ്പാരല്‍ ക്ലസ്റ്റര്‍ രൂപീകരിച്ചിരിക്കുന്നത്. 67.5 ലക്ഷം രൂപയാണ് പദ്ധതി തുക. 23ലക്ഷം രൂപ മൂലധനത്തിലാണ് ബനാന ഫൈബര്‍ എക്സ്ട്രാക്ഷന്‍ പ്രൊജക്ട് ക്ലസ്റ്ററ് തുടങ്ങുക. ബനാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സേവനത്തോടെയാണിത്.
    ഇതിനുപുറമെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് തുടക്കത്തിലും തുടര്‍ന്നും കൈത്താങ്ങാവുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് ആരംഭിച്ച സംരംഭകത്വ സഹായ പദ്ധതി അഥവ ഇഎസ്എസ് ജില്ലയില്‍ സജീവമാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 267 സംരംഭങ്ങള്‍ക്ക് 11.53 കോടി രൂപ ഈ പദ്ധതി വഴി വിതരണം ചെയ്തു. 1500ല്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
    പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതി അഥവാ പിഎംഇജിപി വഴി 147 സംരംഭങ്ങള്‍ക്ക് 282.38 ലക്ഷം രൂപ അനുവദിച്ചു. 750 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനായി. 
    കാര്‍ഷിക ഭക്ഷ്യ സംരക്ഷണ മേഖലയില്‍ സാങ്കേതിക മുന്നേറ്റം, വിപണന വ്യാപനം, തൊഴിലവസരങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഈ വര്‍ഷം മാര്‍ച്ച് ആദ്യവാരം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച അഗ്രോ ഫുഡ്പ്രോ പ്രദര്‍ശന വിപണന മേള പുതിയ ഉണര്‍വാണ് ഉണ്ടാക്കിയത്. 102 എംഎസ്എംഇ യൂണിറ്റുകള്‍ 22 നാനോ സംരംഭങ്ങള്‍, 20 മെഷനറി നിര്‍മാതാക്കള്‍, 26 സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിങ്ങനെ 170 സ്റ്റാളുകളാണ് മേളയിലുണ്ടായിരുന്നത്. 55 ലക്ഷം രൂപ ചെലവില്‍ സംഘടിപ്പിച്ച അഗ്രോ പ്രോ 2018ല്‍ രണ്ടുലക്ഷം പേര്‍ സന്ദര്‍ശിച്ചു. മൂന്നു കോടി രൂപയുടെ വില്‍പന നടന്നു. 
    ഈസ് ഓഫ് സ്ക്രൂയിംഗ് ബിസിനസിന്‍റ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഡിനന്‍സിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. 
    കരകൗശല മേഖലയിലുള്ളവരെ സഹായിക്കുന്ന ആശാപദ്ധതി വഴി ജില്ലയില്‍ ഏഴു പേര്‍ക്ക് 9.75 കോടി രൂപയുടെ ധനസഹായം നല്‍കി. 
    സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിയുടെ ഭാഗമായി തൃശൂര്‍, മുകുന്ദപുരം സര്‍ക്കിളുകളിലെ 12 കൈത്തറി നെയ്ത്ത് സംഘങ്ങളിലെ 89 തറികളില്‍ നെയ്ത്ത് തുടങ്ങി. ജില്ലയിലെ 120 സ്കൂളുകളിലെ 115295 വിദ്യാര്‍ഥികള്‍ക്ക് രണ്ടു ജോഡി വസ്ത്രങ്ങളാണ് നല്‍കുക. തറികളുടെ അറ്റകുറ്റപ്പണികള്‍ക്കായി 320000 രൂപ ഗ്രാന്‍റായി നല്‍കി. നെയ്ത്ത് കൂലി ഇനത്തില്‍ 63 ലക്ഷം രൂപ അനുവദിച്ചു. ഇതുവരെ 85 687 മീറ്റര്‍ യൂണിഫോം നെയ്തുകഴിഞ്ഞു. 
    കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച ഓണം, ക്രിസ്മസ് എക്സ്പോകളും വലിയ നേട്ടമാണുണ്ടാക്കിയത്. ഇന്‍കം സപ്പോര്‍ട്ട് സ്കീമിന്‍റെ ഭാഗമായി രണ്ടാഴ്ചയ്ക്കിടെ 1108688 ലക്ഷം രൂപ 187 നെയ്ത്തുകാര്‍ക്ക് വിതരണം ചെയ്തു. സിടിഎഫ് ഇനത്തില്‍ രണ്ടുവര്‍ഷത്തിനിടെ 11.50 ലക്ഷം രൂപ വിതരണം ചെയ്തു. പ്രൊഡക്ഷന്‍ ഇന്‍റന്‍സീവ് ഇനത്തില്‍ 2016-17 ല്‍ 207 നെയ്ത്തുകാര്‍ക്ക് 3264000 രൂപയും നല്‍കി. കലാപരമായ കൈത്തറി പ്രോത്സാഹനത്തിന്‍റെ ഭാഗമായും വിവിധ സഹായങ്ങളാണ് ജില്ലാ വാണിജ്യവ്യവസായ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പാക്കിയത്.

date