Skip to main content

കുന്ദമംഗലം മണ്ഡലത്തിലെ പാലം പ്രവൃത്തികള്‍  ത്വരിതപ്പെടുത്താന്‍ തീരുമാനം

 

 

 

കുന്ദമംഗലം മണ്ഡലത്തിലെ പാലം പ്രവൃത്തികളുടെ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് തീരുമാനമായി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹാളില്‍ പി.ടി.എ റഹീം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്.
 
ഒളവണ്ണ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് ഭരണാനുമതിയുള്ള മൂന്ന് പാലങ്ങളുടേയും പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് സ്ഥലം ലഭ്യമാക്കല്‍ നടപടി ത്വരിതപ്പെടുത്തും. തൊണ്ടിലക്കടവ് പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷനുകള്‍ പൂര്‍ത്തീകരിച്ചതായും ആവശ്യമായ തുക സംബന്ധിച്ച പ്രൊപ്പോസല്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ലാന്റ്് അക്വിസിഷന്‍ തഹസില്‍ദാര്‍ അറിയിച്ചു.

പിലാക്കലില്‍ നിലവിലുള്ള ഭരണാനുമതി നടപ്പാലം നിര്‍മ്മിക്കുന്നതിനാണെങ്കിലും പ്രദേശവാസികള്‍ സ്ഥലം വിട്ടു നല്‍കണമെന്ന ഉപാധിയോടെ വലിയ പാലം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുന്നതിനും പള്ളിക്കടവില്‍ ലഭ്യമാക്കേണ്ട കുറഞ്ഞ സ്ഥലം കൂടി കിട്ടുന്ന മുറക്ക് പാലത്തിന്റെ സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തികള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു. 

ഭരണാനുമതി ലഭിച്ച പടനിലം പാലത്തിന്റെ സ്ഥലമെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തും. ടെണ്ടര്‍ ചെയ്ത ചെട്ടിക്കടവ് പാലത്തിന്റെ പ്രവൃത്തികള്‍  ഉടനെ ആരംഭിക്കും. മുക്കത്ത്കടവ് പാലത്തിന് പുതിയ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിനും ഭരണാനുമതിയുള്ള തലപ്പനക്കുന്ന് പാലത്തിന്റെ നടപടികള്‍ വേഗത്തിലാക്കുന്നതിനും തീരുമാനിച്ചു. മുടങ്ങിക്കിടന്ന മൂഴാപാലം പ്രവൃത്തി പുനരാരംഭിക്കാനും വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് പാലങ്ങള്‍ വിഭാഗം എക്‌സി. എഞ്ചിനീയര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ പറശ്ശേരി, ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ ജയപ്രശാന്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ സിന്ധു, പി ഷിബില, പി വേലായുധന്‍, വി.സി മുഹമ്മദ് കോയ, എം.എം ഗണേശന്‍, എന്‍.എം സുദേവന്‍,
പാലങ്ങള്‍ വിഭാഗം എക്സി. എഞ്ചിനീയര്‍ ബെന്നി ജോണ്‍, അസി. എഞ്ചിനീയര്‍ പി സന്തോഷ്, ലാന്റ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍മാരായ പി രാജീവന്‍, കെ ഹരീഷ്, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ ബൈജു എന്നിവര്‍ സംസാരിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി സ്വാഗതവും പാലങ്ങള്‍ വിഭാഗം അസി. എക്സി. എഞ്ചിനീയര്‍ പി.ബി ബൈജു നന്ദിയും പറഞ്ഞു.

date