Skip to main content

ജില്ലാ പഞ്ചായത്തിന്റെ തണല്‍ പദ്ധതി; വിതരണം ചെയ്തത് അഞ്ച് ലക്ഷം വൃക്ഷതൈകള്‍

 

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ജലശ്രീ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തണല്‍ പദ്ധതി സംസ്ഥാനത്തിനാകെ മാതൃകയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.  പരിസ്ഥിതി ദിനത്തില്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അഞ്ച് ലക്ഷം ഫലവൃക്ഷതൈകളാണ് ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തത്.  ഇത് അനുകരണീയമാണെന്നും മന്ത്രി.  തണല്‍ പദ്ധതിയുടെ ഉദ്ഘാടനം ഫലവൃക്ഷതൈ നട്ട് നിര്‍വഹിച്ച ശേഷം അരുവിക്കര ഡാം ആഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  പ്രകൃതിയില്‍ മനുഷ്യന്‍ ആഘാതമേല്‍പ്പിക്കുന്നതിനനുസരിച്ച് അതിന്റെ ദോഷം കൂടി താങ്ങാന്‍ തയ്യാറാകേണ്ടിവരുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.  തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.  

ഡാം റിസര്‍വോയര്‍ സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ഡോ. എ. സമ്പത്ത് എം.പി യും ഏറ്റവും നല്ല തൈകള്‍ ഉല്‍പ്പാദിപ്പിച്ച നഴ്‌സറികള്‍ക്കുള്ള അവാര്‍ഡ് വിതരണം കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയും നിര്‍വഹിച്ചു. 

പദ്ധതിയുടെ ഭാഗമായി 602 ഫലവൃക്ഷ നഴ്‌സറികളില്‍ നിന്ന് 21 ലക്ഷം തൈകള്‍ ഉല്‍പ്പാദിപ്പിച്ചതായി പരിപാടിയില്‍ അധ്യക്ഷനായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു.  പ്ലാവ്, പുളി, മാവ്, പേര, കശുമാവ് തുടങ്ങിയ ഫലവൃക്ഷതൈകളാണ് ഉല്‍പ്പാദിപ്പിച്ചത്.  ഇതില്‍ 5,94,000 തൈകള്‍ സ്‌കൂളുകള്‍ക്ക് കൈമാറിയിട്ടുണ്ട്.  ബാക്കി കൃത്യമായി പരിപാലിച്ച് ത്രിതല പഞ്ചായത്തകളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നട്ടുവളര്‍ത്തും.  ജില്ലയില്‍ അശരണരായ 4,200 പേര്‍ക്ക് ദിവസവും ഒരു നേരം പൊതിച്ചോര്‍ എത്തിക്കുന്ന പാഥേയം പദ്ധതി നന്നായി നടക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  മാനസിക വെല്ലുവിളി നേരിടുന്ന 3212 കുട്ടികള്‍ക്ക് വര്‍ഷത്തില്‍ 28,500 രൂപ വീതം സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നുണ്ട്.  അരുവിക്കര പഞ്ചായത്തിന് പുതിയ ഒരു ആഡിറ്റോറിയം പണിതു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രഞ്ജിത്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.കെ. പ്രീജ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ഗീത രാജശേഖരന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബി.പി. മുരളി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, ജില്ലാ പഞ്ചായത്തംഗങ്ങളായ എല്‍.പി മായാദേവി, ആനാട് ജയന്‍, വിജുമോഹന്‍, അരുവിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.   
                                    
(പി.ആര്‍.പി 1617/2018)

 

date