കണ്ണൂര്‍ അറിയിപ്പുകള്‍ 17-09-2021
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ രചന ശരീര വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. വാക്ക്-ഇന്‍ ഇന്റര്‍വ്യൂ സപ്തംബര്‍ 23ന് രാവിലെ 11 മണിക്ക് പരിയാരം ഗവ. ആയുര്‍വേദ കോളേജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, ആധാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, സേഫ്റ്റി മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ 30. ഫോണ്‍: 8281723705.
കെ സി മാധവന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ മുന്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കെ സി മാധവന്‍ മാസ്റ്ററുടെ പേരില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തതും ജില്ലയില്‍ 2020-21 വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയതുമായ ലൈബ്രറിക്കാണ് അവാര്‍ഡ് ലഭിക്കുക. സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 16 നകം അപേക്ഷ ലഭിക്കണം. അപേക്ഷാ ഫോറം ജില്ലാ-താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസുകളില്‍ ലഭിക്കും.
ഐ വി ദാസ് പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു
ജില്ലാ ലൈബ്രറി കൗണ്‍സില്‍ കൈരളി ബുക്‌സുമായി സഹകരിച്ച് സംസ്ഥാനത്തെ 50 വര്‍ഷം പിന്നിട്ട മികച്ച ഗ്രന്ഥാലയത്തിന് നല്‍കിവരുന്ന ഐ വി ദാസ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 25,000 രൂപക്കുള്ള പുസ്തകങ്ങളും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തനമാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഒക്‌ടോബര്‍ 16 നകം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അപേക്ഷ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം ജില്ലാ- താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസുകളില്‍ ലഭിക്കും.
കുടുംബശ്രീ സംരംഭങ്ങള്‍ക്ക് മൂന്നു കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പ
ഒ ബി സി, ന്യൂനപക്ഷ അയല്‍ക്കൂട്ടങ്ങള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി ഡി എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന പദ്ധതി പ്രകാരം വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ഒരു കുടുംബശ്രീ സി ഡി എസ്സിന് പരമാവധി മൂന്ന് കോടി രൂപ വരെ വായ്പ അനുവദിക്കും.
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരമുള്ള വായ്പക്ക് കുറഞ്ഞത് 60% പേരെങ്കിലും ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങള്‍ ആയിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെ.
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരമുള്ള വായ്പക്ക് അയല്‍ക്കൂട്ടങ്ങളിലെ 75% അംഗങ്ങളെങ്കിലും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 98,000 രൂപ വരെയും നഗര പ്രദേശങ്ങളില്‍ 1.2 ലക്ഷം രൂപ വരെയും.
ശുചീകരണ മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അയല്‍കൂട്ടങ്ങള്‍ക്കും വായ്പ അനുവദിക്കും. വ്യക്തിപരമായും ജെ എല്‍ ജി ഗ്രൂപ്പ് അയല്‍കൂട്ടം സിഡിഎസ് അടിസ്ഥാനത്തിലും ഏതു സംരംഭങ്ങളും നടത്താം. മാലിന്യ സംസ്‌കരണ/ശുചീകരണ/ഹരിത സാങ്കേതിക വിദ്യാ മേഖലയില്‍ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി അടിസ്ഥാനത്തിലും യോഗ്യമായ സംരംഭങ്ങള്‍ ആരംഭിക്കാം. പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com ല്‍ ലഭിക്കും. അപേക്ഷ കോര്‍പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളില്‍ ഒക്ടോബര്‍ 15നകം സമര്‍പ്പിക്കണം. പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സിഡിഎസുകള്‍ വിശദമായ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 0497 2706197.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തളിപ്പറമ്പ് താലൂക്ക് ചുഴലി വില്ലേജിലുള്ള നിടുവാലൂര്‍ സോമേശ്വരി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിയെ നിയമിക്കുന്നു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ്, നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിത്താപുരം, മുണ്ടേരിപീടിക, തട്ട്പറമ്പ് പരിസരം,, ചിറക്കുതാഴെ, കെ വി ആര്‍ പരിസരം, എടക്കാട് വില്ലേജ് ഓഫീസ് പരിസരം, സൂര്യനഗര്‍ എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 18 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അരവഞ്ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ സപ്തംബര്‍ 18 ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പിഎം ദക്ഷ്: യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നേടാം
പ്രധാനമന്ത്രി ദക്ഷത ഔര്‍ കുശലത സമ്പന്ന് ഹിത്ഗ്രാഹി യോജന-പിഎം ദക്ഷ് പദ്ധതിയില്‍ തൊഴില്‍ പരിശീലനത്തിനും സംരംഭക പ്രോത്സാഹനത്തിനും അപേക്ഷ ക്ഷണിച്ചു. പട്ടിക ജാതി വിഭാഗക്കാര്‍, മറ്റ് പിന്നോക്ക വിഭാഗത്തിലെ ദരിദ്രര്‍, ട്രാന്‍സ്‌ജെന്റര്‍, ശുചീകരണ തൊഴിലാളി കുടുംബങ്ങള്‍ എന്നിവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഈ വിഭാഗത്തിലെ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നൈപുണ്യ വികസനം, തൊഴില്‍ പരിശീലനം, സംരംഭക വികസനം എന്നിങ്ങനെയുള്ള സൗജന്യ പരിശീലന പരിപാടികളാണ് ഈ പദ്ധതി പ്രകാരം കേന്ദ്ര സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്നത്. താല്‍പ്പര്യമുള്ള യുവജനങ്ങള്‍ക്ക് pmdaksh.dosje.gov.in എന്ന സൈറ്റിലോ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് PM-DAKSH മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ രജിസ്്റ്റര്‍ ചെയ്യാവുന്നതാണ്.
കെല്‍ട്രോണില്‍ ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം- ഓണ്‍ലൈന്‍ / ഹൈബ്രിഡ് കോഴ്‌സിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 30 വയസ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലനം. അപേക്ഷാ ഫോറം ksg.keltron.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍ 30 നകം സമര്‍മിപ്പിക്കണം. ഫോണ്‍: 9544958182, 8137969292.
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി;
ന്യൂനപക്ഷ വനിതകള്‍ക്ക് അപേക്ഷിക്കാം
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് അമ്പതിനായിരം രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി പി എല്‍ കുടുംബത്തിന് മുന്‍ഗണന. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, അത്തരം മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനമുള്ള മക്കളുള്ളവരും സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, കലക്ടറേറ്റ് എന്ന വിലാസത്തില്‍ അപേക്ഷിക്കാം. പുതുക്കിയ അപേക്ഷ ഫോറം www.minoritywelfare.kerala.gov.in ല്‍ നിന്നും ലഭിക്കും. അവസാന തീയതി സപ്തംബര്‍ 30.
പോളി; ലാറ്ററല്‍ എന്‍ട്രി പ്രവേശന കൗണ്‍സിലിങ്ങ്
പോളിടെക്‌നിക് കോളേജ് രണ്ടാം വര്‍ഷ പ്രവേശനത്തിന് ലാറ്ററല്‍ എന്‍ട്രിയിലൂടെ അപേക്ഷിച്ചവര്‍ക്ക് കൗണ്‍സിലിങ്ങ് മുഖേന പ്രവേശനം നടത്തുന്നു. കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കില്‍ സപ്തംബര്‍ 20നും പെരിയ കാസര്‍കോട് പോളിടെക്‌നിക്കില്‍ 22നും തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ 23നുമാണ് പ്രവേശനം നടക്കുക. കാസര്‍കോട്്, തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത് ദിവസം രാവിലെ 10.30 നകം കോളേജില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കാഞ്ഞങ്ങാട് പോളിടെക്‌നിക്കില്‍ ഐടിഐ/കെജിസിഇ വിഭാഗക്കാര്‍ രാവിലെ 10 മണിക്കകവും മറ്റുളളവര്‍ 10 നും 11 നുമിടയിലും പേര് രജിസ്റ്റര്‍ ചെയ്യണം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം. ഫോണ്‍: 9495373926, 9497606964, 9946457866.
ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ നിയമനം
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി വയനാട് ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നു. പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം/ പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. രാത്രിയും പകലും ജോലി ചെയ്യാന്‍ താല്‍പര്യവും സ്വന്തമായി ഇരുചക്രവാഹനവും ലൈസന്‍സുമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 22 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, കൊളഗപ്പാറ പി ഒ, പാതിരിപ്പാലം, മീനങ്ങാടി, വയനാട് - 673591 വിലാസത്തിലോ careerbrahmagiri@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ബയോഡാറ്റ നല്‍കണം.
- Log in to post comments