Skip to main content

ബാലവേല ചെയ്യിച്ചാല്‍ ആറ് മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവും  അന്‍പതിനായിരം രൂപ വരെ പിഴയും

 

    ജുവൈനല്‍ ജസ്റ്റിസ് ആക്ടിന്‍റെയും ചൈല്‍ഡ് ലേബര്‍ ആക്ടിന്‍റെയും അടിസ്ഥാനത്തിലാണ് ബാലവേലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുക. 2016-ലെ ബാലവേല നിരോധനവും നിയന്ത്രണവും ഭേദഗതി നിയമപ്രകാരം 14 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ ജോലികള്‍ ചെയ്യിപ്പിക്കുന്ന തൊഴിലുടമകള്‍ക്കും 14 മുതല്‍ 18 വയസ്സായവരെ അപകടകരമായ ജോലികള്‍ ചെയ്യിപ്പിക്കുന്ന തൊഴിലുടമകള്‍ക്കും ആറു മാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും 20,000 മുതല്‍ 50,000 രൂപ വരെ പിഴയും കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കും. 
    14 വയസ്സിന് ശേഷം കുട്ടികളെ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യിപ്പിക്കുകയും വരുമാനം തട്ടിയെടുക്കുന്നതും ബാലനീതി നിയമപ്രകാരം അഞ്ചു വര്‍ഷം വരെ കഠിനതടവും ഒരുലക്ഷം പിഴയും ലഭിക്കുന്ന കുറ്റമാണ്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കള്‍ കടത്തുന്നതിനായി കുട്ടികളെ ഉപയോഗിക്കുന്നവര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയും ഈടാക്കും. ബാലവേല ഉള്‍പ്പെടെ കുട്ടികളെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് വിധേയമാക്കുന്ന രക്ഷിതാകള്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുകയും ഒരുലക്ഷം പിഴ ഈടാക്കുകയും ചെയ്യും.     
ബാലവേല ശ്രദ്ധയില്‍പെട്ടാല്‍ വിവരം അറിയിക്കണം
         
    ബാലവേല ശ്രദ്ധയില്‍പെട്ടാല്‍ വിവരം പൊലീസ്, തൊഴില്‍ വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ചൈല്‍ഡ് ലൈന്‍-ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എന്നിവരില്‍ ആരെയെങ്കിലും അറിയിക്കണം. കൂടാതെ ടോള്‍ ഫ്രീ നമ്പരുകളായ 1098, 1517 ലും 0491-2505584 (ജില്ലാ ലേബര്‍ ഓഫീസര്‍), 0491-2531098, 8281899468 (ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍) ലും വിളിച്ചറിയിക്കാം. 
 

date