Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 22-09-2021

ഒഴിവുകള്‍

മഹിളാ സമഖ്യ മുഖേന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സപ്തംബര്‍ 28ന് രാവിലെ 11 മണിക്ക് തൊക്കിലങ്ങാടി ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് അഭിമുഖം. തസ്തിക, യോഗ്യത ചുവടെ ഹോം മാനേജര്‍- എം എസ് ഡബ്ല്യൂ/ സൈക്കോളജിയില്‍ എം എ/എംഎസ്‌സി/ എം എ സോഷ്യോളജി. 25 വയസ്സ് പൂര്‍ത്തിയാകണം. ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ - എം എസ് ഡബ്ല്യൂ/ സൈക്കോളജിയില്‍ എം എ/എംഎസ്‌സി/എം എ സോഷ്യോളജി. 23 വയസ്സ് പൂര്‍ത്തിയാകണം. സൈക്കോളജിസ്റ്റ്(പാര്‍ട്ട് ടൈം)- സൈക്കോളജിയില്‍ എം എസ് സി/എം എ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 23 വയസ്സ് പൂര്‍ത്തിയാകണം. ഫോണ്‍: 0490 2478022, 8078156336.

പഠനമുറി അപേക്ഷ ക്ഷണിച്ചു

എടക്കാട്, കൂത്തൂ പറമ്പ് ബ്ലോക്ക്, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി പരിധിയിലുള്ള ഹൈസ്‌കൂള്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക ജാതി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുട്ടികള്‍ സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്നവരും 800 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വീടുകളില്‍ താമസിക്കുന്നവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ നാല്. ഫോണ്‍: 9947654005

തൈറോയിഡ് കാന്‍സര്‍: എംസിസിയില്‍ അയഡിന്‍-131 ഹൈഡോസ് ചികിത്സ

ഉത്തരകേരളത്തിലെ തൈറോയിഡ് കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി  തലശ്ശേരി മലബാര്‍ കാന്‍സര്‍  സെന്ററില്‍ നൂതന ചികിത്സ രീതികള്‍ ആരംഭിച്ചു. തൈറോയിഡ്  കാന്‍സര്‍ ചികിത്സയ്ക്ക്  ആവശ്യമായ അയഡിന്‍ 131   ചികിത്സയും, നൂതന ടാര്‍ഗെറ്റഡ് തെറാപ്പികളുമാണ് ന്യൂക്ലിയര്‍  മെഡിസിന്‍ വിഭാഗത്തില്‍ തുടങ്ങിയത്. ഒരേസമയം രണ്ട്  രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കാവുന്ന  ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മെറ്റാ അയോഡോ ബെന്‍സില്‍ ഗുവാനിഡിന്‍ പരിശോധന, തെറാപ്പി സൗകര്യങ്ങളുമുണ്ട്. ന്യൂറോബ്ലാസ്റ്റോമ, ഫിയോക്രോമോ സൈറ്റോമ, തുടങ്ങിയ ന്യൂറോഎന്‍ഡോക്രൈന്‍ ട്യൂമറുകള്‍, കാര്‍സിനോയിഡ്, മെഡുല്ലറി തൈറോയിഡ്, കാര്‍സിനോമ എന്നിവ കണ്ടെത്താന്‍ ഇത് സഹായിക്കും. അര്‍ബുദ കോശങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് ചുറ്റുമുള്ള മറ്റു കോശങ്ങളെ നശിപ്പിക്കാതെയുള്ള ടാര്‍ഗെറ്റെഡ്  തെറാപ്പി സംവിധാനങ്ങള്‍, ബോണ്‍ പെയിന്‍ പാലിയേഷന്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്താനുള്ള പി എസ് എം എ - പി ഇ ടി / സി ടി സ്‌കാനിങ്ങും എംസിസിയില്‍ ഉണ്ട്.

സ്മാം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക ഉല്‍പന്ന സംസ്‌ക്കരണ/മൂല്യ വര്‍ധന യന്ത്രങ്ങള്‍, കൊയ്ത്തുമെതി യന്ത്രം, ട്രാക്ടറുകള്‍, പവര്‍ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, സ്‌പ്രേയര്‍, ഏണി, വീല്‍ബാരോ, കൊയ്തു യന്ത്രം, ഞാറു നടീല്‍ യന്ത്രം, നെല്ല് കുത്ത് മില്‍, ഓയില്‍ മില്‍, ഡ്രയര്‍, വാട്ടര്‍ പമ്പ് മുതലായവ സബ്‌സിഡി നിരക്കില്‍ ലഭിക്കും. httsp://agrimachinery.nic.in വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കൃഷിഭവനിലും, ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭിക്കും. ഫോണ്‍:7907911713, 9383472050, 9383472051, 9383472052.

ജലജീവന്‍ പദ്ധതി; താല്‍കാലിക നിയമനം

ജലജീവന്‍ പദ്ധതിയുടെ നടത്തിപ്പിനായി കുടുംബശ്രീ മിഷന്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  മാലൂര്‍, ന്യൂ മാഹി കടമ്പൂര്‍, കതിരൂര്‍, പന്ന്യന്നൂര്‍, കുന്നോത്തുപറമ്പ്, മൊകേരി, തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തുകളിലേക്കാണ് നിയമനം. അതത് ഗ്രാമപഞ്ചായത്തുകളിലെ വ്യക്തികള്‍, കുടുംബശ്രീ കുടുംബാഗങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് മുന്‍ഗണന. തസ്തിക, യോഗ്യത യഥാക്രമം. ടീം ലീഡര്‍-എംഎസ്ഡബ്ല്യൂ/എംഎ സോഷ്യോളജിയും ഗ്രാമ വികസനവുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം/ജലവിതരണ പദ്ധതികളിലുള്ള ജോലി പരിചയം അഭികാമ്യം. കമ്മ്യൂണിറ്റി എഞ്ചിനീയര്‍- സിവില്‍എഞ്ചിനീയറിംഗില്‍ ബിടെക്/ഡിപ്ലോമ, ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍-ഡിഗ്രി, റൂറല്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യസേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷകള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം സപ്തംബര്‍ 29 വൈകിട്ട് അഞ്ചു മണിക്കകം ലഭിക്കണം. വിലാസം: ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, ബിഎസ്എന്‍എല്‍ ഭവന്‍ മൂന്നാംനില, സൗത്ത് ബസാര്‍, കണ്ണൂര്‍-2. ഫോണ്‍:0497 2702080.

തീയതി നീട്ടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബി എസ് സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ്ങ് സയന്‍സ് ബിരുദ കോഴ്‌സില്‍ മാനേജ്‌മെന്റ് കോട്ടയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സപ്തംബര്‍ 30 വരെ നീട്ടി. അമ്പത് ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ആറ് സെമസ്റ്ററുള്ള കോഴ്‌സിന്റെ സെമസ്റ്റര്‍ ഫീസ് നാല്‍പതിനായിരം രൂപ. ഫോണ്‍: 0490 2353600, 9400508499.

ഇ-ശ്രം രജിസ്‌ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള  ആനുകൂല്യങ്ങള്‍  ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച  ഇ -ശ്രം കാര്‍ഡിന്റെ  രജിസ്‌ട്രേഷനും  വിതരണവും അക്ഷയകേന്ദ്രങ്ങളിലൂടെ നടക്കും.  രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡ് , ബാങ്ക് പാസ് ബുക്ക് കോപ്പി, ഫോണ്‍ നമ്പര്‍ എന്നിവ വേണം.  അസംഘടിത മേഖലയിലുള്ള  എല്ലാ സ്ഥാപനങ്ങളിലെയും  പി എഫ് , ഇഎസ്‌ഐ  ആനുകൂല്യങ്ങള്‍ ലഭിക്കാത്ത 16 നും 59 നും ഇടയില്‍  പ്രായമുള്ള എല്ലാ തൊഴിലാളികള്‍ക്കും  കാര്‍ഡ് സൗജന്യമായി ലഭിക്കും. പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന വഴി ലഭ്യമാകുന്ന രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സിന് സൗജന്യ അംഗത്വം ലഭിക്കും.

സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ക്ക് യൂണിറ്റ് തുടങ്ങാം

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ടു മുതല്‍ അഞ്ചു പേര്‍ വരെയുള്ള വനിതകളുടെ ഗ്രൂപ്പായിരിക്കണം. അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വീതം അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ചു ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ്‌ഐഎംഎസില്‍ ഉള്‍പെടുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായപരിധി 20-40 വയസ്സ്. വിധവകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് 50 വയസ്സുവരെ അപേക്ഷിക്കാം.  അപേക്ഷ ഫോറം സാഫിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസിലും, കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മടായി എന്നീ മത്സ്യഭവനുകളിലും ലഭ്യമാണ്. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ഒക്ടോബര്‍ 11നകം നല്‍കണം. ഫോണ്‍: 7902502030, 8547439623, 9526239623, 04972732487.

സെക്കന്റ് ഇന്നിങ്‌സ് ഹോം;വിവിധ ഒഴിവുകള്‍

കണ്ണൂര്‍ ഗവ വൃദ്ധസദനത്തില്‍ നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ ഫീമെയില്‍ സ്റ്റാഫ് നഴ്‌സ് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളില്‍ അപേക്ഷിക്കാം. അംഗീകൃത നഴ്‌സിംഗ് ബിരുദം/ജിഎന്‍എം പാസായവര്‍ക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലും. ഫിസിയോ തെറോയില്‍ ബിരുദവുമുള്ളവര്‍ക്ക് ഫിസിയോ തെറാപ്പിസ്റ്റ് (മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന)തസ്തികയിലും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സപ്തംബര്‍ 25നകം 9526987470 ബന്ധപ്പെടണം.

പരിശോധനക്ക് വിധേയരാവണം

സപ്തംബര്‍ 21 ന് മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൊവിഡ് പരിശോധനക്ക് വിധേയരായ രണ്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ അന്നേദിവസം ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ 14 ദിവസത്തിനുള്ളില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയരാവണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

date