Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

പി എസ് സി പരിശീലനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം പി എസ് സി മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 30 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടാളി പൊതുജന വായനശാല ഹാളിലാണ് പരിശീലനം. പത്താം ക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ പാസായവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അപേക്ഷ ഒക്ടോബര്‍ ആറിനകം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ ഓണ്‍ലൈനായോ നല്‍കണം. ഫോണ്‍: 0497 2700831

അസംഘടിത സംരംഭങ്ങളുടെ സര്‍വ്വേയില്‍ സാമ്പത്തിക വിവരം നല്‍കണം

അസംഘടിത സംരംഭങ്ങളുടെ സാമ്പിള്‍ സര്‍വ്വേയില്‍ സാമ്പത്തിക വിവരം നല്‍കണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് അറിയിച്ചു. സാമ്പിള്‍സര്‍വ്വേയ്ക്കായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍  വീടുകള്‍ക്കു പുറമെ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ഫാക്ടറികള്‍, ഓഫീസുകള്‍, ആരാധനാലയങ്ങള്‍, സംരംഭങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും. സ്ഥിര ആസ്തി, ലോണുകള്‍, ഇന്‍വെന്ററി തുടങ്ങിയ വിവരങ്ങള്‍ ബാലന്‍സ് ഷീറ്റില്‍ നിന്നാണ് ശേഖരിക്കുന്നത്. വിവരങ്ങള്‍ നല്‍കുന്നതിലെ കൃത്യതയും ഗുണമേന്മയുമാണ് ദേശീയ സാമ്പിള്‍ സര്‍വേയുടെ വിജയം. വിശ്വാസയോഗ്യമായ ഡാറ്റ ലഭിക്കുന്നതില്‍ വിവരം നല്‍കുന്നയാളുടെ സഹകരണവും സഹായവും പ്രധാനമാണ്. സര്‍വേക്കായി എത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യവും പൂര്‍ണവുമായ വിവരം നല്‍കണം.

വിവാഹ വായ്പ അപേക്ഷ  ക്ഷണിച്ചു

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗ പെണ്മക്കളുടെ രക്ഷിതാക്കളില്‍ നിന്നും വിവാഹ വായ്പക്ക്  അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. രക്ഷിതാക്കളുടെ പ്രായം 65  വയസ്സ്. കുടുംബവാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപ. വായ്പാ തുക ഏഴ് ശതമാനം പലിശ നിരക്കില്‍ മാസത്തവണകളായി അഞ്ചു വര്‍ഷം കൊണ്ട്  തിരിച്ചടക്കണം. പരമാവധി  വായ്പാ തുക 2.5 ലക്ഷം രൂപ. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ  ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2705036, 9446778373.

തീയതി നീട്ടി

ഹവില്‍ദാര്‍ റാങ്ക് വരെയുള്ള വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്കായി കേന്ദ്രീയ സൈനിക ബോര്‍ഡ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷാ തീയതി നീട്ടി.  ഒന്നാം ക്ലാസ് മുതല്‍ ഒമ്പത്, 11 ക്ലാസുകള്‍ പാസായിട്ടുള്ള കുട്ടികള്‍ക്ക് സപ്തംബര്‍ 30 വരെയും 10, 12 ക്ലാസുകള്‍ പാസായവര്‍ക്ക് ഒക്‌ടോബര്‍ 31 വരെയും ബിരുദധാരികള്‍ക്ക്  നവംബര്‍ 30 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്, അസ്സല്‍ രേഖകള്‍ സഹിതം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 27700069.

വിവിധ ഒഴിവുകളിലേക്ക് അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സപ്തംബര്‍ 28, 29 തീയ്യതികളില്‍ രാവിലെ 10 മുതല്‍ ഉച്ച ഒരു മണി വരെയാണ് അഭിമുഖം. ട്രെയിനി സര്‍ട്ടിഫൈഡ് മെഡിക്കല്‍ കോഡര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ്, ജൂനിയര്‍ സെയില്‍സ് എഞ്ചിനീയര്‍, സര്‍വ്വീസ് എഞ്ചിനീയര്‍ (ബയോ മെഡിക്കല്‍/ ഇ.ഇ.ഇ), ഓഫീസ് കോ ഓര്‍ഡിനേറ്റര്‍, സീനിയര്‍ എച്ച് ആര്‍, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്), ഇന്‍സ്ട്രക്ടര്‍ സിവില്‍ ഡിസൈനിംഗ്, ലാബ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, എസി ആന്‍്ഡ് റഫ്രിജറേറ്റര്‍, മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍), ഇന്‍സ്ട്രക്ടര്‍ ഫൈന്‍ ആര്‍ട്‌സ്, ഇന്‍സ്ട്രക്ടര്‍ മള്‍ട്ടി മീഡിയ ആനിമേഷന്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, ലാബ് അസിസ്റ്റന്റ്, ഫീല്‍ഡ് എക്‌സിക്യൂട്ടീവ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2707610, 6282942066.

മരം ലേലം

ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ കോമ്പൗണ്ടിലെ കടപുഴകി വീണ ഞാവല്‍മരം സപ്തംബര്‍ 29ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  ഫോണ്‍: 0497 2701092.
 

date