Skip to main content

വായനാ പക്ഷാചരണം; ജില്ലയില്‍ വിപുലമായ പരിപാടികള്‍

   ഈ മാസം 19 മുതല്‍ ജൂലൈ ഏഴുവരെ നടക്കുന്ന വായനാ പക്ഷാചരണത്തിന് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങളായി. 19ന് കാഞ്ഞങ്ങാട് മേലാങ്കോട്ട് കണ്ണന്‍നായര്‍ സ്മാരക ഹൈസ്‌കൂളില്‍ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ അധ്യക്ഷതവഹിക്കും. പിന്നണി ഗായകന്‍ വി.ടി മുരളി മുഖ്യാതിഥിയായിരിക്കും. ഡോ.പി.പ്രഭാകരന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തും. 
    പരിപാടികളുടെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ആലോചനയോഗം വിദ്യാഭ്യാസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയിലിന്‍െ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. പക്ഷാചരണവേളയില്‍ വിദ്യാര്‍ഥികള്‍,വനിതകള്‍ എന്നിവര്‍ക്കായി വായനാ മത്സരം, പുസ്തക സമാഹരണം, എഴുത്തുപെട്ടി, കവിതാലാപനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പക്ഷാചരണത്തിന്റെ കണ്‍വീനറും ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ പി.വി.കെ പനയാല്‍ അറിയിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ചേര്‍ന്ന് വിദ്യാലയങ്ങളില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. വായിച്ചു വളരാനുള്ള സന്ദേശം നല്‍കിയ പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19ന് ആരംഭിച്ച് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ജീവാത്മായിരുന്ന ഐ.വി ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴുവരെയാണ് പക്ഷാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 19ന് ഇന്‍ലന്റ് മാസികയുടെ പ്രകാശനവും നടക്കും. 
    യോഗത്തില്‍ ഡോ.പി.പ്രഭാകരന്‍, മേലാങ്കോട്ട് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കൊടക്കാട് നാരായണന്‍, രാഘവന്‍ ബെള്ളിപ്പാടി, എ.കെ ശ്രീധരന്‍, എ.കരുണാകരന്‍, ഇ.ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.   

date