Skip to main content

കാലവര്‍ഷം: ജില്ലയില്‍ 5.7 കോടിയുടെ നാശ നഷ്ടം 550 വീടുകള്‍ ഭാഗികമായി തകര്‍ന്നു; മലയോരത്ത് വ്യാപക കൃഷി നാശം    

ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്നുള്ള മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മൂന്ന് വീടുകള്‍ പൂര്‍ണമായും 550ലേറെ വീടുകള്‍ ഭാഗമായും തകര്‍ന്നു. ആകെ 1.5 കോടിയുടെ നഷ്ടമാണ് ഇതിലൂടെ കണക്കാക്കപ്പെടുന്നത്. ജൂണ്‍ 12 വരെയുള്ള കണക്കുകള്‍ പ്രകാരം കണ്ണൂര്‍ താലൂക്കിലാണ് വീടുകള്‍ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. 230 വീടുകള്‍ ഇവിടെ ഭാഗികമായി തകര്‍ന്നു. തലശ്ശേരി- 92, പയ്യന്നൂര്‍- 97, തളിപ്പറമ്പ്- 80, ഇരിട്ടി- 67 എന്നിങ്ങനെയാണ് മറ്റ് താലൂക്കില്‍ നാശനഷ്ടങ്ങളുണ്ടായ വീടുകള്‍. തളിപ്പറമ്പ് താലൂക്കിലെ അയ്യന്‍ കുന്ന് പ്രദേശത്താണ് മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നത്. ഇതിനു പുറമെ റോഡുകള്‍, കിണറുകള്‍, തൊഴുത്തുകള്‍ എന്നിവയും ഭാഗികമായി തകര്‍ന്നു. 
    ഇതുവരെ ജില്ലയില്‍ 4.2 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. വാഴ, തെങ്ങ്, റബ്ബര്‍ എന്നിവയെയാണ് കാലവര്‍ഷം പ്രധാനമായും ബാധിച്ചത്. കാറ്റിലും മഴയിലുമായി അമ്പതിനായിരത്തോളം വാഴകള്‍ നശിച്ചു. കല്യാശ്ശേരി, ചിറ്റാരിപ്പറമ്പ്, നടുവില്‍ കൃഷിഭവനുകള്‍ക്കു കീഴിലെ പ്രദേശങ്ങളിലാണ് കൂടുതലായി കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂണ്‍ 11ലെ മഴയിലായിരുന്നു ഏറ്റവുംകൂടുതല്‍ കൃഷിനാശം. 8500 വാഴകള്‍, 850ലേറെ റബ്ബര്‍ മരങ്ങള്‍, 250ലേറെ തെങ്ങുകള്‍, കവുങ്ങുകള്‍ എന്നിങ്ങനെ 1.23 കോടി രൂപയുടെ നഷ്ടം ഈ ദിവസമുണ്ടായി. 12നുണ്ടായ മഴയിലും ഒരു കോടിയിലേറെ രൂപയുടെ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.   
    ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയില്‍ ഇരിട്ടി താലൂക്കിലെ ബാരാപ്പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിളമന വില്ലേജിലെ 15 കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 65 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ഇരിട്ടി തഹസില്‍ദാര്‍ അറിയിച്ചു. കിളിയന്തറ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ച താല്‍ക്കാലിക ക്യാംപിലേക്ക് ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്. മാക്കൂട്ടത്തുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 32 പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 
    
 

date