കണ്ണൂര്‍ അറിയിപ്പുകള്‍ 28-09-2021
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി വില്ലേജിലെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് (malabardevaswom.kerala.gov.in), നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഒക്ടോബര്‍ 30ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.
പി എഫ് അംഗങ്ങള്‍ക്ക് പരാതി പരിഹാര പരിപാടി
ഇപിഎഫ് അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 'നിധി താങ്കള്‍ക്കരികെ' നടത്തുന്നു. ഒക്ടോബര്‍ 12ന് രാവിലെ 10.30 മുതല്‍ ഉച്ച ഒരു മണിവരെയാണ് പരിപാടി. കണ്ണൂര്‍, കാസര്‍കോട്, മാഹി പ്രദേശത്തെ ഇപിഎഫ് അംഗങ്ങള്‍, ഇപിഎഫ് പെന്‍ഷനേര്‍സ്, ഉടന്‍ പെന്‍ഷന്‍ ആവുന്നവര്‍, തൊഴിലാളി സംഘടനാപ്രതിനിധികള്‍, സ്ഥാപന ഉടമകള്‍ അല്ലെങ്കില്‍ പ്രതിനിധികള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. വിശദമായ പരാതി പി എഫ് അക്കൗണ്ട് നമ്പര്‍, പി പി ഒ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഒക്ടോബര്‍ ആറിനകം റീജിയണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍, പി എഫ് ഓര്‍ഗനൈസേഷന്‍, വി കെ കോപ്ലക്‌സ്, ഫോര്‍ട്ട് റോഡ്, കണ്ണൂര്‍ 670 001 എന്ന വിലാസത്തില്‍ ലഭിക്കണം.
പാസ്സിങ് ഔട്ട് പരേഡ് 30ന്
കെഎപി നാലാം ബറ്റാലിയനിലെ പുതിയ ബാച്ചിന്റെ പാസ്സിങ് ഔട്ട് പരേഡ് സപ്തംബര്‍ 30ന് നടക്കും. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ ഗ്രൗണ്ടില്‍ രാവിലെ 8.25ന് പരേഡിന്റെ നടപടികള്‍ ആരംഭിക്കും. 2362 പേരാണ് പരിശീലനം പൂര്‍ത്തിയായിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഒമ്പത് മണിക്ക് ഓണ്‍ലൈനായി അഭിവാദ്യം സ്വീകരിക്കും.
പേവിഷ ബാധ ദിനാചരണം: വെബിനാര്‍ സംഘടിപ്പിച്ചു
ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ നാരായണ നായ്ക് പരിപാടി ഉദ്ഘാടനം ചെയ്തു. റാബീസ്: വസ്തുതകള്‍ അറിയാം, ഭീതി ഒഴിവാക്കാം എന്നതാണ് ഈ വര്‍ഷത്തെ റാബിസ് ദിന സന്ദേശം. 2030 ഓടെ പേവിഷബാധ മൂലമുള്ള മരണം പൂര്‍ണ്ണമായും ഇല്ലാതാക്കുക, പേവിഷബാധയെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക. ലോകമെമ്പാടുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
വളര്‍ത്തു പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കിലും നിസാരമായി കാണാതെ കടിച്ച ഭാഗം സോപ്പുപയോഗിച്ച് നന്നായി തേച്ച് കഴുകണം. സോപ്പുപയോഗിച്ച് കഴുകിയാല്‍ 99 ശതമാനം അണുക്കളും ഇല്ലാതാകും. പട്ടി കടിച്ചാല്‍ എത്രയും വേഗം സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. മുറിവിന്റെ തീവ്രതയനുസരിച്ച് ഐഡിആര്‍വി, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നീ ചികിത്സകള്‍ നല്‍കും. ഐഡിആര്‍വി ഇമ്മ്യൂണോഗ്ലോബുലിന്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തെരഞ്ഞെടുത്ത ജില്ലാ ആശുപത്രികളിലും ലഭിക്കും. പേവിഷബാധയുടെ ശാസ്ത്രീയ വസ്തുതകള്‍ മനസിലാക്കി രോഗവ്യാപനത്തിനെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.
വെബിനാറില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വസു ആനന്ദ്, വെറ്റിനറി സര്‍ജന്‍ ഡോ എ രഞ്ജിനി എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എം കെ ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍ കുമാര്‍, ജില്ലാ മലേറിയ ഓഫീസര്‍ പ്രകാശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തൈകള്‍ വില്‍പ്പനക്ക്
കണ്ണവം ഫോറസ്റ്റ് റെയ്ഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്സറിയില്‍ ഉല്‍പാദിപ്പിച്ച തേക്ക്, വിവിധയിനം റൂട്ട് ട്രെയ്‌നര്‍ തൈകള്‍ പൊതുജനങ്ങള്‍ക്ക് വില്‍പനയ്ക്കായി തയ്യാറായിട്ടുണ്ട്. ഫോണ്‍: 0490 2300971.
സ്വയം തൊഴില്‍ വായ്പാ
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നതിന് തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ.
പ്രായം 18 നും 55 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. ആറ് ശതമാനം പലിശ നിരക്കില്‍ വായ്പാ തുക 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9446778373
അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളില്‍ ഈ അധ്യയന വര്‍ഷത്തിലെ എം ടെക് കോഴ്‌സുകളിലെ സ്‌പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് എറണാകുളം, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, ചേര്‍ത്തല, കല്ലൂപ്പാറ എന്നിവിടങ്ങളിലുമാണ് പ്രവേശനം. അപേക്ഷ www.ihrd.kerala.gov.in/mtech മുഖേനയോ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ ഓണ്‍ലൈനായി ഒക്‌ടോബര്‍ ആറ് വൈകിട്ട് നാല് മണി വരെ സമര്‍പ്പിക്കാം.
വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക. ഇമെയില്‍: ihrd.itd@gmail.com. ഫോണ്‍: 471 2322985, 471 2322501
സെമിനാര്‍ സംഘടിപ്പിക്കുന്നു
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. സപ്തംബര്‍ 29 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സെമിനാര്‍ പാനൂരില്‍ കെ ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യും. സപ്തംബര്‍ 30ന് തലശ്ശേരി, ഒക്‌ടോബര്‍ ഒമ്പതിന് തളിപ്പറമ്പ്, 10ന് കണ്ണൂര്‍, പയ്യന്നൂര്‍, 15ന് മാടായി, 16ന് മട്ടന്നൂര്‍, ശ്രീകണ്ഠാപുരം, 17ന് ചിറക്കല്‍, 24ന് ഇരിട്ടി എന്നിവിടങ്ങളില്‍ സെമിനാര്‍ നടക്കും.
ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ പി ജി പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി, ചേലക്കര, കോഴിക്കോട്, നാട്ടിക, താമരശ്ശേരി, വടക്കാഞ്ചേരി, വാഴക്കാട്, വട്ടംകുളം, മുതുവള്ളൂര്‍ കൊടുങ്ങലൂര്‍ എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡി ഡി സഹിതം(പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) രജിസ്‌ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.
പിഎസ്സി പരിശീലനം
പിഎസ്സി മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക വായനശാലയില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരീശീലനം സംഘടിപ്പിക്കുന്നു. പത്താംക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ പാസായവര്‍ക്ക് മുന്‍ഗണന. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ അപേക്ഷ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ ഇ മെയിലായോ (deeknr.emp.lbr@kerala.gov.in) ഒക്ടോബര്‍ നാലിനകം നല്‍കണം. ഫോണ്‍:0497 2700831.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം സപ്തംബര്‍ 29 ബുധനാഴ്ച രാവിലെ 10.30 ന് സൂം മീറ്റ് വഴി ചേരും.
സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ജില്ലയില്‍ സപ്തംബര്‍ 29 ബുധന്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കാങ്കോല്‍ ആലപ്പടമ്പ എഫ് എച്ച് സി, ഗവ. സെന്‍ട്രല്‍ യു പി സ്‌കൂള്‍ കടംകുളങ്ങര , ഒടുവള്ളിത്തട്ടു സിഎച്ച്‌സി, ഗവ യു പി സ്‌കൂള്‍ പൂപ്പറമ്പ, ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍, കൈതേരി പാലം എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും തളിപ്പറമ്പ താലൂക്ക് ആശുപത്രി, വട്ടപ്പൊയില്‍ സ്‌കൂള്‍, കോലക്കാട് സാംസ്‌കാരിക നിലയം രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും
കുറുമാത്തൂര്‍ പി എച്ച് സി, കൊട്ടിയൂര്‍ എഫ് എച്ച് സി ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ബുധനാഴ്ച 69 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡ് , 39 കേന്ദ്രങ്ങളില്‍ കോവാക്സിന്‍
ജില്ലയില്‍ സെപ്തംബര്‍ 29(ബുധന്‍) 69 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഷില്‍ഡ് വാക്സിനേഷനും 39 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസും നല്‍കും. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രെജിസ്‌ട്രേഷന്‍ ആണ്. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , ആശ പ്രവര്‍ത്തകര്‍ , വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴിമുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. ആദ്യത്തെയും രണ്ടാമത്തെയും വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ടിഫിക്കറ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം . സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതാത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കേണ്ടതാണ്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വാക്സിനേഷന്‍ എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്സിന്‍ എടുക്കണം. ഇനിയുള്ള ദിവസങ്ങളില്‍ സെക്കന്റ് ഡോസിന് മുന്‍ഗണനയുള്ളതിനാല്‍ ,ഫസ്റ്റ് ഡോസ് വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 8281599680, 8589978405, 8589978401, 0497 2700194 , 04972713437
- Log in to post comments