ജില്ലയിലെ ആദ്യ ഒഡിഎഫ് പ്ലസ് ബ്ലോക്കായി പാനൂര്‍
ജില്ലയിലെ ആദ്യ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫോറം പ്ലസ് (ഒഡിഎഫ്) ബ്ലോക്കായി പാനൂരിനെ പ്രഖ്യാപിച്ചു. ജില്ലാ ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സര്‍വെയില്‍ ബ്ലോക്ക് പരിധിയിലെ മുഴുവന്‍ പഞ്ചായത്തുകളെയും ഒഡിഎഫ് പ്ലസ് പദവിയില്‍ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. നേരത്തെ തന്നെ മൊകേരി, പന്ന്യന്നൂര്‍, ചൊക്ലി, കതിരൂര്‍ പഞ്ചായത്തുകളെ വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്തുക്കളായി പ്രഖ്യാപിച്ചിരുന്നു.
ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ഖരദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങളൊരുക്കി ഗ്രാമങ്ങളെ വൃത്തിയുള്ള ഇടങ്ങളാക്കി മാറ്റിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ഒഡിഎഫ് പ്ലസ് പദവി നല്‍കുന്നത്. എല്ലാ വീടുകളിലും ഉപയോഗയോഗ്യമായ ശൗചാലയങ്ങള്‍ ഉറപ്പാക്കുക, പൊതു ഇടങ്ങള്‍ വൃത്തിയുള്ളളും മലിനജലം കെട്ടി നില്ക്കാതെയും പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍ ഇല്ലാതെയും സംരക്ഷിക്കുക, വീടുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ പൊതു സ്ഥാപനങ്ങളിലും അജൈവ, ജൈവ മാലിന്യങ്ങളും ദ്രവ മാലിന്യങ്ങളും സംസ്കരിക്കുന്നതിനുളള സൗകര്യം ഒരുക്കുക, കമ്മ്യൂണിറ്റിതല ഖര-ദ്രവ മാലിന്യ സംസ്കരണ ഉപാധികള്‍ ഒരുക്കുക, പ്ലാസ്റ്റിക് തരംതിരിക്കുന്നതിനും അത് ശേഖരിക്കുന്നതിനുമുള്ള എംസിഎഫ് സംവിധാനം ഒരുക്കുക, ഹരിതകര്‍മ്മസേനയുടെ സേവനം ലഭ്യമാക്കുക, ഒഡിഎഫ് പ്ലസ് വിവര വിജ്ഞാന വ്യാപന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് പ്രഖ്യാപനത്തിനുള്ള പ്രധാന മാനദണ്ഡങ്ങള്‍.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എന്‍ അനൂപ് ഒഡിഎഫ് പ്ലസ് പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനു അജയന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംല, സ്ഥിരം സമിതി അധ്യക്ഷരായ രമേശന് കണ്ടോത്ത്, എന്‍ എസ് ഫൗസി, കെ പി ശശിധരന്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി കെ അശോകന്, പി പി സനില്‍, സി കെ രമ്യ, സി വത്സന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ പി സജീന്ദ്രന്, ഹരിത കേരള മിഷന് റിസോഴ്സ് പേഴ്സണ്‍ ലത കാണി, ബിഡിഒ ടി വി സുഭാഷ്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു മണപ്പാട്ടി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments