Skip to main content

ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി സന്ദർശിച്ചു വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ വീട് വയ്ക്കാനായി നൽകും  -മന്ത്രി ജി.സുധാകരൻ 

 

കടൽക്ഷോഭത്തിലോ വെള്ളം പൊങ്ങിയോ വീട് പൂർണമായി നഷ്ടപ്പെട്ട എല്ലാവർക്കും പത്തുലക്ഷം രൂപ വീട് വയ്ക്കാനായി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുൾപ്പടെ ഇത്തരത്തിൽ  വീട് പൂർണമായി തകർന്ന എല്ലാവരെയും ഇതിൽ ഉൾപ്പെടുത്തും. സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീടിന് നാലു ലക്ഷം രൂപയുമാണ് നൽകുന്നത്.  സ്വന്തമായി സ്ഥലമുള്ളവർക്ക് നാലുലക്ഷം രൂപ വീട് വയ്ക്കാനായി നൽകും. കടൽക്ഷോഭത്തിലും ജലനിരപ്പുയർതിനെത്തുടർന്നും വീട് താമസയോഗ്യമല്ലാതായവർക്കായി ആരംഭിച്ച ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.  

 

ജില്ലയിൽ ആദ്യം വെള്ളം കയറിയത് തോട്ടപ്പള്ളിയിലാണ്. പഞ്ചായത്തിലെ ഏഴിലേറെ വാർഡുകളിൽ വെള്ളം കയറിയിട്ടുണ്ട്.  1500 ഓളം കുടുംബങ്ങൾ ക്യാമ്പിൽ താമസിക്കുന്നുണ്ടെന്ന് മന്ത്രി സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ താലൂക്കിൽ മാത്രം എണ്ണായിരത്തോളം ആളുകൾ ക്യാമ്പിലുണ്ട്. ഇത്തവണ സർക്കാർ അതിവേഗം ക്യാമ്പുകൾ തുടങ്ങുന്നതിന്  അനുമതി നൽകി. നല്ല രീതിയിലുള്ള ഭക്ഷണം, ആരോഗ്യ പരിശോധന എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്. തോട്ടപ്പള്ളി മാർത്തോമാ മിഷൻ സെൻററിൽ  ആരംഭിച്ച ക്യാമ്പിലാണ് മന്ത്രി ആദ്യം എത്തിയത്.  കടലാക്രമണം രൂക്ഷമായ ഭാഗങ്ങളിൽ അടിയന്തരമായി കല്ലിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. മഴ മാറിയാലുടൻ സ്ഥിരമായി കടൽ ഭിത്തി കെട്ടാൻ നടപടികൾ സ്വീകരിക്കും. പാടശേഖരങ്ങളിലെ നാശനഷ്ടവും വിലയിരുത്താൻ നിർദേശിച്ചിട്ടുണ്ട്. വെള്ളം പൊങ്ങിയപ്പോൾ വീടുകൾക്ക് കേടുപാട് സംഭവിച്ചവർക്ക്  അത് പരിഹരിക്കാൻ സർക്കാർ  പണം നൽകും.മികച്ച രീതിയിൽ സർക്കാരും ജില്ലാ ഭരണകൂടവും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത് കാരിക്കൽ, വാർഡ് മെമ്പർ ആർ. സുനി, അമ്പലപ്പുഴ തഹസിൽദാർ ആശാ പി.എബ്രഹാം, പുറക്കാട് പഞ്ചായത്തംഗം അഡ്വ. വി എസ് ജിനുരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മാർത്തോമാ മിഷൻ സെന്ററിലെ ക്യാമ്പിൽ 109 കുടുംബങ്ങളാണ് അഭയം തേടിയിട്ടുള്ളത്. തൊട്ടടുത്തായി ചാലേത്തോപ്പ്,  മഞ്ഞാണി എന്നിവിടങ്ങളിലെ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു. പല ക്യാമ്പുകളിലും ഭക്ഷണം പാകം ചെയ്യുന്ന വിഭവങ്ങൾ മന്ത്രി പരിശോധിച്ചു. ചില ക്യാമ്പംഗങ്ങൾ നാടൻ പാട്ട് പാടിയാണ് മന്ത്രിയെ സ്വീകരിച്ചത്. ക്യാമ്പംഗങ്ങൾക്കൊപ്പം ഇരുന്ന ഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്.

 

ചിത്രവിവരണം

 

മന്ത്രി ജി.സുധാകരൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചപ്പോൾ

 (പി.എൻ.എ. 1310/2018)

 

date