Skip to main content

ആലപ്പുഴയ്ക്കും ഇനി ദന്തൽ ക്ലിനിക്ക് ബസ്; മന്ത്രി ജി.സുധാകരൻ ഫ്‌ളാഗ് ഓഫ് ചെയ്യും

ആലപ്പുഴ: പല്ലുവേദനയുണ്ടോ ? ദന്തരോഗങ്ങൾ ഏതുമാകട്ടെ, പരിശോധനയ്ക്കായി  ഇനി ഡോക്ടർമാർ അതത് പ്രദേശങ്ങളിലെത്തും. മുഴുവൻ സൗകര്യങ്ങളുമുള്ള ദന്തൽ ക്ലിനിക്ക്  ബസിലായിരിക്കും ഡോക്ടർമാരെത്തുക.   ഇതാദ്യമായാണ് ആലപ്പുഴ ജില്ലയ്ക്കും  സഞ്ചരിക്കുന്ന ദന്തൽ ക്ലിനിക്ക് ബസ് അനുവദിച്ചിരിക്കുന്നത്. ആലപ്പുഴ ദന്തൽ കോളേജിന്റെ നേതൃത്വത്തിലാണ് രോഗീസൗഹൃദ ദന്തൽ ക്ലിനിക്ക് ബസ് ഓടുക. ദന്തരോഗങ്ങളെക്കുറിച്ചും ദന്താരോഗ്യസംരക്ഷണത്തെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ദന്തൽ ബസിന്റെ വരവോടെ ലക്ഷ്യമിടുന്നത്. ജൂൺ 16ന് ഉച്ചയ്ക്ക് ഒന്നിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ദന്തൽ ബസ് ഫ്‌ളാഗ് ഓഫ്  ചെയ്യും. 

 

  രണ്ട് ദന്തൽ ചെയറുകളാണ് ബസിലുള്ളത്. ഹൗസ് സർജൻമാർക്കുപുറമേ രണ്ട് ഡോക്ടർമാരുടെ സേവനവും ബസിൽ ലഭിക്കും. ബി.പി.എൽ കുടുംബാംഗങ്ങളാണ് ചികിത്സക്കെത്തുന്നതെങ്കിൽ ഫീസിളവുണ്ടാകും. താത്കാലിക ഫില്ലിങ് പോലെയുള്ള ചികിത്സകൾ ഉടൻതന്നെ ബസിൽ ലഭിക്കും. ക്ലീനിങ്, ഫ്‌ളൂറിൻ ടെസ്റ്റ് തുടങ്ങിയവയ്ക്കും സൗകര്യമുണ്ടാകും. തുടർ ചികിത്സ ആവശ്യമെങ്കിൽ ദന്തൽ കോളേജിലേക്ക് റഫർ ചെയ്യും. സ്‌കൂൾ വിദ്യാർഥികൾക്കും ദന്തൽ ബസിന്റെ സേവനം ആവശ്യപ്പെടാം. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബസ് ക്യാമ്പ് ചെയ്യുമെന്നും ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഷീല ശ്രീധരൻ പറഞ്ഞു. ദന്തൽ കോളേജ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ , പഞ്ചായത്ത് പ്രസിഡന്റ് എം.അഫ്‌സത്ത് തുടങ്ങിയവർ പങ്കെടുക്കും.

(പി.എൻ.എ. 1300/2018)

 

 

date