ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം
ഡങ്കിപ്പനി: രോഗപ്രതിരോധ
പ്രവർത്തനം ഊർജിതമാക്കി
ആലപ്പുഴ: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഡങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഡങ്കിപ്പനി റിപ്പോർട്ടു ചെയ്ത ജില്ലയിലെ ആറു വാർഡുകളിലെ 480 വീടുകളിൽ ആരോഗ്യപ്രവർത്തകരുടെ സംഘം സന്ദർശിച്ച് കൊതുകു ഉറവിട നശീകരണം നടത്തി. ജില്ല വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇൻഡോർ സ്പ്രേയിങും നടത്തി. പ്രദേശത്തെ ജനങ്ങൾക്ക് ബോധവൽക്കരണക്ലാസും ലഘുലേഖകളും നൽകി. പനിബാധിതരെ കണ്ടെത്തുന്നതിന് സർവെയും നടത്തി.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന അമ്പലപ്പുഴ തെക്ക്, തോട്ടപ്പള്ളി, എരമല്ലിക്കര എന്നിവടങ്ങളിൽ മെഡിക്കൽ സംഘം പരിശോധന നടത്തി. ആരോഗ്യപ്രവർത്തകർ ശുചിത്വപരിശോധനയും ബോധവൽക്കരണവും നടത്തി. കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തമുണ്ടാകണമെന്നും എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്‌കൂളുകൽലും ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കണം. ഇതുവഴിയേ ഡങ്കിയെ പൂർണമായി നിയന്ത്രിക്കാൻ കഴിയൂവെന്നും ഡി.എം.ഒ. ഡോ.വസന്തദാസ് പറഞ്ഞു.
(പി.എൻ.എ. 1301/2018)
എഴുത്ത് പരീക്ഷ മാറ്റി
ആലപ്പുഴ:പട്ടിക വർഗ വികസന വകുപ്പിൽ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിമാരെ നിയമിക്കാനായി 17ന് നടത്താനിരുന്ന എഴുത്ത് പരീക്ഷ 24ലേക്ക് മാറ്റി.
(പി.എൻ.എ. 1302/2018)
സംസ്ഥാനത്ത് കൂടുതൽ പോലീസ് കേഡറ്റ് സ്‌കൂളുകൾ ആലപ്പുഴയിൽ
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയ്ക്ക് പുതിയ ഓഫീസ്
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഈ അദ്ധ്യയന വർഷം മുതൽ 6 സ്‌ക്കൂളുകളിൽ കൂടി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. ഇതോടെ ആകെ സ്‌ക്കൂളുകളുടെ എണ്ണത്തിൽ ആലപ്പുഴ ഒന്നാം സ്ഥാനത്ത് എത്തി.
പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ലാപോലീസ് മേധാവിയുടെ നേരിട്ടുളള നിരീക്ഷണത്തിൽ ആക്കുന്നതിനായി ജില്ലാപോലീസ് ഓഫീസിൽ പുതുതായി ജില്ലാ അഡ്മിനിസ്‌ട്രേഷൻ ഹെഡ്ക്വാർട്ടർ ഉദ്ഘാടനം ജില്ലാപോലീസ് മേധാവി എസ്. സുരേന്ദ്രൻ നിർവഹിച്ചു. എല്ലാ സ്‌ക്കൂളുകളിലും സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ചടങ്ങിൽ ജില്ലാ നോഡൽ ഓഫീസർ എ നസ്സിം, ഡിവൈഎസ്പിമാരായ എ.ജി ലാൽ, പി വി ബേബി, അനീഷ് കോര, ബിനു, ആർ ബാലൻ, സജീവ് കെ, അനിൽകുമാർ, അസി: ജില്ലാ നോഡൽ ഓഫീസർ കെ വി ജയചന്ദ്രൻ, ജില്ലയിലെ മുഴുവൻ പോലീസ് ഇൻസ്‌പെക്ടർമാർ, സ്റ്റേഷൻ ഹൗസ് ഓഫീസേഴ്‌സ് എന്നിവർ പങ്കെടുത്തു.
(പി.എൻ.എ. 1303/2018)
നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം
മന്ത്രി നിർവഹിക്കും
അമ്പലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30 പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിക്കും.ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലാണ് ചടങ്ങിലെ മുഖ്യാതിഥി.
പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണ പ്രതാപൻ, പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ഷീജ ,അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാൽ,അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ്,അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് മായാദേവി, ബ്ലോക്ക് സെക്രട്ടറി വി ജെ ജോസഫ് എന്നിവർ പ്രസംഗിക്കും.
(പി.എൻ.എ. 1304/2018)
ആലപ്പുഴ: ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 20 ദിവസത്തെ ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം പരിശീലനം സംഘടിപ്പിക്കുന്നു. 2018 ജൂലൈ 9 മുതൽ 31 വരെ നടത്തുന്ന പരിപാടിയിൽ 25 ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുതിന് അപേക്ഷ ക്ഷണിച്ചു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും ആലപ്പുഴ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റേയും സഹകരണത്തോടെയാണ് പരിശീലന പരിപാടി. ചക്ക സംസ്‌ക്കരണം, നാളീകേര അധിഷ്ഠിത ഉല്പങ്ങൾ, ഫ്രൂട്ട് പ്രോസസിംഗ്, മത്സ്യഉല്പന്നങ്ങൾ എന്നീ നാല് വിഭാഗങ്ങളിലായി സാങ്കേതിക പരിശീലനവും, കൂടാതെ ഇന്റർനാഷണൽ ലേബർ ഓർഗനൈഷേന്റെ മാസ്റ്റർ ട്രെയിനേഴ്‌സ് നയിക്കുന്ന പ്രത്യേക പരിശീലന പരിപാടിയും പദ്ധതിയുടെ ഭാഗമായി നടക്കും.. 18-45 പ്രായപരിധിയിൽ പത്താം ക്ലാസ് വരെ പഠിച്ചവരും വ്യവസായ ആഭിമുഖ്യമുളളവരും ആയിരിക്കണം അപേക്ഷകർ. വനിത/എസ്.സി/എസ്.ടി വിഭാഗത്തിന് മുൻഗണന നൽകുതാണ്.പരിശീലനം പൂർണ്ണമായും സൗജന്യമാണ്.
കായംകുളം ആസ്ഥാനമായ കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ക്യാമ്പസിൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ വച്ചാണ് പരിശീലന പരിപാടി നടക്കുക. വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയിൽ മൊബൈൽ നമ്പർ കാണിക്കണം. പത്ത് ദിവസത്തിനകം അപേക്ഷ ലഭിക്കണം.താഴെ കാണു മേൽവിലാസത്തിൽ ലഭിക്കണം.
(പി.എൻ.എ. 1305/2018)
എ.സി.റോഡിൽ ജാഗ്രത പാലിക്കണം
ശക്തമായ മഴയെ തുടർന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പല ഭാഗത്തും വെള്ളം കയറിയതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനയാത്രക്കാർ ജാഗ്രതപാലിക്കണമെന്ന് സംസ്ഥാന ഗതാഗത പദ്ധതി സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു.
(പി.എൻ.എ. 1306/2018)
ആരോഗ്യ കേരളം പുരസ്‌കാര നിറവിൽ
കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്
മുതുകുളം: ആരോഗ്യ കേരളം പുരസ്‌കാര നിർണ്ണയത്തിൽ ജില്ലയിലെ മൂന്നാം സ്ഥാനമെന്ന നേട്ടവുമായി പുരസ്‌ക്കാര നിറവിലാണ് കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്. രണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുക .
2017-18 കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അതത് ആരോഗ്യ മേഖലയിൽ കൈവരിച്ച പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്. ആയൂർവ്വേദം, അലോപ്പതി, ഹോമിയോപ്പതി, തുടങ്ങീ വിവിധ ചികിത്സാ മാർഗ്ഗങ്ങൾ പഞ്ചായത്തിലുടനീളം നടപ്പിക്കിയതാണ്പഞ്ചായത്തിനെ ഈ നേട്ടത്തിലെത്തിച്ചത്. സർക്കാരിന്റെ വിവിധ ആരോഗ്യക്ഷേമ പദ്ധതികളും ഫലപ്രദമായി വിനിയോഗിക്കാനായി. കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും സമയബന്ധിതമായിത്തന്നെ നസർക്കാരിന്റെ വിവിധ ആരോഗ്യ പദ്ധതികൾ നടപ്പിൽ വരുത്തി. ആതുര സേവന രംഗത്തു പ്രവർത്തിച്ചു വരുന്ന വിവിധ സംഘടനകളുൾപ്പടെയുള്ളവരുടെ സഹായത്തോടെ വാട്ടർ ബെഡുകൾ, എയർ ബെഡ്, എന്നിവയും രോഗികൾക്കുള്ള ആഹാരം, വസ്ത്രം, മരുന്നുകൾ എന്നിവയും പഞ്ചായത്തിലുടനീളം വിതരണം ചെയ്തു. ദേശീയ ആരോഗ്യ പദ്ധതികളായ പൾസ് പോളിയോ വിതരണം, പ്രതിരോധ കുത്തിവെയ്പ്പുകൾ, വിര നിർമ്മാർജ്ജനം, എന്നീ പദ്ധതികൾ പഞ്ചായത്തിലൂടനീളം വിജയകരമായി പൂർത്തീകരിച്ചു. രോഗ പ്രതിരോധത്തിനു മുൻതൂക്കം നൽകിക്കൊണ്ടു പഞ്ചായത്തിലെ എല്ലാ വാർഡുകളിലേയും പ്ലാസ്റ്റിക്ക് ശേഖരിക്കുവാൻ ഹരിതസേനാംങ്ങളെ രൂപീകരിക്കുകയും പഞ്ചായത്തലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ പ്ലാസ്റ്റിക്ക് സംസ്‌കരണ യൂണിറ്റുകളിലെത്തിച്ച് ശാസ്ത്രീയമായുള്ള നിർമ്മാർജ്ജനവും നടത്തി. പഞ്ചായത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ ശേഖരിക്കാനായി മെറ്റീരിയൽ കളക്ഷൻ കേന്ദ്രത്തിന്റെ നിർമ്മാണം പഞ്ചായത്തിൽ പുരോഗമിച്ചു വരുന്നു. ജീവിത ശൈലീ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുതിനൊപ്പം നിത്യരോഗികളായുള്ളവർക്ക് മരുന്നുകൾ വിതരണം ചെയ്യുക, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ചിക്കൻപോക്‌സ് തുടങ്ങിയവ പടർന്നു പിടിക്കാതിരിക്കാൻ വേണ്ട പ്രതിരോധ പ്രവർത്തനങ്ങളും പഞ്ചായത്തിൽ ഊർജ്ജിതമാക്കിയതാണ് പുരസ്‌ക്കാരത്തിനർഹമാക്കിയത്. അന്യസംസ്ഥാന തൊഴിലാളികളുൾപ്പെടയുള്ളവരുടെ താമസ സ്ഥലങ്ങളിലെത്തി അവർക്കു വേണ്ട ബോധവത്ക്കരണം നൽകി. സ്‌കൂളുകൾ കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവെയ്പ്പുകൾ നടത്തുതിനൊപ്പം പഞ്ചായത്തിലെ എല്ലാ ഗവൺമെന്റ്, എയിഡഡ് എൽ.പി.-യു.പി. സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്റ്റീൽ വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്‌സ് എന്നിവ സൗജന്യമായി വിതരണവും ചെയ്തു. എല്ലാ വാർഡുകളിലും ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റികൾ രൂപീകരിച്ച് അതത് വാർഡുകളിലെ കൺവീനർ, ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ വൃത്തിയാക്കൽ ഉൾപ്പെടെ കാര്യക്ഷമമായ വിവിധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
ശുചിത്വം- മാലിന്യ സംസ്‌കരണം എന്നിവ മുൻനിർത്തി കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ ഹരിത സേനാ പദ്ധതികൾക്കായി വികസന ഫണ്ട്, കേന്ദ്രാവിഷ്ത്രത ഫണ്ട് എന്നിവയിൽ നിന്നായി അഞ്ചു ലക്ഷം രൂപയാണ് കഴിഞ്ഞ വർഷം വകയിരുത്തിയത്. ഹരിതസേന രൂപീകരണത്തോടൊപ്പം അവർക്കാവശ്യമായ യൂണിഫോം, തൊപ്പി, ബാഡ്ജ് എന്നിവ വാങ്ങി നൽകി. എല്ലാ ശനിയാഴ്ചകളും പഞ്ചായത്ത് പരിധിയിൽ ആരോഗ്യ ശുചിത്വദിനമായി ആചരിക്കുന്നുണ്ട്.
വാർഡുതലത്തിലുള്ള ആരോഗ്യ ശുചിത്വ കമ്മിറ്റികൾ, ജനപ്രതിനിധികൾ, ഹെൽത്ത് ഇൻസ്‌പെക്ടറുമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഡോക്ടർമാർ, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ ആത്മാർത്ഥമായ പ്രവർത്തനമാണ് കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിനെ പുരസ്‌ക്കാരത്തിനർഹമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വി. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് എ. ശോഭ എന്നിവർ പറഞ്ഞു.
(പി.എൻ.എ. 1307/2018)
- Log in to post comments