ദേശീയ പാതാ വികസനം: സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലേക്ക് 99 ശതമാനം പൂര്‍ത്തിയായി
ജില്ലയില്‍ ദേശീയ പാത വികസനത്തിന്റെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തികള്‍ അവസാനഘട്ടത്തില്‍. 99 ശതമാനം സ്ഥലമേറ്റെടുപ്പ് ഇതിനോടകം പൂര്‍ത്തിയായി. ആഴ്ചകള്‍ക്കുള്ളില്‍ മുഴുവന്‍ സ്ഥലമെടുപ്പും പൂര്‍ത്തിയാവും. മുഴപ്പിലങ്ങാട് മുതല്‍ കാലിക്കടവ് വരെ ദേശീയപാതക്ക് കണക്കാക്കിയ 200.56 ഹെക്ടറില്‍ 198.53 ഹെക്ടര്‍ ഏറ്റെടുത്തു കഴിഞ്ഞു. 2.02 ഹെക്ടറാണ് ഇനി ഏറ്റെടുക്കാനുള്ളത്.
സ്ഥലമെടുപ്പിനു നഷ്ടപരിഹാരം നല്‍കുന്നതിനായി ദേശീയ പാത അതോറിറ്റിയില്‍ നിന്നും 2239.34 കോടി രൂപ ലഭിച്ചു. ഇതില്‍ 1942 കോടി രൂപ വിതരണം ചെയ്തു . ദേശീയ പാത അതോറിറ്റിയില്‍ നിന്നും 1.41 ഹെക്ടറിനുള്ള നഷ്ടപരിഹാര തുക ലഭിക്കാനുണ്ട്. ഫണ്ട് ലഭിച്ചതില്‍ 0.69 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനുമുണ്ട്.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി ചിറക്കല്‍, പുഴാതി, വലിയന്നൂര്‍, എളയാവൂര്, ചേലോറ, എടക്കാട്, ചെമ്പിലോട്, കടമ്പൂര്, മുഴപ്പിലങ്ങാട് വില്ലേജുകളിലൂടെ കടന്ന് പോകുന്ന കണ്ണൂര്‍ ബൈപ്പാസിന്റെ സ്ഥലമെടുപ്പ് ജോലികള്‍ ഉടന്‍ പൂര്‍ത്തിയാവും. ആകെ ഏറ്റെടുക്കേണ്ട 82.87 ഹെക്ടററില് 73.69 ഹെക്ടര്‍ ഏറ്റെടുത്ത് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറി കഴിഞ്ഞു. 649.34 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഇതില്‍ 519.58 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. ഇതുള്‍പ്പെടെയാണ് മൊത്തമായി വിതരണം ചെയ്ത 1942 കോടി രൂപ.
കരിവെള്ളൂര്‍ പെരളം മുതല്‍ പാപ്പിനിശ്ശേരി വരെ 12 വില്ലേജുകള്‍ ഉള്‍പ്പെടുന്ന തളിപ്പറമ്പ്, പയ്യന്നൂര്‍ ബൈപാസിന്റെ ഭാഗമായി 117.68 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 117.34 ഹെക്ടര്‍ സ്ഥലമെറ്റെടുപ്പ് പൂര്‍ത്തിയായി. 1590 കോടി രൂപ നഷ്ടപരിഹാര തുകയായി അനുവദിച്ചു. ഇതില്‍ 1423 കോടി രൂപ നല്കി. മതിയായ രേഖകള്‍ ഹാജരാകുന്ന മുറക്ക് ബാക്കി ഉള്ളവര്‍ക്കും തുക കൈമാറും.
ദേശീയപാതയുടെ ഭാഗമായ തലശ്ശേരി മാഹി ബൈപാസിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.
- Log in to post comments