ഡോ. ബി ആര്‍ അംബേദ്കര്‍ ഫൗണ്ടേഷന്‍; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമം ലക്ഷ്യമിട്ട് കേന്ദ്രസാമൂഹ്യനീതി- ശാക്തീകരണ വകുപ്പ് രൂപീകരിച്ച ഡോ. ബി ആര്‍ അംബേദ്കര്‍ ഫൗണ്ടേഷന്റെ ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാം. രോഗ ചികിത്സ, അതിക്രമങ്ങള്‍ക്കിരയായവര്‍ക്കുള്ള ആശ്വാസം, മിശ്രവിവാഹിതര്‍ക്കുള്ള സഹായം എന്നിവക്കാണ് അപേക്ഷ ക്ഷണിച്ചത്. പട്ടികജാതി പട്ടികവര്‍ഗ്ഗപ്പെട്ടവരായിരിക്കണം അപേക്ഷകര്‍.
മാരകരോഗങ്ങള്‍ പിടിപെട്ടവര്‍, ഹൃദയം, വൃക്ക, കരള്‍, നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, തലച്ചോറ് സംബന്ധമായ അസുഖങ്ങളുള്ളവര്‍, അവയവം മാറ്റിവെക്കേണ്ടവര്‍ എന്നിവര്‍ക്ക് ഡോ. അംബേദ്കര്‍ ചികിത്സാ സഹായ പദ്ധതിയില്‍ അപേക്ഷിക്കാം. അപേക്ഷകരുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലും ചികിത്സ തേടാവുന്നതാണ്. ശസ്ത്രക്രിയ തീയതിക്ക് 15 ദിവസം മുമ്പ് അപേക്ഷ ലഭിച്ചിരിക്കണം. ചികിത്സയ്ക്ക് വേണ്ടി വരുന്ന തുക സംബന്ധിച്ച് മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം ഉള്‍പ്പെടെയുള്ളവ സമര്‍പ്പിക്കണം.
ജാതീയ, വംശീയ, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കോ അവരുടെ കുടുംബത്തിനോ ഉള്ള സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് സഹായം ലഭിക്കുക.
എതിര്‍ ജാതിയില്‍പ്പെട്ടവരുമായി നിയമപ്രകാരം വിവാഹം ചെയ്തിട്ടുള്ളവര്‍ക്കുള്ള സഹായധനത്തിന് അപേക്ഷിക്കാം. 2.5 ലക്ഷം രൂപ വരെ സഹായം ലഭിക്കും. ദമ്പതികളില്‍ ഒരാള്‍ പട്ടികജാതിയില്‍പ്പെട്ടവരാവണം. വിവാഹം 1995 ലെ ഹിന്ദുവിവാഹനിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം. അല്ലാത്ത ദമ്പതികള്‍ അനക്ഷ്വര്‍ ഒന്നില്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, സാമൂഹ്യസുരക്ഷാ ഓഫീസര്‍ മുഖാന്തിരമാണ് അപേക്ഷകള്‍ ഫൗണ്ടേഷന് സമര്‍പ്പിക്കേണ്ടത്.
- Log in to post comments