Skip to main content

മൂലത്തറ വലതുകര കനാല്‍ ദീര്‍ഘിപ്പിക്കല്‍ ഉടന്‍ ആരംഭിക്കും

 

മൂലത്തറ വലതുകര കനാല്‍ ദീര്‍ഘിപ്പിക്കലിനുള്ള സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചതായും നിർമാണ ചുമതലയുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിൽ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് അറിയിച്ചു.

സ്ഥലമെടുപ്പും ടെന്‍ഡര്‍ നടപടികളും നേരത്തേ പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ രൂപകല്‍പന, വിശദ പദ്ധതിരേഖ തയ്യാറാക്കല്‍, നിര്‍മാണം  ഏറ്റെടുക്കല്‍ (എൻജിനീയറിങ്, പ്രൊക്യുയർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ-ഇ.പി.സി) എന്നിങ്ങനെ ടെന്‍ഡര്‍ നടപടികളില്‍ വ്യക്തത വരുത്തണമെന്ന കിഫ്ബി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കരാര്‍ നടപടികള്‍ വൈകുകയായിരുന്നു. ഇത്തരത്തിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിനെ തുടര്‍ന്നാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ അനുമതി നൽകി ഉത്തരവിറക്കിയത്. കിഫ്ബിയില്‍ നിന്നുള്ള 262.1 കോടി രൂപ ഉപയോഗിച്ചാണ് കനാല്‍ ദീര്‍ഘിപ്പിക്കുന്നത്.   

നവീകരിച്ച മൂലത്തറ റെഗുലേറ്ററിന്റെ വലതു കരയില്‍ കോരയാര്‍ വരെ നിലവിലുള്ള കനാലാണ് വരട്ടയാര്‍ വരെ ഒന്നാംഘട്ടമായി ദീര്‍ഘിപ്പിക്കുക. ഇതിലൂടെ പാലക്കാട് ജില്ലയിലെ മഴനിഴൽ പ്രദേശങ്ങളിലെ ജലക്ഷാമത്തിന് പരിഹാരമാകും. സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസവും മൂന്നു തവണ അലൈന്‍‌മെന്റ് മാറ്റേണ്ടി വന്നതുമാണ് ആദ്യം പദ്ധതി വൈകിച്ചത്. കനാല്‍ ദീര്‍ഘിപ്പിക്കലിനായി 6.47 ഹെക്ടര്‍ സ്ഥലമാണ്  12.6 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്തത്.

ഇ.പി.സി മാതൃകയിലാണ് കനാല്‍ ദീര്‍ഘിപ്പിക്കല്‍ ജോലികള്‍ക്ക് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 

3575 ഹെക്ടര്‍ ഭൂമിയില്‍ സുസ്ഥിര ജലസേചനമാണ് പദ്ധതിയുടെ ലക്ഷ്യം. 6.43 കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ നിര്‍മിച്ച് 2.8 മീറ്റര്‍ വ്യാസമുള്ള പൈപ്പിലൂടെയാണ് ജലം എത്തിക്കുക. 660 മീറ്റര്‍ ദൂരം ടണലുണ്ടാകും. കനാലിന്റെ അവസാന ഭാഗത്ത് ഉള്‍പ്പെടെ മൂന്നിടത്തുനിന്ന് അധികജലം സ്വാഭാവിക ജലസ്രോതസ്സുകളിലേക്ക് തുറന്നുവിടും. നിലവിലുള്ള വലതുകര കനാലും നവീകരിക്കും. വരട്ടയാര്‍ മുതല്‍ വേലന്താവളം വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ടം ദീര്‍ഘിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കല്‍ ജോലികളും വൈകാതെ ആരംഭിക്കും. ഇതിനായി സംസ്ഥാന ബജറ്റില്‍ 12 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
 

date