പെണ്‍കൂട്ടായ്മയുടെ പെരുമയില്‍ ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടം
ചിട്ടയായ പ്രവര്‍ത്തനവും പരിശ്രമവുമൊന്നിച്ചാല്‍ വിജയം തേടിയെത്തുമെന്ന് തെളിയിച്ച് കയ്പമംഗലം ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടം. മികച്ച അയല്‍ക്കൂട്ടത്തിനുള്ള ദേശീയ അംഗീകാരം തേടിയെത്തുമ്പോള്‍ ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടത്തിന് പങ്കുവെക്കാനുള്ളത് 19 വര്‍ഷത്തെ വിജയഗാഥ. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാമിഷനു കീഴിലാണ് കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടം പ്രവര്‍ത്തിക്കുന്നത്. 19 അംഗങ്ങളുമായി 1999ലാണ് കുടുംബശ്രീ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. 2003ല്‍ ലിങ്കേജ് ലോണ്‍ വഴി ഒരു ലക്ഷം രൂപ വായ്പയെടുത്തു. വായ്പ തുക ഉപയോഗിച്ച് 19 അംഗങ്ങളുടെ പേരില്‍ നാല് സെന്റ ് ഭൂമി വാങ്ങി. ഒരു മുറി പണിത് പലചരക്ക് കച്ചവടം തുടങ്ങി. പിന്നീട് കുട നിര്‍മ്മാണം , ബലൂണ്‍ നിര്‍മ്മാണം, സോപ്പ്, സോപ്പ്‌പൊടി നിര്‍മ്മാണ യൂണിറ്റ് തുടങ്ങി വിവിധ സംരംഭങ്ങള്‍ ഏറ്റെടുത്തു. ആദ്യഘട്ടത്തില്‍ പദ്ധതികള്‍ വിജയം കണ്ടില്ലെങ്കിലും അംഗങ്ങളുടെ നിശ്ചയദാര്‍ഢ്യത്തില്‍ പുത്തന്‍ സംരംഭങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. 5 ലക്ഷം രൂപ ലോണെടുത്ത് ഹാള്‍ പണിത് വാടകക്ക് നല്‍കി. കുടുംബശ്രീ സമ്പാദ്യമായ രണ്ടര ലക്ഷം രൂപയും പത്ത് ലക്ഷം രൂപ ലോണുമെടുത്ത് ഹാളിനോട് ചേര്‍ന്ന് അടുക്കള , ശുചിമുറി എന്നിവയും നിര്‍മ്മിച്ചു. വെള്ളവും കറന്റും ലഭ്യമാക്കി. സ്വന്തമായി കെട്ടിടമുള്ള കുടുംബശ്രീ യൂണിറ്റായി മാറി. കൃഷിയിലും ഗ്രാമലക്ഷ്മി അംഗങ്ങള്‍ മികവുപുലര്‍ത്തി.
അയല്‍ക്കൂട്ടത്തിനു കീഴിലെ ഒരുമ, ദേവരാഗം, സിസ്റ്റേഴ്‌സ് എന്നീ ജെഎല്‍ജി ഗ്രൂപ്പുകള്‍ കയ്പമംഗംലം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച ജെഎല്‍ജി ഗ്രൂപ്പുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഇവരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിനു മുന്‍പില്‍ ആഴ്ച ചന്തകളും ഓണം പ്രീ മാര്‍ക്കറ്റ്, ഓണ ചന്ത, വിഷു ചന്ത എന്നിവയും വിജയകരമായി നടത്തുന്നു. ജില്ലാ മിഷന്റെ സഹകരണത്തോടെയാണ് ജെഎല്‍ജി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം.ഓരോ ഗ്രൂപ്പുകളും മൂന്ന് ലക്ഷം രൂപ വീതം ലോണെടുത്താണ് പച്ചക്കറി കൃഷി നടത്തുന്നത്. ഇതില്‍ നാല് ശതമാനം തുക ജില്ലാ മിഷന്‍ നല്‍കുന്നു. കൃഷിയുടെ വ്യാപ്തിയും വിളവുമനുസരിച്ച് ഏരിയ ഇന്‍സെന്റീവും ജില്ലാ മിഷന്‍ വിതരണം ചെയ്യുന്നുണ്ട്. വാഴ, മുളക്, വഴുതന, ചേന, ചേമ്പ്, മഞ്ഞള്‍, കൊള്ളി മുതല്‍ സീസണ്‍ അനുസരിച്ചുള്ള പച്ചക്കറികളാണ് ഗ്രൂപ്പുകള്‍ കൃഷി ചെയ്യുന്നത്. കൂടാതെ കരനെല്‍കൃഷി ആരംഭിക്കാനുള്ള നിലമൊരുക്കലിലാണ് ഗ്രാമലക്ഷ്മി അംഗങ്ങള്‍. പഞ്ചായത്തിലെ മികച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ജേതാവാണ് ഗ്രാമലക്ഷ്മിയുടെ അമരക്കാരി ഓമന ഗോപി.
ഗ്രാമപഞ്ചായത്തിനു കീഴില്‍ പരിശീലനം നേടിയ 12 അംഗ ശിങ്കാരിമേളം ടീമും ഗ്രാമലക്ഷ്മിക്ക് സ്വന്തമായുണ്ട്. ഗ്രാമപഞ്ചായത്ത് അനുവദിച്ച 56,000 രൂപ ധനസഹായത്തിലാണ് ശിങ്കാരിമേളത്തിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയത്. ഇതിലൂടെ മെച്ചപ്പെട്ട വരുമാനം കണ്ടെത്താന്‍ അംഗങ്ങള്‍ക്കായി. കുടുംബശ്രീ മിഷന്റേയും മൃഗസംരക്ഷണ വകുപ്പിന്റേയും സഹകരണത്തോടെ ആരംഭിച്ച ആട്ടിറച്ചി സംസ്‌കരണ കേന്ദ്രമാണ് എറ്റവും പുതിയ സംരംഭം. കയ്പമംഗലം എം.എല്‍.എ. ഇ.ടി ടൈസന്‍ മാസ്റ്ററാണ് സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഗ്രാമപഞ്ചായത്തിന്റെ ആടുഗ്രാമം പദ്ധതയിലൂടെ 30 ആടുകളെ വാങ്ങി. ആടുകളെ വാങ്ങുന്നതിന് സബ്‌സിഡിയായി ഗ്രാമപഞ്ചായത്ത് 90,000 രൂപ അനുവദിച്ചു. ആട്ടിറച്ചി സംസ്‌കരണ കേന്ദ്രത്തിനായി വെറ്റിനറി കോളേജില്‍നിന്ന് 4 അംഗങ്ങള്‍ പ്രത്യേക പരിശീലനവും നേടി. കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച മൃഗസംരക്ഷണ പഞ്ചായത്തായി കയ്പമംഗലം ഗ്രാമപഞ്ചായത്തിനെ ഉയര്‍ത്തുന്നതില്‍ ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടത്തിന്റെ ഈ പദ്ധതി പ്രധാന പങ്കുവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അനുവദിച്ച 130000 രൂപ ധനസഹായത്തോടെയാണ് സംസ്‌കരണ കേന്ദ്രം തുടങ്ങിയത്. സ്വന്തമായി ഒരു നാളികേര ഉത്പാദന യൂണിറ്റ് ആരംഭിക്കുക എന്നതാണ് അയല്‍ക്കൂട്ടത്തിന്റെ അടുത്ത ലക്ഷ്യം.
ഇതിനായുള്ള പ്രോജക്ട് ജില്ലാമിഷന് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച അയല്‍ക്കൂട്ടത്തിനുള്ള ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്റെ പുരസ്‌കാരം ജൂണ്‍ 11ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടത്തിന് സമ്മാനിച്ചു.അയല്‍ക്കൂട്ടം പ്രസിഡന്റ് ഓമന ഗോപി, സെക്രട്ടറി നജീറ നൂറുദ്ദീന്‍, കയ്പമംഗലം സി ഡി എസ് ചെയര്‍പേഴ്‌സണ്‍ മിനി, കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ്‌കോ- ഓര്‍ഡിനേറ്റര്‍ എം.എ.ബൈജു മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം എറ്റുവാങ്ങിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമാണ് പുരസ്‌കാരം. ചിട്ടയായ പ്രവര്‍ത്തനവും നിശ്ചയദാര്‍ഢ്യവുമാണ് ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടത്തിന് ദേശീയ അംഗീകാരം നേടിക്കൊടുത്തത്. കുടുബശ്രീ പ്രസ്ഥാനത്തിലൂടെ സ്വയംപര്യാപ്തത നേടിയവരില്‍ ഏറ്റവും മികച്ച മാതൃകയാവുകയാണ് ഗ്രാമലക്ഷ്മിയിലെ അംഗങ്ങള്‍.
- Log in to post comments