Skip to main content

റോഡുകളിൽ കുഴിയടക്കൽ ഉടൻ;  ദുരിതാശ്വാസ പ്രവർത്തനം വേഗത്തിലാക്കണം - മന്ത്രി ജി. സുധാകരൻ

 

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്തുനിന്ന് വേഗത്തിൽ എത്തിക്കാനും അടിയന്തിര അറ്റകുറ്റപ്പണി വേണ്ട ചില റോഡുകളിൽ കുഴിയടയ്ക്കൽ വേഗത്തിൽ ചെയ്യാനും പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.  ജില്ലയിലെ കാലവർഷക്കെടുതികൾ വിലയിരുത്തുന്നതിനായി  കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടുവർഷം വരെ നിലനിൽക്കുന്ന ജിയോ ട്യൂബുകൾ  കടലാക്രമണം രൂക്ഷമായ ഇടങ്ങളിൽ ഇടാനും  വലിയ കല്ലിടുന്നതിനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നരകോടി രൂപ അടിയന്തിരമായി ഇതിന് ഇറിഗേഷൻ വകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ കടൽഭിത്തി കെട്ടുന്നതിന് 200 കോടി രൂപ സർക്കാർ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.  മഴ മാറി കഴിഞ്ഞാൽ ഏറ്റവും നല്ല കല്ലു ഉപയോഗിച്ച്  ആലപ്പുഴയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണ ഭീഷണി കൂടുതലുള്ള തീരത്ത്  കടൽഭിത്തിയും  പുലിമുട്ടും  നിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. 

രണ്ടു കോടി 20 ലക്ഷം രൂപയുടെ  നാശനഷ്ടം ജില്ലയിലെ റോഡുകൾക്കുണ്ടായി.  അത്യാവശ്യ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചേർത്തല- അരൂർ ദേശീയപാതയിലെയും എ.സി. റോഡിലെയും കുഴികൾ  അടിയന്തര സ്വഭാവത്തിൽ അടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണം.  എ.സി റോഡിന്റെ  ചിലഭാഗങ്ങളിൽ  വെള്ളം കയറാൻ കാരണം പാടശേഖര സമിതിയുടെ  പ്രവർത്തനങ്ങളിലെ പാകപ്പിഴയാണ.് ഇതിന് അവരിൽ നിന്ന് നഷ്ടപരിഹാരം വകുപ്പുതലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത നാലുവരി ആക്കൽ നടക്കുന്നതിനാൽ കേന്ദ്രം അറ്റകുറ്റപ്പണികൾക്ക്  പണം അനുവദിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.  കടൽക്ഷോഭത്തിലും വെള്ളം കയറിയും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നല്ല ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ എന്നിവ സർക്കാർ ഉറപ്പാക്കിയിട്ടുണ്ട.് കടലാക്രമണ ഭീഷണി ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിൽ കല്ലിടാൻ നിർദ്ദേശം നൽകി. ഇറിഗേഷൻ വകുപ്പ് പതിനാലിടങ്ങളിൽ പ്രവർത്തികൾ നടത്തിവരുന്നതായി യോഗത്തെ അറിയിച്ചു.  പി.ഡബ്ല്യു.ഡി യുടെ കീഴിലുള്ള ഓടകൾ വൃത്തിയാക്കാനും പാലങ്ങളിലെ കാടുംപടലും അടിയന്തരമായി വൃത്തിയാക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. പൊഴികൾ തുറക്കാനുള്ള നടപടി സ്വീകരിക്കാനും മെഡിക്കൽ ക്യാമ്പുകൾ നടത്താനും ബന്ധപ്പെട്ട വകുപ്പുകളോട് നിർദ്ദേശിച്ചു. അടിയന്തരമായി ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ക്യാമ്പ് തുടങ്ങി മാത്രമേ ഭക്ഷണവിതരണം നടത്താവൂവെന്നും  അല്ലാത്തിടങ്ങളിൽ ഒരു പ്രാഥമിക പരിശോധന നടത്തണമെന്നും നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളികൾക്കും വെള്ളപ്പൊക്കത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ടവർക്കും വീട് നിർമിക്കാനായി 10 ലക്ഷം രൂപ സർക്കാർ അനുവദിക്കും. സ്ഥലം ഇല്ലാത്തവർക്ക് സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപയും സ്ഥലമുള്ളവർക്ക് വീട് നിർമിക്കാനായി നാലു ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. കടലാക്രമണവും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങൾ ജില്ലയിൽ വേഗത്തിൽ നടപ്പാക്കാൻ നടപടി സ്വീകരിക്കണം.തീരപ്രദേശങ്ങളിലുള്ളവർക്ക് സൗജന്യറേഷൻ  എത്രയും വേഗം നൽകുന്നതിന് നടപടിയെടുക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകി. തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികൾക്കും മറ്റുള്ളവർക്കും ആണ് സൗജന്യറേഷൻ നൽകേണ്ടത് . ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിൽ വന്ന അവ്യക്തത എത്രയും പെട്ടെന്ന് നീക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി കളക്ടർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. ചേർത്തലയിൽ ഒറ്റമശ്ശേരി, അർത്തുങ്കൽ ഭാഗങ്ങളിൽ ശക്തമായ കടലാക്രമണം ആണ് ഉണ്ടായിട്ടുള്ളതെന്ന് യോഗത്തിൽ ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സർക്കാർ വളരെവേഗം ഇത്തവണ പ്രവർത്തനനിരതമായി. കടലിൽത്തീരത്ത്  ഇടാനുള്ള കല്ല്  ലഭ്യമാക്കാൻ തടസ്സം നേരിടുന്നതായി അദ്ദേഹം യോഗത്തിൽ പറഞ്ഞു. പല സ്ഥലത്തും കല്ല് തടയുകയാണ്. കടൽത്തീരത്ത് ഇടാൻ നിയമപരമായി കല്ല് കൊണ്ടുവരുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും യോഗം നിർദ്ദേശിച്ചു.

 തീരം സംരക്ഷിക്കാൻ  പുലിമുട്ടും ശാസ്ത്രീയമായ കടൽഭിത്തിയും അതിന് തക്ക വലിയ പദ്ധതികളുമാണ്   ഏക പരിഹാരമെന്ന് യോഗത്തിൽ പങ്കെടുത്ത കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ മിന്നൽ പരിശോധനയും സൗകര്യങ്ങളുടെ വിലയിരുത്തലും ജില്ലാ ഭരണകൂടം ചെയ്തുവരുന്നതായി കളക്ടർ എസ്.സുഹാസ് യോഗത്തിൽ പറഞ്ഞു. ശിക്കാരി വള്ളങ്ങൾ തടയാനും കടൽത്തീരത്ത് ജാഗ്രത പുലർത്താനും നിർദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു. എം.എൽ.എമാരായ സജി ചെറിയാൻ, ആർ.രാജേഷ്, എ.എം.ആരിഫ്, അഡ്വ.യു.പ്രതിഭാഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ദലീമജോജോ, തദ്ദേശ സ്ഥാപനങ്ങളുടെ ഭാരവാഹികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

(പി.എൻ.എ. 1325/2018)

 

date