വായനാപക്ഷാചരണത്തിന് ഇന്ന് (ജൂണ്‍ 19) തുടക്കം ദിനാചരണം ഉദ്ഘാടനം പറവൂരില്‍
കൊച്ചി: സ്വതന്ത്രചിന്തയ്ക്കും സര്ഗാത്മകമനസിന്റെ വികാസത്തിനും വായന പ്രധാനമാണെന്ന സന്ദേശവുമായി വായനാദിനം ഇന്ന് (ജൂണ്‍ 19). വായനാപക്ഷാചരണത്തിനും ഇന്ന് തുടക്കം കുറിക്കും. കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19ന് ആരംഭിക്കുന്ന പക്ഷാചരണം ഈ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് സമാപിക്കും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ്, വിദ്യാഭ്യാസ വകുപ്പുകളും ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദിനാചരണത്തിന്റെയും പക്ഷാചരണത്തിന്റെയും ഉദ്ഘാടനം ഇന്നു രാവിലെ 10ന് പറവൂര്‍ നന്ത്യാട്ടുകുന്നം എസ്.എന്‍.വി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും.
ആഘോഷത്തിന് തുടക്കം കുറിച്ച് നടക്കുന്ന അക്ഷരജാഥയുടെ ഉദ്ഘാടനം കെടാമംഗലത്ത് രാവിലെ ഒമ്പതിന് പറവൂര്‍ നഗരസഭ ചെയര്മാന് രമേഷ്.ഡി.കുറുപ്പ് നിര്‍വഹിക്കും. വായനാദിനവും പക്ഷാചരണവും ഗ്രന്ഥാലോകം എഡിറ്ററും കവിയുമായ എസ്. രമേശന് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.ആര്. രഘു അധ്യക്ഷത വഹിക്കും. പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം എം.ആര് സുരേന്ദ്രന് നിര്‍വഹിക്കും. നഗരസഭാ കൗണ്‍സിലര്‍ ടി.വി. നിഥിന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, പറവൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.വി. അജിത്കുമാര്‍, ഹരിവിജയന്, ഇ.ജി. ശാന്തകുമാരി, പി.ആര്. ലത, കെ.എന്‍. ലത, എം.കെ. ആഷിഖ് എന്നിവര്‍ പ്രസംഗിക്കും.
പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ലൈബ്രറികളിലും വിവിധ പരിപാടികള്‍ നടക്കും. വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ ആചാര്യന്മാരെ ആദരിക്കല്‍, വായനാനുഭവങ്ങള്‍ വിവരിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, പുസ്തകപ്രദര്ശനം എന്നിവയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947264234
വായനവാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്കൂളുകളില്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി എ സന്തോഷ് അറിയിച്ചു. ഈ ആഴ്ച നടക്കുന്ന എല്ലാ അസംബ്ലികളിലും വിദ്യാര്‍ത്ഥികളെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തും. സ്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഓരോ സ്കൂളിലും പ്രദര്‍ശിപ്പിക്കും. സ്കൂളുകളുടെ മേല്‍നോട്ടത്തില്‍ ചുറ്റുവട്ടത്തെ എഴുത്തുകാരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്യും. വായനയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന സെമിനാറുകള്‍ നടത്തും. കുട്ടികളുടെ വായനക്കുറിപ്പ് തയ്യാറാക്കലാണ് വാരാചരണത്തിലെ മുഖ്യ ഇനം. മികച്ച കുറിപ്പിന് സ്കൂള്‍ തലത്തില്‍ സമ്മാനം നല്‍കും. ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച കുട്ടിയ്ക്ക് സമ്മാനം നല്‍കും. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകസമാഹരണവും നടത്തും. സ്കൂളിനു സമീപത്തെ വായനശാല സന്ദര്‍ശിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കും.
വായനാദിനത്തോടനുബന്ധിച്ച് ആലുവ താലൂക്ക് ഓഫീസില്‍ രാവിലെ 9.30-ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള മുഖ്യാതിഥിയായിരിക്കും. ആലുവ താലൂക്ക് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ദ്യുതി സ്മരണികയുടെ പ്രകാശനം എഴുത്തുകാരന് സേതു നിര്‍വഹിക്കും. എല്ലാ വിഷയങ്ങള്‍ക്കും എ-പ്ളസ് നേടിയ ജീവനക്കാരുടെ മക്കള്‍ക്കും ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ നിര്‍ധനരായ 25 കുട്ടികള്‍ക്കും പുരസ്കാരവും വിദ്യാഭ്യാസ ധനസഹായവും വിതരണം ചെയ്യും
- Log in to post comments