മഴവെള്ളക്കൊയ്ത്തിന് തയ്യാറെടുത്ത് ആര്യങ്കോട്; 175 സംഭരണികള്‍ നിര്‍മിക്കും
മഴവെള്ളം സംഭരിച്ച് വേനലിനെ മറികടക്കാനുള്ള മാതൃകാ പദ്ധതിയുമായി ആര്യങ്കോട് ഗ്രാമപഞ്ചായത്ത്. മഴവെള്ള സംഭരണത്തിന് 175 ടാങ്കുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനില്‍ അറിയിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന മഴവെള്ള സംഭരണവും ഭൂജല പരിപോഷണവും പദ്ധതിക്കായി ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പഞ്ചായത്തുകളില്‍ ഒന്നാണ് ആര്യങ്കോട് ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വേനലില്‍ കടുത്ത ജലദൗര്‍ലഭ്യം നേരിട്ട പഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഫെറോസിമന്റ് വിദ്യ ഉപയോഗിച്ച് 10,000 ലിറ്റര്‍ മഴവെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ടാങ്കുകളാണ് നിര്‍മിക്കുന്നത്. വീടുകളുടെ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം ശേഖരിച്ച് കുടിവെള്ളമായി ഉപയോഗിക്കാന്‍ ഇതു വഴി സാധിക്കും. പദ്ധതി വിഹിതമായി പഞ്ചായത്തിലെ ഒരോ യൂണിറ്റിനും 62,307 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. എ.പി.എല്‍ വിഭാഗക്കാര്‍ 6231 രൂപയും ബി.പി.എല്‍ വിഭാഗക്കാര്‍ 3115 രൂപയും ഗുണഭോക്തൃ വിഹിതമായി മുടക്കിയാല്‍ മതിയാകും. പദ്ധതിയുടെ ആരംഭഘട്ടമായി 'മഴവെള്ള സംഭരണവും ഭൂജല പരിപോഷണവും' എന്ന വിഷയത്തില്‍ ഗുണഭോക്താക്കള്‍ക്ക് ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു.
(പി.ആര്.പി 1676/2018)
- Log in to post comments