Skip to main content

വായനദിന-വായനപക്ഷാചരണത്തിന് ഇന്ന് (ജൂൺ 19)തുടക്കം കളക്ട്രേറ്റിൽ പാദമുദ്രകൾ ഡോക്യുമെന്ററി ഫെസ്റ്റിവൽ

ആലപ്പുഴ: ഇൻഫർമേഷൻ-പബ്ളിക് റിലേഷൻസ് വകുപ്പും, ജില്ല ഭരണകൂടവും, ലൈബ്രറി കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാതല വായനദിനാഘോഷങ്ങൾക്കും വായനദിന-വാരാചരണത്തിനും ഇന്ന് തുടക്കമാകും.പി.എൻ.പണിക്കരുടെ സ്മരണാർഥമുള്ള  വായനദിനാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ   ഇന്ന് (ജൂൺ 19) രാവിലെ 9.30ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. 

വായനദിന-വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അവാർഡ് പി.കെ. കൃഷ്ണദാസിനും മികച്ച സ്‌കൂൾ ലൈബ്രേറിയനായ ആല വി.എച്ച്.എസ്.എസിലെ   ജി.തോമസിനെയും മികച്ച സ്‌കൂൾ ലൈബ്രറിയായി തിരഞ്ഞെടുത്ത ആല ഗവ. എച്ച്.എസ്.എസിനെയും കെ.സി. വേണുഗോപാൽ എം.പി  ആദരിക്കും. 

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ആധ്യക്ഷ്യം വഹിക്കും. നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഗ്രന്ഥകർത്താവായ വിദ്യാർഥിയെ ആദരിക്കൽ ചടങ്ങ് ജില്ല കളക്ടർ എസ്.സുഹാസ് നിർവഹിക്കും. അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ഐ.അബ്ദുൾ സലാം വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കല്ലേലി രാഘവൻപിള്ള വായനദിന സന്ദേശവും ചുനക്കര ജനാർദ്ദനൻ നായർ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തും. 

ലൈബ്രറി കൗൺസിൽ സംസ്ഥാന ഭരണസമതിയംഗം അഡ്വ. പി.വിശ്വംഭരപണിക്കർ, ലൈബ്രറി കൗൺസിൽ സംസ്ഥാന ഭരണസമതിയംഗം മുഞ്ഞിനാട് രാമചന്ദ്രൻ,വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.പി.ലതിക, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ മീനകുമാരി, സാക്ഷരത മിഷൻ ജില്ല കോ-ഓർഡിനേറ്റർ ഹരിഹരൻ ഉണ്ണിത്താൻ, കുടുംബശ്രീ ജില്ല കോ-ഓർഡിനേറ്റർ സുജ ഈപ്പൻ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ല കോ-ഓർഡിനേറ്റർ നാട്ടുവെളിച്ചം പ്രതാപൻ, പ്രിൻസിപ്പൽ  ജിജി ജോസഫ്, ഹെഡ്മിസ്ട്രസ് കല ജോൺ എന്നിവർ പങ്കെടുക്കും. 

ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല സ്വാഗതവും ഗ്രന്ഥശാല സംഘം സെക്രട്ടറി മാലൂർ ശ്രീധരൻ നന്ദിയും പറയും. ജില്ല ഭരണകൂടം, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, ലൈബ്രറി കൗൺസിൽ പൊതുവിദ്യാഭ്യാസവകുപ്പ്, പഞ്ചായത്ത് വകുപ്പ്,  കുടുംബശ്രീ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, സാക്ഷരത മിഷൻ, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വാരാചരണം. വാരാചരണത്തിന്റെ ഭാഗമായി കളക്ട്രേറ്റ് സ്റ്റാഫ് കൗൺസിലിന്റെ സഹകരരണത്തോടെയുള്ള പാദമുദ്രകൾ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കോൺഫ്രൻസ് ഹാളിൽ ജില്ല കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്യും. 

 

 

(പി.എൻ.എ. 1329/2018)

 

date