മഴക്കെടുതിയില്‍ വീട് തകര്‍ന്നവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കും -ജില്ലാ കലക്ടര്‍
മഴക്കെടുതിയില്‍ വീട് തകര്‍ന്നവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജൂണ്‍ 15 ന് ജില്ലാ കലക്ടറുടെ കാംപ് ഓഫീസില്‍ മഴക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന തഹസില്‍ദാര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഇത് സംബന്ധിച്ച് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ മഴക്കെടുതിയെ പ്രിതിരോധിക്കാന്‍ സ്വീകരിച്ച നടപടികളും വിലയിരുത്തി.
മഴ മാറുന്നത് വരെ മംഗലം ഡാം തളിയക്കല്ല് അദിവാസി കോളനിയിലെ 36 കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ ഉറപ്പു വരുത്തും. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ ഗതാഗതം തടസ്സപ്പെട്ട അട്ടപ്പാടി മേഖലയില്‍ ഗതാഗതം പുന:സ്ഥാപിക്കാനുളള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ജില്ലയില്‍ 4.057 കോടിയുടെ നാശനഷ്ടം
കാലവര്‍ഷക്കെടുതി മൂലം ജില്ലയില്‍ മെയ് 30 മുതല്‍ ജൂണ്‍ 15 വരെയുളള കാലയളവില്‍ മണ്ണാര്‍ക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം താലൂക്കുകളിലാണ് പ്രധാനമായി മണ്ണിടിച്ചില്‍/ഉരുള്‍പൊട്ടല്‍ സംഭവിച്ചിരിക്കുന്നത്. ഏഴ് വീടുകള്‍ പൂര്‍ണമായും 92 എണ്ണം ഭാഗീഗമായും തകര്‍ന്നു. 36,70,000 രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. ജൂണ്‍ 12 ന് കല്‍പ്പാത്തിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ജയകുമാര്‍ (29) എന്നയാളെ കാണാതായി. മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. നേവിയുടെ സഹായത്താല്‍ തിരച്ചില്‍ നടത്തിവരുന്നുണ്ട്. ജൂണ്‍ 15 ന് മണ്ണാര്‍ക്കാട് താലൂക്കില്‍ പാലക്കയം വില്ലേജില്‍ വളളോത്ത് വീട്ടില്‍ നാരായണന്‍കുട്ടിമേനോന്‍റെ മകന്‍ ശശി(69) പാലക്കയം പുഴയില്‍ രാത്രി എട്ടിന് കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞു. മൊത്തം കൃഷി നാശം 2.30 കോടി. പൊതുമരാമത്ത് വകുപ്പ് (റോഡുകള്‍) മായി ബന്ധപ്പെട്ട നാശനഷ്ടം 1.39 കോടി.മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട് താലൂക്ക് അഗളി വില്ലേജില്‍ പട്ടിമോളം (അട്ടപ്പാടി ഭാഗത്ത്) തുരുത്തില്‍ കൃഷിയാവശ്യത്തിന് താമസിച്ചിരുന്ന ഒറ്റപ്പെട്ടു പോയ രണ്ട് പേരെ ജൂണ്‍ 13 ന് ഫയര്‍ ഫോഴ്സ്, പൊലീസ് എന്നിവരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. അട്ടപ്പാടി ചുരം റോഡില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും മണ്ണിടിഞ്ഞ് റോഡിലേക്ക് വീണുകൊണ്ടിരിക്കുന്നത് നീക്കം ചെയ്തു വരുന്നുണ്ട്. മറിഞ്ഞ് വീഴുന്ന മരങ്ങള്‍ ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവരുടെ സഹായത്തോടെ മുറിച്ച് മാറ്റുന്നുണ്ട്.
പാലക്കയം വില്ലേജില്‍ പായപ്പുല്ല്, ഇഞ്ചിക്കുന്ന് എന്നിവിടങ്ങളില്‍ ജൂണ്‍ 12 രാത്രി ഉരുള്‍പൊട്ടലുണ്ടായി. ഒരു വീട് പൂര്‍ണമായും ഒരു വീട് ഭാഗികമായി തകരുകയും ചെയ്തു. ആളപായമില്ല.
പാലക്കാട് താലൂക്ക്
പറളി-1 വില്ലേജില്‍ കല്‍പ്പാത്തി പുഴ ചെക്ക് ഡാമില്‍ ജൂണ്‍ 12 വൈകിട്ട് മൂന്നിന് കുളിക്കാനിറങ്ങിയ ഷൊര്‍ണൂര്‍ സ്വദേശിയായ മോഹന്‍ദാസ് മകന്‍ ജയകുമാര്‍ (29) കാണാതാവുകയും, ഫയര്‍ഫോഴ്സും പൊലീസും നേവിയും തുടര്‍ച്ചയായി നാല് ദിവസം തിരച്ചില്‍ നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല.
ആലത്തൂര്‍ താലൂക്ക്
കിഴക്കഞ്ചേരി-2 വില്ലേജില്‍ കടപ്പാറ, മണ്ണെണ്ണക്കയം ഭാഗത്ത് ജൂണ്‍ 13 ബുധനാഴ്ച രാത്രി ഉരുള്‍പൊട്ടലുണ്ടായി ആളപായമില്ല. റബ്ബര്‍, വാഴ, കുരുമുളക് എന്നിവ ഒലിച്ചു പോയിട്ടുണ്ട്. രണ്ട് കുടുംബങ്ങള്‍ അവരുടെ ബന്ധു വീട്ടിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്.
മംഗലം ഡാം വില്ലേജിലെ തളിക്കല്ല് ആദിവാസി കോളനിയിലുളള 56 ആദിവാസി കുടുംബങ്ങള്‍ക്ക് തിപ്പലിത്തോട്ടില്‍ വെളളം കയറി പുറത്ത് പോകുവാന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ സൗജന്യ റേഷന്‍ ഒരു മാസത്തേക്ക് കൊടുക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മംഗലം ഡാമില്‍ വെളളം അധികരിച്ചതിനെ തുടര്‍ന്ന് തുറന്ന് വിട്ടിട്ടുണ്ട്. ഡാം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- Log in to post comments