Skip to main content
വടക്കഞ്ചേരി കമ്മ്യൂനിറ്റ് കോളെജ് ശിലാസ്ഥാപനം  മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു.

പട്ടികജാതി-വര്‍ഗ്ഗക്കാരെ സ്ഥായിയായ വികസനത്തിലൂടെ മുഖ്യധാരയിലെത്തിക്കും: -മന്ത്രി എ.കെ ബാലന്‍

 

ദാരിദ്ര്യം അകറ്റുക എന്നതിലുപരി പട്ടികജാതി-പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് നിലവാരമുളള വിദ്യാഭ്യാസം, തൊഴില്‍, വീട് ,അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സ്ഥായിയായ വികസനത്തിലൂടെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുമെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക- പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. വടക്കഞ്ചേരിയിലുളള സംസ്ഥാനത്തെ ഏക കമ്മ്യൂനിറ്റി കോളെജിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമിയില്ലാത്തതും വിദ്യാഭ്യാസത്തിന്‍റെയും തൊഴിലിന്‍റേയും അഭാവവുമാണ് ഈ വിഭാഗക്കാരുടെ പ്രധാന പ്രശ്നമെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.  അടിസ്ഥാന സൗകര്യങ്ങളോടെ വീടീനോടനുബന്ധിച്ച് പഠനമുറി സജ്ജമാക്കുന്നത് അത്തരം ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്.സമ്പൂര്‍ണ്ണ സുരക്ഷാ പാര്‍പ്പിട പദ്ധതിയായ 'ലൈഫ്' ഈ വിഭാഗത്തിന് തികച്ചും പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
     ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വടക്കഞ്ചേരിയില്‍ ആരംഭിക്കാനിരിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലധിഷ്ഠിത കോഴ്സുകളില്‍് 70 ശതമാനം പട്ടികജാതി വിഭാഗക്കാര്‍ക്കും 20 ശതമാനം പട്ടികവര്‍ഗവിഭാഗക്കാര്‍ക്കും ബാക്കിയുളള 10 ശതമാനം മറ്റ് വിഭാഗക്കാര്‍ക്കുമായാണ് നീക്കിയിരിക്കുന്നത്. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 50,000ത്തോളം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്.  
    1.85 ഏക്കര്‍ സ്ഥലത്തുളള വടക്കഞ്ചേരി കമ്മ്യൂനിറ്റി കോളെജിന്‍റെ കെട്ടിട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ 20 സീറ്റാണ് കോളെജില്‍ ഉളളത്. ഇതില്‍ 16 സീറ്റ് പട്ടിക വര്‍ഗ വിഭാഗത്തിനും രണ്ട് വീതം സീറ്റ് പട്ടികജാതിവിഭാഗത്തിനും ജനറല്‍ വിഭാഗത്തിനുമാണ്.
മൊത്തം സീറ്റ് 40 ആക്കാന്‍ ഉദ്ദേശ്യമുണ്ട്. ഇതില്‍ 10 ശതമാനത്തോളം മറ്റിതര വിഭാഗക്കാര്‍ക്ക് നീക്കിവെയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ക്ക് 1500/ രൂപ സ്റ്റൈപെന്‍ഡ് നല്‍കുന്നുണ്ട്. അല്ലാത്തവര്‍ക്ക് 630/ രൂപ നല്‍കുന്നുണ്ട്. ഈ വര്‍ഷം മുതല്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തും. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം ജോലി ഉറപ്പായിട്ടുളള സംസ്ഥാനത്തെ ഏക കമ്മ്യൂനിറ്റി കൊളെജില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥാപനത്തിലൊ മറ്റ് സ്ഥാപനങ്ങളിലോ പരീശീലനത്തിന് ശേഷം തൊഴില്‍ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 
   18 മാസത്തിനകം കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജനല്‍ മാനെജര്‍ ലില്ലി ജോസഫ് റിപ്പോര്‍്ട്ട് അവതരണത്തില്‍ വ്യക്തമാക്കി. കമ്മ്യൂനിറ്റി കോളെജും ഹോസ്റ്റലുമായി രണ്ടു ഇരുനില കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത്. പട്ടികജാതി വികസന വകുപ്പിന്‍റെ 5.67 കോടി ഉപയോഗിച്ച് 1674 ചതുരശ്ര അടി കോളെജ് കെട്ടിടവും 1550.12 ചതുരശ്ര അടി ഹോസ്റ്റല്‍ കെട്ടിടവുമാണ് നിര്‍മിക്കുന്നത്. ഇതോടെ സാങ്കേതിക മികവ് ആവശ്യമുള്ള തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരം ലഭ്യമാകും.സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ മുന്‍നിര സ്ഥാപനമായ നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ (എന്‍.ടി.ടി.എഫ്.) ന്‍റെ സാങ്കേതിക സഹായത്തോടെയാണ് കോളെജ് പ്രവര്‍ത്തിക്കുന്നത്. പഠിച്ചിറങ്ങുന്ന മുഴുവന്‍ പേര്‍ക്കും ജോലിയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കോളെജില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷിനിസ്റ്റ് എന്ന രണ്ടുവര്‍ഷ കോഴ്സാണ് നടത്തുന്നത്. വാഹന നിര്‍മാണ കമ്പനികളില്‍ മെഷിനിസ്റ്റ് പോസ്റ്റിലേക്കാണ് ഇവിടെ പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നവര്‍ക്ക് തൊഴില്‍ ലഭിക്കുക. ലെയ്ത്ത്, ഡ്രിലിങ് തുടങ്ങിയവയാണ് കോഴ്സില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.  
      മണ്ണാംപറമ്പില്‍ (പഴയ ശ്രീരാമ തിയറ്റര്‍ ഗ്രൗണ്ട്) നടന്ന പരിപാടിയില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിത പോള്‍സണ്‍ അധ്യക്ഷയായി. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജനല്‍ മാനേജര്‍ ലില്ലി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി,  ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ചാമുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം എ.ടി. ഔസേഫ്, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വാസുദേവന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രമാ ജയന്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. പ്രസാദ്, സി.വിനു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ വി. സജീവ് എന്നിവര്‍ പങ്കെടുത്തു.  

 

date