കെ ടി ഡി സിയുടെ പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ട്; ശിലാസ്ഥാപനം ശനിയാഴ്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കും
കെ ടി ഡി സിയുടെ കീഴില്‍ മുഴപ്പിലങ്ങാട് ആരംഭിക്കുന്ന പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ടിന്റെ തറക്കല്ലിടല്‍ ഒക്ടോബര്‍ 30 ശനിയാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിന് സമീപമാണ് റിസോര്‍ട്ട് സമുച്ചയം നിര്‍മ്മിക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യാതിഥിയാകും.
39 കോടി രൂപ ചെലവില്‍ 3.96 ഏക്കറിലായാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. എട്ട് സ്യൂട്ടുകള്‍ ഉള്‍പ്പെടെ 40 മുറികളും നീന്തല്‍ക്കുളവും സ്പായും റസ്റ്റോറന്റ് സൗകര്യവുമുള്ള റിസോര്‍ട്ടാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന 2.5 ഏക്കറോളം ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നുണ്ട്. റിസോര്‍ട്ട് യാഥാര്‍ത്ഥ്യമാവുന്നതോടെ മുഴപ്പിലങ്ങാട് ബീച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളുടെ പ്രിയ കേന്ദ്രമാകും
- Log in to post comments