കണ്ണൂര്‍ അറിയിപ്പുകള് 28-10-2021
ക്വാര്‍ട്ടേഴ്സ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച;
ടൂറിസം വകുപ്പ് മന്ത്രി നിര്‍വ്വഹിക്കും
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടില്‍ പുതുതായി നിര്‍മ്മിക്കുന്ന ടൈപ്പ് ടു ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ഒക്ടേബര് 30 ശനിയാഴ്ച ഉച്ചക്ക് 12 ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷനാകും. മേയര്‍ അഡ്വ. ടി ഒ മോഹനന്, എം പിമാരായ കെ സുധാകരന്, ഡോ. വി ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ പങ്കെടുക്കും.
കടലില്‍ പോകരുത്
കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും കാറ്റ് വീശാനും മോശം കാലാവസ്ഥ്ക്കും സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 31 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു
2020-21 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് പുരസ്കാരം നല്കി. കണ്ണൂര്‍ ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ് എസ് എല്‍ സി അവാര്‍ഡ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. പ്ലസ് ടു അവാര്‍ഡ് വിതരണം മേയര്‍ അഡ്വ. ടി ഒ മോഹനന് നിര്‍വ്വഹിച്ചു.
ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ വി നാരായണന് അധ്യക്ഷനായി. കെ ദാമോദരന്‍ മാസ്റ്റര്‍, എന്‍ പി ശ്രീധരന്, കെ വി ബാബു, വനജ രാഘവന്, അബ്ദു മൂന്നാംകുന്ന്, കരുവാങ്കണ്ടി ബാലന്, സി പ്രദീപ് കുമാര്‍, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ സോജു അരിപ്പ എന്നിവര്‍ പങ്കെടുത്തു.
ലീഗല്‍ വളണ്ടിയര്‍ നിയമനം
ജില്ലാ നിയമ സേവന അതോറിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. നിയമസേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവല്‍ക്കരണം, ബദല്‍ തര്‍ക്ക പരിഹാരമാര്‍ഗങ്ങള്‍ തുടങ്ങിയവ ജനങ്ങളിലേക്കെത്തിക്കുകയാണ് ഇവരുടെ ചുമതല. അപേക്ഷകര്‍ 10ാം ക്ലാസ് പാസായിരിക്കണം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. അധ്യാപകര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയേതര സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍ സി സി, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, എന്നിവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കും. സേവനത്തിന് ഓണറേറിയം നല്‍കും. അപേക്ഷാഫോറം തലശ്ശേരിയിലെ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസ്, കണ്ണൂര്‍- തളിപ്പറമ്പ് താലൂക്ക് നിയമ സേവന കമ്മിറ്റി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണില്‍ ഓഫീസുമായി ബന്ധപ്പെടുന്നവര്‍ക്ക് അപേക്ഷാ ഫോറം വാട്സ് ആപ്പ്, മെയില്‍ മുഖേന അയച്ച് നല്‍കും. അപേക്ഷകന്റെ ഫോട്ടാ സഹിതം നവംബര്‍ 30 വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിലവില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വീണ്ടും അപേക്ഷ നല്‍കണം. നിലവിലെ തിരിച്ചറിയല്‍ കാര്‍ഡ് അഭിമുഖത്തിന് മുമ്പ് തിരിച്ചേല്‍പ്പിക്കണം.
വനിതാ കമ്മീഷന് അദാലത്ത് രണ്ടിന്
കേരള വനിതാ കമ്മീഷന് അദാലത്ത് നവംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടത്തും.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി ഗവ. മഹിളാ മന്ദിരത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സോഷ്യല്‍ വര്‍ക്ക് (മെഡിക്കല്‍ ആന്റ് സൈക്യാട്രി) മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ എം എ/ എം എസ് സി സൈക്കോളജി അല്ലെങ്കില്‍ എം എ/ എം എസ് സി ഡിഗ്രി ഇന്‍ അപ്ലൈഡ് സൈക്കോളജിയാണ് യോഗ്യത. പ്രായം 25-40 ഇടയില്‍. കൗണ്‍സലിങ്ങില്‍ മുന്‍പരിചയമുള്ളവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന.
താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല് സഹിതം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് ഹാജരാകണം. ഫോണ്‍: 0497 2700708.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലേക്ക് റാസ്പ്ബെറി പൈ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 10 ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്രഡിറ്റഡ് ഓവര്‍സീയര്‍, സീനിയര്‍ അക്കൗണ്ടന്റ് എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. അക്രഡിറ്റഡ് എഞ്ചിനീയര്‍ക്ക് ബി ടെക്ക് സിവില്‍, ഓവര്‍സിയര്‍ക്ക് ഡിപ്ലോമ സിവിലുമാണ് യോഗ്യത. സീനിയര്‍ അക്കൗണ്ടന്റിന് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും വിരമിച്ച സീനിയര്‍ അക്കൗണ്ടന്റ് അല്ലെങ്കില്‍ പി ഡബ്ല്യു ഡി ഇറിഗേഷന്‍ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിങ്ങ് വിഭാഗം ഇവയില്‍ ജൂനിയര്‍ സൂപ്രണ്ടില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച 65 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, കലക്ടറേറ്റ് ബില്‍ഡിങ്ങ്, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
അംശദായം; ആശങ്ക വേണ്ട
കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി വിഹിതം പോസ്റ്റ് ഓഫീസ് വഴി അടക്കുന്നതിലുണ്ടായ സാങ്കേതിക തടസം ഉടന്‍ പരിഹരിക്കുമെന്ന് പോസ്റ്റല്‍ വകുപ്പ് ഉറപ്പ് നല്‍കിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മദ്രസ്സ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഒക്ടോബറില്‍ അടക്കേണ്ട വിഹിതം ഡിസംബറിനുള്ളില്‍ അടച്ചാല്‍ മതിയെന്നും അദ്ദേഹം അറിയിച്ചു. ഫോണ്‍: 0495 2966577.
സീറ്റ് ഒഴിവ്
പടിയൂര്‍ ഐ ടി ഐയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സീറ്റുകളില്‍ ഒഴിവുകള്‍ ഉണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഐടിഐ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9747432402.
പ്രൊജക്ട് അസിസ്റ്റന്റ്; തീയതി നീട്ടി
വളപട്ടണം പഞ്ചായത്തില്‍ താല്കാലികാടിസ്ഥാനത്തില് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നവംബര്‍ എട്ട് വരെ നീട്ടി. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്ട്രോളര്/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പാസായിരിക്കണം. പ്രായം 2021 ജനുവരി ഒന്നിന് 18 നും 30നും മധ്യേ. പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നീ വിവരങ്ങള്‍ ചേര്‍ത്തുള്ള ബയോഡാറ്റ സഹിതമുള്ള അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0497 27708106
- Log in to post comments